മരണത്തെ മുഖാമുഖം കണ്ടു, രക്ഷപെട്ടെന്നു വിശ്വസിക്കാനാകുന്നില്ല: ഭൂകമ്പം നേരിൽ കണ്ട ഞെട്ടലിൽ നടി പാർവതി ആർ കൃഷ്ണ

Mail This Article
തായ്‌ലൻഡിലും മ്യാൻമറിലുമുണ്ടായ ഭൂചലനം നേരിൽ കണ്ടറിഞ്ഞ ഞെട്ടലിൽ നടി പാർവതി ആർ കൃഷ്ണ. ഭൂകമ്പം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നെന്നും മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താൻ സുരക്ഷിതയാണെന്നും പാർവതി പറയുന്നു.
‘ഇതെഴുതുമ്പോഴും ഞാൻ വിറയ്ക്കുകയാണ്. പക്ഷെ ഇന്നും ജീവിച്ചിരിക്കാൻ സാധിച്ചതിൽ ഞാൻ ജീവിതത്തോട് നന്ദി പറയുന്നു. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭീകരമായ ഭൂകമ്പത്തിന് ഞാൻ സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാത്തിനെയും പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ നേരിൽ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു.’ പാർവതി പറഞ്ഞു.
‘ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങൾ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്. ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം തിരികെയുള്ള ഫ്ലൈറ്റ് ബുക്കിങ്ങിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും’, പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു.
സംഭവത്തിന്റെ ഭീകരത വെളിവാക്കുന്ന വിഡിയോയും പാർവതി പങ്കു വച്ചു. ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ നിന്നും ചില മലയാളികളുടെ സഹായത്തോടെ പാർവതിയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് താരം വിമാനമിറങ്ങിയ ശേഷമാണ് സംഭവത്തിന്റെ ഗാരവം പലരും മനസ്സിലാക്കിയത്.