ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജ എന്ന സുഹൃത്ത്: കൃഷ്ണകുമാർ

Mail This Article
നടൻ അപ്പ ഹാജയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി നടൻ കൃഷ്ണകുമാർ. 35 വർഷങ്ങളായുള്ള സ്നേഹബന്ധമാണ് ഹാജയുമായെന്നും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്തെന്നും കൃഷ്ണകുമാർ പറയുന്നു.
‘‘ഹാജയും ഞാനും... കുറേ നാളുകൾക്കു ശേഷം ഇന്നലെ കാറിൽ ഒരു കറക്കം, കുറേ സംസാരം, ഒരുമിച്ചിരുന്നു ഭക്ഷണം.. 35 വർഷങ്ങളായുള്ള ബന്ധം, സ്നേഹം, വിശ്വാസം... ചില ബന്ധങ്ങൾ അങ്ങനെയാണ്.. നമ്മൾ ഇത്ര വർഷം കൂട്ടുകാരായി ഇരിക്കും എന്നു പറഞ്ഞു തുടങ്ങുന്നതല്ല... അതങ്ങു സംഭവിക്കുന്നതാണ്. രണ്ടുകൂട്ടരും ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കണ്ടു. സന്തോഷവും ദുഃഖവും കണ്ടു.. അപ്പോഴെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചും ആവോളം ധൈര്യം കൊടുത്തും തോളോട് തോൾ ചേർന്നു നിന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്ത് എന്നു എനിക്ക് തോന്നാറുണ്ട്.. എന്റെ കുടുംബത്തിലെ മറ്റു അഞ്ചു പേർക്കും ഇതേ തോന്നലാണ്. എന്നേകുറിച്ച് ഹാജയും ഹാജയുടെ കുടുംബവും, അങ്ങനെ തന്നെയാണ് കരുതുന്നത്. അതും എനിക്ക് ബോധ്യമുണ്ട്.
നല്ല സൗഹൃദങ്ങൾ, അതും നീണ്ടകാലമായി നമ്മോടൊപ്പമുള്ള സുഹൃത്തുക്കൾ അമൂല്യ സമ്പത്താണ്. അവരുമായുള്ള ബന്ധം എന്നും സന്തോഷത്തോടെ നിലനിർത്തുക.. ഏവർക്കും നന്മകൾ നേരുന്നു.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.