ADVERTISEMENT

‘ജീവിതമെന്നു പറയുന്നത് ഒരു ഓട്ടമത്സരമാണ്. ജയവും തോൽവിയും ഒന്നുമല്ല ഓടുന്നതിലാണ് കാര്യം’. ഓട്ടം എന്ന കൊച്ചു ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ടാഗ് ലൈൻ ഇതായിരിക്കും. ലാല്‍ ജോസിന്റെ ‘നായിക നായകന്‍’ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, പ്രണയത്തിന്റെയും നർമത്തിന്റെയും ജീവിക്കാനുള്ള ഓട്ടത്തിന്റെയും വിവിധ രംഗങ്ങളെ ആവിഷ്കരിക്കുന്നു.

നിർഭാഗ്യവശാൽ എന്നും പരാജയം മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. യുവാക്കൾ ഒരിക്കലെങ്കിലും കടന്നു പോയേക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കാൻ സംവിധായകന് കഴിഞ്ഞുവെന്നത് സിനിമയുടെ കഥാതന്തുവിനോട് കൂടുതൽ അടുപ്പം തോന്നാൻ കാരണമാകുന്നു. അതിശയോക്തിയോ അതിഭാവുകത്വമോ ഉൾപ്പെടുത്താതെ സാധാരണ മനുഷ്യന്റെ കഥ പറഞ്ഞുവെന്നതാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

Ottam - Malayalam Official Trailer | Nandu Anand, Alencier, Manikandan Achary | Zam | 4 Musics

സിനിമയുടെ പേര് അന്വർഥമാക്കുന്ന തരത്തിലുള്ള ജീവിത ഓട്ടത്തെ കുറിച്ചാണ് പറയുന്നതെങ്കിലും പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. യുവാക്കളുടെ പ്രണയം, നഷ്ട പ്രണയം എന്നു തുടങ്ങി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള കപട പ്രണയം പോലും സിനിമയിൽ പ്രമേയമാകുന്നു. നർമവും കവിതകളും പാട്ടുമൊക്കെ പ്രേക്ഷകന് പ്രണയ രംഗങ്ങൾക്കിടയിൽ ചിത്രം ആസ്വദിക്കാനുള്ള വക കൂടി നൽകുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ഒരുക്കുന്ന ചിത്രം, ജീവിതത്തിൽ വിജയവും പരാജയവും വേർതിരിക്കാൻ ആവാത്ത രണ്ട് അവസ്ഥകളാണ് എന്നു പറഞ്ഞു വയ്ക്കുന്നു.

പുതുമുഖങ്ങളാണ് താരം

ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.‌ വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ഒരു പുതുമുഖ സംവിധായകന് ആദ്യ ചിത്രത്തിൽ സംഭവിക്കാവുന്ന പാകപ്പിഴകളൊന്നും സാമിനു സംഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കാം. മികച്ച സംവിധായകന്റെ സ്പാർക്ക് അനുഭവിപ്പിക്കുന്നതാണ് അവസാനത്തെ രംഗങ്ങൾ. അതുവരെ പ്രണയാർദ്രമായി നീങ്ങിയിരുന്ന ചിത്രം പെട്ടെന്നാണ് ചടുല ഭാവത്തിലേക്ക് എത്തുന്നത്. ഒടുവിൽ ശുഭപര്യവസായി.

ചിത്രത്തിലെ ഹൈലൈറ്റ് പുതുമുഖങ്ങളാണ്. സംവിധായകൻ മാത്രമല്ല, നായികാനായകൻമാരും തിരക്കഥാകൃത്തും എഡിറ്ററും പുതിയ ആളുകളാണ്. രാജേഷ് കെ. നാരായണനാണ് തിരക്കഥ. അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ, തെസ്നിഖാന്‍, രജിത മധു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതുമുഖ നായകനും നായികയും അടക്കം തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. പുതുമുഖങ്ങളായ നന്ദു ആനന്ദും റോഷൻ ഉല്ലാസും തുടക്കത്തിന്റെ യാതൊരു പതർച്ചകളുമില്ലാതെ അഭിനയിച്ചു. നായികമാരും ഒട്ടും മോശമാക്കിയില്ല. ചാച്ചപ്പനായി അലൻസിയർ തകർത്തു. ലോകം ചുറ്റി നടക്കുന്ന 'കാറ്റ്' എന്ന കഥാപാത്രമായി മണികണ്ഠനും തന്റെ ഭാഗം മികച്ചതാക്കി. ഒരു പിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കുന്ന ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കും. മാസ് പ്രതീക്ഷിച്ച് ആരും പോകരുത്, പ്രണയപൂർവം ചെറുപുഞ്ചുറിയോടെ  കണ്ടിരിക്കാവുന്ന ഒരു ചിത്രം- അതാണ് ഓട്ടം.

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതാണ്. ശ്രീകുമാരന്‍ തമ്പി, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി. വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ വിഷാല്‍ വി.എസ്. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ഓട്ടം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com