‘ഫെയ്സ്ബുക് പോസ്റ്റിന് മറുപടി പറയേണ്ടതില്ല, സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ തീരുമാനം’

Mail This Article
സുരേഷ് കുമാർ പറഞ്ഞ് നിർമാതാക്കളുടെ സംഘടന ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷ്. സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചത് ഒറ്റയ്ക്കല്ല. ആരെങ്കിലും ഫെയ്സ്ബുക് പോസ്റ്റ് ഇട്ടെന്നു കരുതി മറുപടി പറയാൻ കഴിയില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിനെ പരോക്ഷമായി പരാമർശിച്ച് ബി.രാകേഷ് പറഞ്ഞു.
ബി.രാകേഷിന്റെ വാക്കുകൾ: "സുരേഷ് കുമാർ പറഞ്ഞത് ഞങ്ങളെല്ലാം കൂട്ടായി എടുത്ത തീരുമാനമാണ്. അത് മാധ്യമങ്ങളുടെ മുന്നിലാണ് സുരേഷ് കുമാർ സാർ പറഞ്ഞത്. പിന്നെ അദ്ദേഹം തനിയെ എടുത്ത തീരുമാനമാണോ എന്ന സംശയം വേണ്ട. അവിടെ ഞങ്ങളെല്ലാം ഉണ്ടായിരുന്നു, മറ്റു പല സംഘടനകളുടെയും ആളുകൾ ഉണ്ടായിരുന്നു, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി ആയ ഞാൻ, തിയറ്റർ സംഘടനയുടെ ആളായ വിജയകുമാർ, ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയ ലിസ്റ്റിൻ സ്റ്റീഫൻ, ഡയറക്ടേഴ്സ് യൂണിയൻ സെക്രട്ടറി, ഫെഫ്കയുടെ മറ്റു അംഗങ്ങൾ, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർ എല്ലാവരും മീറ്റിങ്ങിൽ ഉണ്ടായിരുന്നു.
സുരേഷ് കുമാർ സാർ മാധ്യമങ്ങളോട് പറഞ്ഞത് എല്ലാവരും കൂടി ഒറ്റക്കെട്ടായ തീരുമാനമാണ്. അതിൽ സംശയമൊന്നും ഇല്ല. ഞങ്ങൾ എല്ലാവരും കൂടി എടുക്കാത്ത തീരുമാനം സുരേഷ് കുമാർ സാർ ഞങ്ങളെ ഇരുത്തി മാധ്യമങ്ങളോട് വിളിച്ചു പറയുമോ? സുരേഷ് കുമാർ സാർ ആരാണെന്ന് ചോദിക്കുന്നവരോട് ഇതാണ് മറുപടി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഇപ്പോൾ തൽക്കാലത്തേക്കെങ്കിലും സുരേഷ് കുമാർ സാർ തന്നെയാണ്. ഞങ്ങളുടെ പ്രസിഡന്റ് ഒരു വലിയ സിനിമ എടുക്കുന്നതിന്റെ തിരക്കിൽ ഇവിടെ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അദ്ദേഹം ലീവ് ആവശ്യപ്പെട്ടു, കമ്മറ്റി അത് അംഗീകരിച്ചു.
ഞങ്ങളുടെ സംഘടനയുടെ നിയമം അനുസരിച്ച് പ്രസിഡന്റ് ലീവിലായാൽ രണ്ടു വൈസ് പ്രസിഡന്റുമാരിൽ സീനിയർ ആയ ആളായിരിക്കും പ്രസിഡന്റിന്റെ ചുമതല വഹിക്കുക. അതിപ്പോൾ ഒരു മീറ്റിങ്ങിൽ പോലും പ്രസിഡന്റ് ഇല്ലെങ്കിൽ വൈസ് പ്രസിഡന്റിനാണ് പിന്നെ ചുമതല. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിന് മുഴുവൻ അധികാരവും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാധ്യമങ്ങളെ അഡ്രസ് ചെയ്യാൻ ഇരുന്നത്. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് അദ്ദേഹം പറഞ്ഞത്. അത് അന്ന് മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
സിയാദ് കോക്കറും സുരേഷ് കുമാർ സാറും ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ട്. സംഘടനയിൽ എല്ലാവരോടും ആലോചിച്ചു മാത്രമേ സംഘടനയുടെ മറുപടി പറയാൻ കഴിയൂ. ആരെങ്കിലും ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് കരുതി മറുപടി പറയാൻ കഴിയില്ല. സുരേഷ് സർ ഒറ്റയ്ക്ക് തീരുമാനം എടുത്തതാണ് എന്ന് പറയുന്നതിന് മാത്രം ഞാനിപ്പോൾ മറുപടി പറയുന്നു. അത് അവിടെ അന്ന് വന്ന മാധ്യമപ്രവർത്തകർക്ക് എല്ലാം അറിവുള്ള കാര്യമാണ്."
സിനിമാ നിർമാതാക്കളുടെ പ്രശ്നങ്ങൾ തുറന്നു കാട്ടി സുരേഷ് കുമാർ ഉന്നയിച്ച ചില വാദങ്ങൾ വ്യപക ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. മലയാള സിനിമ പ്രതിസന്ധിയിലാണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടത് വലിയ വിമർശനത്തിന് വഴിയൊരുക്കി. അതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആന്റണി പെരുമ്പാവൂർ പരസ്യമായി പോസ്റ്റിട്ടത്. ആന്റണിയെ പിന്തുണച്ച് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയ യുവതാരങ്ങളുമെത്തി.