'നിങ്ങൾ വാളോങ്ങുന്നത് രാജാവിനെതിരെ, ഒരു ജനതയുണ്ട് പുറകിൽ'; അപ്പാനി ശരത് പറയുന്നു

Mail This Article
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ അഭിപ്രായം പറഞ്ഞ് നടൻ അപ്പാനി ശരത്. നിങ്ങൾ ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവാണ് ഈ വിമർശങ്ങൾ എന്നാണ് ശരത് പറയുന്നത്. മോഹൻലാലിനെ വിമർശിക്കുന്നവർ അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിലുള്ള സ്നേഹം അറിയാത്തതുകൊണ്ടാണെന്നു ശരത് കൂട്ടിച്ചേർത്തു.
ശരത്തിന്റെ വാക്കുകൾ; 'തലയിൽ പൂടയുണ്ടോ എന്ന് സംശയം ഉള്ളവനാണ് “കള്ളാ” എന്ന വിളി കേൾക്കുമ്പോ കൊള്ളുന്നത്. ഞാൻ ആവർത്തിക്കുന്നു, കൊള്ളുന്നത് എന്നാണ് ഞാൻ പറഞ്ഞത് “നിങ്ങൾ കൊല്ലുന്നത്” എന്നല്ല.
ഒരു മുള്ള് കൊണ്ടാൽ റോസാ ചെടി മുഴുവൻ അരിഞ്ഞു കളയണം എന്ന് വാദിക്കാം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലും കോടതിയിലും ഭരണഘടനയിലും ഞങ്ങൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തതെന്നും വാദിക്കാം.
പക്ഷെ നിങ്ങൾ ചെയ്തതെല്ലാം ചരിത്ര വസ്തുതകളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
‘ബാലിയുടെ കഥ പറയുമ്പോൾ രാമൻ ജനിച്ചത് മുതൽ വിവരിക്കാത്തത് എന്തേ.?’ എന്ന് നിങ്ങൾ പറയുന്നത് ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവായിട്ട് മാത്രേ എനിക്ക് തോന്നുന്നുള്ളു. കക്ഷി രാഷ്ട്രീയമന്യേ എല്ലാർക്കും അമ്പ് കൊണ്ട ഒരു കലാസൃഷ്ടിയിൽ നിങ്ങൾക്ക് മാത്രം നൊന്തു എങ്കിൽ നിങ്ങൾ തെറ്റ് ചെയ്തു എന്ന് തന്നെയാണ് അർത്ഥം. മായ്ച്ചു കളയാൻ ഉദ്ദേശിക്കുന്ന ഒരു ചരിത്രം പുതിയ തലമുറയിലേക്ക് എത്തരുത് എന്ന് തന്നെയാണ് ഉദ്ദേശം..
വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും ഇല്ല തന്നെ.
ഒരു കാര്യം മാത്രം നിങ്ങൾ ഓർക്കുക നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്.
46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെ,
അഭിനയത്തിന്റെ ചെങ്കോൽ ഏന്തുന്ന സാമ്രാട്ടിനെതിരെ,
മലയാളികൾ സ്നേഹം കൊണ്ട് കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ,
കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ., നിങ്ങൾ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവും. കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്നേഹം കൊണ്ടാണ്.'