ADVERTISEMENT

യൂട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന തറവേലകളിൽ ഒന്നാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ആലപ്പി അഷ്റഫിന്റെ ആരോപണമെന്ന് സംവിധായകൻ എം. പത്മകുമാർ. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ അഷ്റഫിന്  സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നുവെന്നതും ഇതിനു കാരണമാണെന്ന് പത്മകുമാർ പറയുന്നു. ‘ആറാം തമ്പുരാന്റെ’ സെറ്റിൽ വച്ച് നടൻ ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മർദിച്ചുവെന്ന ആലപ്പി അഷ്റഫിന്റെ ആരോപണത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു സംവിധായകൻ.

‘‘ഞാൻ എം. പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരുപാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. ഡോ. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (ഐ.വി. ശശി) ഷാജിയേട്ടനും (ഷാജി കൈലാസ്) രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു  ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.

രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ, നമുക്ക് കാത്തിരിക്കാം… പക്ഷേ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷ്റഫിൽ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത്  അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. 

ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂണിറ്റ് മൊത്തം അതു കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു, ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ആലപ്പി അഷ്റഫിന്റെ സാക്ഷിമൊഴി. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷ്റഫിന്  സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു.

അഷ്റഫ് കുറച്ചു സമയം ഉണ്ടായിരുന്ന ‘ആറാം തമ്പുരാൻ’ എന്ന സിനിമയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന അസ്സോ. ഡയറക്ടറായിരുന്നു, ഞാൻ. അഷ്റഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് സബ്സ്ക്രിപ്ഷൻ കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. 

ഷൂട്ടിങില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി അഷ്റഫ് അവതരിപ്പിക്കുന്നത്… അതും 28 വർഷങ്ങൾക്കു ശേഷം. അന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ലാലേട്ടനും നിർമാതാവ് സുരേഷ്കുമാറും സംവിധായകൻ ഷാജി കൈലാസും ഉൾപ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് അഷ്റഫ് പോലും.

അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷേ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്. ചാനലിന്റെ റേറ്റിങ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു.’’

English Summary:

Director M. Padmakumar has stated that Alappi Ashraf's allegation against director Ranjith is one of the many ploys employed by some film personalities to increase their YouTube subscriptions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com