സൗദി മാറി; ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന് സംശയം: ടൊവിനോ

Mail This Article
ബേസിൽ ജോസഫ് നായകനായ ‘മരണമാസ്സ്’ എന്ന സിനിമയുടെ സൗദിയിലെ പ്രദര്‍ശനവിലക്കിലും കുവൈത്തിലെ സെന്‍സറിങ്ങിലും പ്രതികരണവുമായി നിര്‍മാതാവ് ടൊവിനോ തോമസ്. ചില രാജ്യങ്ങളിൽ അവരുടേതായ നിയമങ്ങൾ ഉണ്ടാകുമെന്നും അതിനെ നമുക്ക് മാറ്റാൻ കഴിയില്ലെന്നും ടൊവിനോ പറയുന്നു. ചില ഷോട്ടുകൾ വെട്ടി കളഞ്ഞപ്പോൾ കുവൈറ്റിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചെന്നും എന്നാൽ സൗദിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും താരം വെളിപ്പെടുത്തി. കുറച്ചു വർഷങ്ങൾ കൊണ്ട് സൗദിയിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ നമ്മുടെ നാട്ടിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ പുരോഗതിയാണോ അധോഗതിയാണോ വന്നതെന്ന് സംശയമുണ്ടെന്നും ടൊവിനോ തോമസ് പറയുകയുണ്ടായി. ‘‘മരണമാസ്സി’’ന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘‘നമ്മുടെ സിനിമ സൗദിയിലും കുവൈത്തിലും പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ടു. കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ ഒഴിവാക്കിയപ്പോൾ പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്. കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല. ഓരോ രാജ്യങ്ങളുടെ നിയമങ്ങൾക്കനുസരിച്ചേ അവിടെ അനുമതികൾ ലഭിക്കുകയുള്ളൂ. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം.
മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്ക്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പക്ഷെ അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഇതൊക്കെ ഓരോ രാജ്യങ്ങളുടെ നിയമമാണ്. അടുത്ത ആഴ്ചയൊക്കെ ആകുമ്പോഴേക്കും ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് റിലീസ് ചെയ്യാൻ പ്ലാനുണ്ട്.
സൗദിയപ്പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്, അതിന്റേതായ സമയം അവർക്ക് കൊടുക്കൂ. 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ നമ്മൾ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.’’–ടൊവിനോ തോമസിന്റെ വാക്കുകൾ.