ADVERTISEMENT

ചലച്ചിത്ര അഭിനേതാവും നിർമാതാവും എഴുത്തുകാരനും സംവിധായകനുമായിരുന്ന ഫോർട്ട് കൊച്ചി സ്വദേശിയായ തോമസ് ബെർലി കുരിശിങ്കൽ (92 ) എന്ന ഞങ്ങളുടെ കുട്ടൻ ചേട്ടൻ ഇന്നലെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ച്  അന്തരിച്ചു. തൊണ്ണൂറ്  കാലഘട്ടങ്ങളിലാണ് വിദേശ മത്സ്യ വിപണന രംഗത്തെ മുടിചൂടാ മന്നന്മാരായിരുന്ന ആലപ്പുഴക്കാരൻ ലയൺസ് ടോമി സാറും, കോട്ടയം ബാബു സാറും ചേർന്നാണ് A to Z ഫുഡ്സ് കമ്പനിയുടെ എല്ലാമായിരുന്ന പ്രതിഭാശാലിയായിരുന്ന ഉന്നത കലാകാരനായിരുന്ന കച്ചവടക്കാരനായിരുന്ന കുട്ടൻ ചേട്ടനെ, അൽസ മറൈൻ കമ്പനിയിൽ എക്സ്പോർട്സ് മാനേജരായിരുന്ന എനിക്ക് പരിചയപ്പെടുത്തി തന്നത്. വിദേശമത്സ്യ വിപണരംഗത്തും സിനിമാനിർമാണ രംഗത്തും നിറഞ്ഞുനിന്നിരുന്ന കുട്ടൻ ചേട്ടൻ, യൂറോപ്പിലെ വാസം നിർത്തി നാട്ടിൽ തിരികെയെത്തിയ എന്നെ കാണുമ്പോഴെല്ലാം കയ്യിൽ പിടിച്ച് കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന കരുണാകരൻ സാറിനെപോലെ  കണ്ണുറുക്കി  'ജോളികുട്ടാ' എന്ന് വിളിച്ചിരുന്നു, സിനിമയിൽ അഭിനയിക്കാൻ താല്പര്യപ്പെടുകയും ചെയ്തിരുന്നു.

1953-ൽ പുറത്തിറങ്ങിയ 'തിരമാല' എന്ന സിനിമയിലാണ് കുട്ടൻ ചേട്ടൻ ആദ്യമായി അഭിനയിച്ചത്, അതും നായകനായി വില്ലനായി സാക്ഷാൽ സത്യൻ സാറും.  വിമൽകുമാർ, പി.ആർ.എസ്. പിള്ള എന്നിവർ സംവിധാനം ചെയ്ത, പി. ഭാസ്കരൻ, അടൂർ ഭാസി, കുമാരി തങ്കം, കുമാരി കല്ല്യാണി, മിസ് ചാന്ദ്നി, വത്സല മേനോൻ എന്നിവർ കൂടി അഭിനയിച്ച ഈ സിനിമയിലാണ് രാമു കാര്യാട്ട് സഹ സംവിധായകനായും എം.എസ്. ബാബുരാജ്  സംഗീത സംവിധാന സഹായിയായും അരങ്ങേറ്റം കുറിച്ചത്.

തിരമാല പുറത്തിറങ്ങി രണ്ടാം വർഷം ഇദ്ദേഹം ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് യാത്രയായി. 15 വർഷക്കാലം അവിടെ പഠനത്തിനായും കച്ചവടത്തിനായും ചിലവഴിച്ചു. അക്കാലത്ത് ഹോളിവുഡിൽ 'മായാ'  എന്നൊരു ചിത്രം കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. ജോൺ സ്റ്റർജസ് സംവിധാനം ചെയ്ത് ഫ്രാങ്ക് സിനാത്ര, ജിന ലോലോബ്രിജിഡ, പീറ്റർ ലോഫോർഡ്, സ്റ്റീവ് മക്വീൻ, റിച്ചാർഡ് ജോൺസൺ, പോൾ ഹെൻറീഡ്, ബ്രയാൻ ഡോൺലെവി, ഡീൻ ജോൺസ്, ചാൾസ് ബ്രോൺസൺ, ഫിലിപ്പ് ആൻ, ഫിലിപ്പ് ആൻ എന്നിവർ അഭിനയിച്ച 'നെവർ സോ ഫ്യൂ' (1959 ) എന്ന ഹോളിവുഡ്  സിനിമാസ്‌കോപ്പ് മെട്രോകളർ യുദ്ധ ചലച്ചിത്രത്തിൽ കുട്ടൻ ചേട്ടൻ  അഭിനയിച്ചിട്ടുണ്ട്.

ചിത്രരചനയിലും പ്രവേശിച്ച കുട്ടൻ ചേട്ടൻ രചിച്ച 'ഗാലിയൻ' എന്ന ചിത്രം രാജ്യാന്തര ചിത്രരചനാപ്രദർശനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ ശേഷമാണ്, ഷീല  അടൂർ ഭാസി, കെ.പി. ഉമ്മർ, കെപിഎസി ലളിത, സരോജം ,സുപ്രിയ എന്നിവർ അഭിനയിച്ച  'ഇതു മനുഷ്യനോ'  (1973) എന്ന ചിത്രം സംവിധാനം ചെയ്തത്. ശ്രീകുമാരൻ  തമ്പി സർ രചിച്ച, അർജുനൻ സർ സംഗീതം നൽകിയ, യേശുദാസ് , ബി വസന്ത എന്നിവർ പാടിയ മലയാളത്തിലെ ഏറ്റവും പ്രസിദ്ധ ഗാനങ്ങളിലൊന്നായ 'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു' എന്ന ഗാനം ഈ ചലച്ചിത്രത്തിലേതാണ്. 

1985-ൽ പ്രേംനസീർ സീമ രതീഷ്  സുകുമാരി ജഗതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പുറത്തിറങ്ങിയ 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, നിർമാണം, സംവിധാനം എന്നിവയെല്ലാം കുട്ടൻ ചേട്ടൻ  കൈകാര്യം ചെയ്തിരുന്നു. മലയാളത്തിലെ ബാലചന്ദ്രമേനോൻ, തമിഴിലെ ഭാഗ്യരാജ്, ടി.  രാജേന്ദ്രൻ എന്നിവർ  കുട്ടൻ ചേട്ടന്റെ കാല്പാടുകൾ പിന്തുടർന്നിരിക്കണം.

സിനിമയുടെ പിന്നാലെ  സാഹിത്യമേഖലയിലാണ് കുട്ടൻ ചേട്ടൻ  പ്രവേശിച്ചത്. ഇംഗ്ലിഷ് കവിത 'ബിയോൻഡ് ഹാർട്ട് ' എന്ന പേരിൽ പുറത്തിറക്കി. തന്റെ പിതാവിന്റെ സ്മരണക്കായി 'ഫ്രാഗ്രന്റ് പെറ്റൽസ് ' എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. 'ഓ കേരള'  എന്ന പേരിൽ ഒരു കാർട്ടൂൺ ബുക്കും ഇദ്ദേഹം പുറത്തിറക്കി. മജീഷ്യൻ, വയലിൻ, മാന്റലിൻ വാദനം തുടങ്ങിയ മേഖലകളിലും കുട്ടൻ ചേട്ടൻ പ്രഗൽഭനായിരുന്നു. ഞാൻ നിർമിച്ചിരുന്ന സിനിമകളുടെവിശേഷങ്ങൾ  കേൾക്കാൻ അദ്ദേഹത്തിന് വളരെ താല്പര്യമായിരുന്നു. ന്യൂയോർക്കിലുള്ള  റോയ്ച്ചായന്റെയും  ( റോയ് മാത്യു ) കുട്ടൻ ചേട്ടന്റെയും ടോമി സാറിന്റെയും  വീരശൂര സാഹസിക കഥകൾ ചേർത്തൊരു  അമേരിക്കൻ പ്രണയകഥകൾ  രൂപപ്പെടുത്തി സിനിമയാക്കാൻ വർഷങ്ങൾക്ക് മുൻപ് താല്പര്യപെട്ട എനിക്ക്  അദ്ദേഹം അനുഗ്രഹാശ്ശിസുകൾ തന്നിരുന്നുവെങ്കിലും ലയൺസ് ടോമിസാറിന്റെ മരണത്തോടെ എല്ലാം അവസാനിച്ചിരുന്നു.അതുല്യ കലാകാരനായിരുന്ന  കഥാവശേഷനായ കുട്ടൻ ചേട്ടനെന്ന  മനുഷ്യ സ്നേഹിക്ക് വിട.

English Summary:

Joly Joseph Remembering Thomas Berly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com