ADVERTISEMENT

ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ സത്യമെന്ന് നടി ഉഷ ഹസീന. മൊഴി നൽകിയിരിക്കുന്ന പെണ്‍കുട്ടികൾ പരാതി നൽകാൻ തയാറാകണമെന്നും പ്രതികരിച്ചതിന്റെ പേരിൽ തനിക്കും ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിൽ ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും ഉഷ പറഞ്ഞു..

‘പീഡനം അനുഭവിച്ച കുട്ടികളാണല്ലോ മൊഴി കൊടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതില്‍ പല കാര്യങ്ങളും നേരത്തെ അറിഞ്ഞതാണ്. റിപ്പോര്‍ട്ട് വന്നതിനുശേഷം ഉറപ്പായും ഇത് നടന്നിരിക്കുന്നു എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ചില ആളുകൾ അവരുടെ അനുഭവം നമ്മളോടും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലെ ചില ആളുകൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടില്‍ വന്നിരിക്കുന്ന പ്രതികളായിട്ടുള്ള ആളുകൾക്കെതിരെ തീർച്ചയായും സർക്കാര്‍ നടപടി എടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ തുടരും. അവരെ മാറ്റി നിർത്തണം എന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പരാതി നിയമപരമായി കൊടുക്കണമെന്നാണ് മൊഴി നൽകിയ നടിമാരോടും ഞാൻ ആവശ്യപ്പെടുന്നത്.’ ഉഷ പറഞ്ഞു. 

‘വ്യക്തിപരമായി എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, ഞാൻ പ്രതികരിച്ചിട്ടുമുണ്ട്. സിനിമയിൽ വന്ന് തിരക്കുപിടിച്ച് നിൽക്കുന്ന സമയത്താണ് ഈ അനുഭവം ഉണ്ടായത്. ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ തന്നെ, അയാൾ ഭയങ്കര കുഴപ്പക്കാരനാണ് പ്രശ്നക്കാരണെന്നൊക്കെ എന്നോടു പലരും പറഞ്ഞിരുന്നു. അതൊക്കെ കേട്ട് ഭയന്നാണ് അഭിനയിക്കാൻ പോകുന്നതും, വാപ്പ എന്റെ കൂടെ ഉണ്ട് എന്നതായിരുന്നു ധൈര്യം. അവിടെ ചെന്നു കഴിഞ്ഞപ്പോൾ അയാളുടെ ചില രീതികൾ കണ്ടു തുടങ്ങി. നടിമാരോട് ഒരു പ്രത്യേക സ്വാതന്ത്ര്യമാണ്. നമുക്ക് ഇഷ്ടമുളളത് െചയ്യാനൊക്കെ സഹായിക്കും. പക്ഷേ പിന്നീട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഫോണിലൂടെയാണ് ആവശ്യപ്പെടുന്നത്. അങ്ങനെ എന്നെ വിളിച്ചപ്പോൾ ഞാന്‍ എന്റെ വാപ്പയെക്കൊണ്ടാണ് റൂമിലേക്കു ചെന്നത്. പിന്നീട് സെറ്റില്‍ വരുമ്പോൾ അദ്ദേഹം മോശമായി പെരുമാറാൻ തുടങ്ങി. നന്നായി അഭിനയിച്ചാലും മോശമാണെന്നു പറയും, പരിഹസിക്കും. സഹികെട്ട് ചെരിപ്പൂരിയടിക്കാൻപോയി. അക്കാലത്ത് ഇത് വാർത്തയായി വന്നതാണ്. ആ സംവിധായകന്‍ മരിച്ചുപോയി.’ ഉഷ പറയുന്നു. 

‘സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അവസരത്തിനുവേണ്ടി കിടന്നുകൊടുക്കാൻ സമ്മതിക്കാത്തതു മാത്രമല്ല അല്ലാതെ തന്നെ പല രീതിയിൽ പ്രതികരിച്ചതിന്റെ പേരില്‍  വിലക്കു വന്നിട്ടുണ്ട്. അതൊക്കെ ഇത്തരം പവർ ഗ്രൂപ്പിന്റെ തീരുമാനമാകാം. കുറേ അനുഭവിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ ചേർന്ന് മുൻകൂട്ടി തീരുമാനിച്ചാകും ഇതു ചെയ്യുന്നതെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാകാം കുറേക്കാലം സിനിമ ഇല്ലാതെ പോയത്. ഇനി പരാതി പറഞ്ഞിട്ടെന്തുകാര്യം. ഇനി അത് പറഞ്ഞിട്ടു കാര്യവുമില്ല. 

സിനിമയിൽ നിന്നും ഞാൻ വിട്ടുനിന്നതല്ല, ആരും വിളിക്കാതിരുന്നതാണ്. ഞാൻ പ്രതികരിച്ചതിന്റെ പേരിൽ മാറ്റി നിർത്തിയതാണ്. അതൊന്നും അവർക്ക് ഇഷ്ടമല്ല. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. നമ്മൾ പ്രതികരിക്കുന്നത് അവര്‍ക്കിഷ്ടമല്ല. നടന്മാരൊന്നും നമ്മളോട് മോശമായി പെരുമാറിയിട്ടില്ല. ഞാൻ പ്രതികരിക്കുന്ന ആളായതുകൊണ്ടാകാം. പക്ഷേ എന്റെ സഹപ്രവർത്തകർ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. അവരോട് ആളുകൾ മോശമായി പെരുമാറിയിട്ടുണ്ട്.

ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടും. ഒരു സുഹൃത്താണ് ഇക്കാര്യം എന്നോടു പറഞ്ഞത്. ഇനിയുള്ള തലമുറയെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യട്ടെ. ഈ റിപ്പോര്‍ട്ടിലെ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഒരാളെയും വെറുതെ വിടരുത്.

പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. അങ്ങനെ വരുന്നവർ എവിടെ പരാതി പറയാനാണ്. ഇന്നല്ലേ സോഷ്യൽ മീഡിയ ഒക്കെ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയത്.’ ഉഷ കൂട്ടിച്ചേർത്തു.

English Summary:

Lost Opportunities for Speaking Out": Usha Haseena Backs Hema Committee Report, Alleges Blacklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com