പതിവുപോലെ വീട്ടിൽ പൊങ്കാല ഇട്ട് ആനി; ഇത്തവണ മറ്റൊരു സന്തോഷം കൂടി

Mail This Article
ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. പതിവുപോലെ വീട്ടിൽ തന്നെയാണ് നടി ആനി പൊങ്കാല ഇടുന്നത്. മറ്റൊരു സന്തോഷം ഭർത്താവ് ഷാജി കൈലാസ് ഇത്തവണ കൂടെയുണ്ട് എന്നതാണ്.
‘‘ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിനു കാരണമാണ്. ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വര്‍ക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാൻ പറഞ്ഞു.
അതു പറ്റില്ല, അനുഗ്രഹം വേണമെങ്കിൽ നേരിട്ടു തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്നു പറഞ്ഞു. പിന്നെ പതിവുപോലെ എല്ലാവരും ഒരുമിച്ചിടുന്നു. അതിന്റെ കൂടെ കൊല്ലംതോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്.
വിവാഹം കഴിഞ്ഞ സമയത്ത് അമ്മ അമ്പലത്തിന്റെ അടുത്തുള്ള വീട്ടിൽ കൊണ്ടുപോയി അവിടെ പൊങ്കാല ഇടുമായിരുന്നു. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവിടെ പോയി ഇടുന്നത്. പിന്നീട് ആരോഗ്യം മോശമായതോടെ ഞാൻ തന്നെ പോകാൻ തുടങ്ങി. അമ്മയ്ക്ക് വരാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. അതു മനസ്സിലാക്കി പിന്നീട് ഞാൻ വീട്ടിൽ തന്നെ ഇടാൻ തുടങ്ങി.’’–ആനിയുടെ വാക്കുകൾ.
‘‘വർഷങ്ങളായി അമ്മ പൊങ്കാല ഇടുന്നുണ്ടായിരുന്നു. പിന്നീട് അത് ചിത്ര(ആനി)യിലോട്ട് കൈമാറി. അതിങ്ങനെ സന്തോഷമായി പോകുന്നു. ഇപ്പോൾ ജോജുവിന്റെ ഒരു സിനിമയുടെ തിരക്കഥ പ്രവർത്തനങ്ങൾ നടക്കുന്നു. എ.കെ. സാജനാണ് തിരക്കഥ എഴുതുന്നത്.’’–ഷാജി കൈലാസിന്റെ വാക്കുകൾ.