ADVERTISEMENT

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. 

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

2012ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ചലച്ചിത്രവ്യവസായത്തിന്റെ അവിഭാജ്യ സാന്നിധ്യമാണ് ദുൽഖർ. തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അർപ്പണബോധത്തിനും പ്രശംസ നേടിയ ദുൽഖർ, ബാംഗ്ലൂർ ഡേയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഓകെ കൺമണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാരാമം, ലക്കിഭാസ്കർ തുടങ്ങിയ സമീപകാല വൻ വിജയങ്ങളിലൂടെയും സിനിമാ വ്യവസായത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വിജയങ്ങളും കരിയറിൽ നേടിയ വലിയ വളർച്ചയുമെല്ലാം കഥപറച്ചിലിനോടുള്ള ദുൽഖർ സൽമാന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.

അതിശയിപ്പിക്കുന്ന രൂപകൽപ്പനയും പ്രചോദനാത്മകമായ ഇമേജറിയും കഥാപാത്രങ്ങളും പ്രമേയങ്ങളും ഉപയോഗിച്ച് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സജ്ജീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്തും.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം വൈകാരികവും മനോഹരവുമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. 

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ-  ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

English Summary:

Dulquer Salmaan to Continue Blockbuster Success; Selvamani Selvaraj movie 'Kaantha' first look out

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com