ഇനിയുണ്ടോ തകർക്കാൻ റെക്കോർഡുകൾ; വിമർശനങ്ങളെ കാറ്റിൽ പറത്തി ‘എമ്പുരാൻ’ 200 കോടി ക്ലബ്ബിൽ

Mail This Article
വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കുമിടെ ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് ‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ. മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. 2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. വിക്കി കൗശൽ ചിത്രം ‘ഛാവ’യെ പിന്തുള്ളിയാണ് ‘എമ്പുരാൻ’ മുന്നിലെത്തിയത്. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്.
ആഗോള കലക്‌ഷനിൽ ഡിസ്നിയുടെ സ്നോ വൈറ്റ്, ജേസൺ സ്റ്റാഥത്തിന്റെ വർക്കിങ് മാൻ എന്നീ സിനിമകൾക്കു തൊട്ടു പിന്നിലാണ് എമ്പുരാൻ. റീസെൻസറിങ് വിവാദം വന്നതോടെ കേരളത്തിലും സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ്. അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു.
റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടി.
രണ്ടാം ദിവസം: 8.45 കോടി
മൂന്നാം ദിവസം: 9.02 കോടി
നാലാം ദിനം: 11 കോടി
അഞ്ചാം ദിനം ചിത്രം കേരളത്തിൽ നിന്നു മാത്രം 50 കോടി വാരിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ആടുജീവിതം, ആവേശം എന്നീ സിനിമകളെ പിന്തള്ളി മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ ലഭിക്കുന്ന സിനിമയുടെ പട്ടികളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ.
ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്ന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിവാദം പുകയുമ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ കയറിയത്. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.