ആക്‌ഷനും പ്രതികാരവും; വെറും ഗുണ്ടാ കഥയല്ല ‘ഉടുമ്പ്’; റിവ്യു

Mail This Article
കുടിപ്പകകളുടെയും പ്രതികാരത്തിന്റെയും ഗുണ്ടാ കഥകൾ നിരവധി മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് ഗതി മാറി സഞ്ചരിക്കുന്ന പ്രമേയം കൊണ്ടാണ് ഇതേ വിഷയം കൈകാര്യം ചെയ്യുന്ന ‘ഉടുമ്പ്’ എന്ന ചിത്രം വ്യത്യസ്തമാകുന്നത്. ഇന്നത്തെ കാലത്തെ ചൂട് പിടിച്ച വിഷയം തന്നെയാണ് ചിത്രത്തിന്റെ പ്രമേയത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
‘സിമിട്ട് അനി’യുടെയും അയാളുടെ നേതാവ് ഭരതന്‍റെയും ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രതികാരവും പ്രണയവും ആക്‌ഷനും നിറഞ്ഞ ആദ്യപകുതിയില്‍ നിന്ന് ഇമോഷനൽ ട്രാക്കിലെത്തുകയാണ് രണ്ടാം പകുതിയിൽ ചിത്രം. അവിടെ സിമിട്ടിനൊപ്പം അവന്റെ ഭാര്യ ഹിമയും ചേരുന്നതോടെ ചിത്രം വേറെ തലത്തിലെത്തുന്നു. ഒരു മണിക്കൂർ അൻപത് മിനിറ്റാണ്ചിത്രത്തിന്റെ ദൈർഘ്യം.

സെന്തില്‍ കൃഷ്ണയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് സിമിട്ട് അനിയെന്ന ഉടുമ്പ് അനി. തന്‍റെ അഭിനയപാടവം പൂർണമായും പുറത്തെടുക്കാനുള്ള മുഹൂർത്തങ്ങൾ സെന്തില്‍ കൃഷ്ണ നന്നായി വിനിയോഗിച്ചിരിക്കുന്നു. ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സസ്പെൻസ് നല്ല രീതിയിൽ നില നിർത്തി പോവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കണ്ണൻ താമരക്കുളത്തിന്റെ മുൻകാല ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ കഥ പറയുന്ന രീതിയും മേക്കിങും ‘ഉടുമ്പിനെ’ വ്യത്യസ്തമാക്കുന്നു.
സിനിമയില്‍ വന്നുപോകുന്ന പുതുമുഖങ്ങളും ജിതേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സജലും ഹിമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആഞ്ജലീനയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാർഥത്തിൽ നടന്നൊരു കഥയിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചടുലമായി മുന്നോട്ട് നീങ്ങുന്ന കഥയെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിങും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാനന്ദ് ജോര്‍ജ് ഗ്രേസിന്‍റെ പശ്ചാത്തല സംഗീതം സിനിമയെ എൻഗേജിങ് ആയി നിലനിര്‍ത്തുന്നു. ഗുണ്ട ക്വട്ടേഷൻ ചിത്രങ്ങളിൽ നിന്നും വേറിട്ടൊരു സിനിമാ കാണാൻ ആഗ്രഹിക്കുന്നവർക്ക് ‘ഉടുമ്പ്’ മികച്ചൊരു അനുഭവമാകും.