ഇനി ഏഷ്യൻ ബഗാൻ; ഐഎസ്എൽ ഷീൽഡും കപ്പും നേടി മോഹൻ ബഗാൻ, ഇനി ലക്ഷ്യം ഏഷ്യൻ കിരീടം

Mail This Article
ഞാൻ അർജന്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിച്ചിട്ടുണ്ട്. ലോകപ്രശസ്തമായ ചില ക്ലബ്ബുകൾക്കെതിരെയും മത്സരത്തിനിറങ്ങിയിട്ടുണ്ട്. പക്ഷേ, ആരാധകരുടെ ആവേശത്തിന്റെ കാര്യത്തിൽ ഇവർക്കെല്ലാം മുന്നിലാണ് മോഹൻ ബഗാൻ!’’ കഴിഞ്ഞ ദിവസം ഐഎസ്എൽ ഫൈനലിൽ ബെംഗളൂരു എഫ്സിക്കെതിരെ ബഗാന്റെ വിജയഗോൾ നേടിയ ഓസ്ട്രേലിയൻ ഫുട്ബോളർ ജാമി മക്‌ലാരൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതാണിത്.
ഓസ്ട്രേലിയൻ എ ലീഗ് ഫുട്ബോളിൽ 5 തവണ ഗോൾഡൻ ബൂട്ട് ജേതാവായിട്ടുണ്ട് മുപ്പത്തിയൊന്നുകാരൻ മക്‌ലാരൻ. ഐഎസ്എൽ ഫുട്ബോളിൽ വിന്നേഴ്സ് ഷീൽഡും ലീഗ് കപ്പും നേടി ചരിത്രം കുറിച്ച മോഹൻ ബഗാനു മുന്നിൽ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം മക്‌ലാരന്റെ വാക്കുകളിലുണ്ട്.
∙ ഇനി ലക്ഷ്യം ഏഷ്യ
ഐഎസ്എൽ കപ്പ് വിജയത്തോടെ എഎഫ്സി ചാംപ്യൻസ് ലീഗ്–2 ടൂർണമെന്റിനു ബഗാൻ യോഗ്യത നേടിക്കഴിഞ്ഞു. ഏഷ്യൻ റാങ്കിങ്ങിൽ പിൻനിരയിലുള്ള ടീമുകളുടെ ചാംപ്യൻഷിപ്പാണിത്. ഇന്ത്യയിൽ ചരിത്രവിജയങ്ങളെല്ലാം നേടിക്കഴിഞ്ഞതോടെ ഇനി മുന്നിലുള്ള ലക്ഷ്യം ഒരു ഏഷ്യൻ ട്രോഫിയാണെന്ന് മോഹൻ ബഗാൻ ടീം ഉടമ സഞ്ജീവ് ഗോയങ്ക കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
അത്രയെളുപ്പമല്ല അതെന്നും ബിസിനസുകാരനായ അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു ഇന്ത്യൻ ടീമും ഏഷ്യൻ കിരീടം നേടിയിട്ടില്ല.
∙ വൻതാരനിര
കരുത്തുറ്റ ആഭ്യന്തര–വിദേശ താരനിരയാണ് ഇത്തവണ മോഹൻ ബഗാനെ ഇരട്ടക്കിരീടത്തിലേക്കു നയിച്ചത്. മൻവീർ സിങ്, അപൂയ റാൽട്ടെ, സുഭാശിഷ് ബോസ്, സഹൽ അബ്ദുൽ സമദ്, വിശാൽ കെയ്ത്ത്, അനിരുദ്ധ് ഥാപ്പ, ലിസ്റ്റൻ കൊളാസോ തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങളുടെ മികവ് ഒരു വശത്ത്.
വിദേശ താരങ്ങളായ ജാമി മക്‌ലാരൻ, ദിമിത്രി പെട്രറ്റോസ്, ജയ്സൻ കമ്മിങ്സ് (മൂവരും ഓസ്ട്രേലിയ), ഗ്രെഗ് സ്റ്റുവർട്ട് (സ്കോട്‌ലൻഡ്), ആൽബർട്ടോ റോഡ്രിഗസ് (സ്പെയിൻ), തുടങ്ങിയവരുടെ രാജ്യാന്തര മത്സരപരിചയം നിർണായകമായി. ഇതിൽ 3 വിദേശ താരങ്ങൾ ലോകകപ്പ് വരെ കളിച്ചവർ.
∙ ആരാധകരാണ് എല്ലാം
ബഗാന്റെ ആരാധകരുടെ എണ്ണത്തിലും പിന്തുണയിലും അതിശയിപ്പിക്കുന്ന ചില യഥാർഥ്യങ്ങളുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 23ന് കൊൽക്കത്തയിൽ മോഹൻ ബഗാൻ – ഒഡീഷ എഫ്സി മത്സരം. ഇതേദിവസം തന്നെ ദുബായിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും.
ബഗാന്റെ കളിക്ക് ആളുണ്ടാകുമോ എന്ന സംഘാടകരുടെ സംശയത്തെ ആരാധകർ തന്നെ വെട്ടി. ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നു. എക്സ്ട്രാ ടൈമിൽ ജേതാക്കളായി ബഗാൻ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ആ മത്സരം കാണാൻ സോൾട്ട്‌ലേക്കിൽ എത്തിയത് 57,000 കാണികളായിരുന്നു!