‘തല്ലു’പൊളിപ്പൻ, കളർഫുൾ എന്റർടെയ്നർ; തല്ലുമാല റിവ്യു
Mail This Article
‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് പൊന്നാനിക്കാരനായ മണവാളൻ വസീമിന്റെ അവസ്ഥ. എവിടെ തൊട്ടാലും തല്ല്. അടി ഇരന്നും കൊടുത്തും വാങ്ങുന്ന കൂട്ടത്തിലുള്ള നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ അഞ്ചുപേരും ചേര്‍ന്നൊപ്പിക്കുന്ന പൊല്ലാപ്പും പിന്നീടുണ്ടാകുന്ന തല്ലും ബഹളവുമൊക്കെ ചേർന്ന, ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നറാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല.
ചിലർ ഞൊടിയിടയിൽ വൈറലായി ഇന്റർനെറ്റ്–സോഷ്യൽമീഡിയ താരങ്ങളാകുന്നത് ഇന്നു പതിവ് കാഴ്ചയാണ്. അത്തരത്തിലൊരു താരമാണ് മണവാളൻ വസീമും. വസീം, മണവാളൻ വസീമായതിനു പിന്നിലും ഒരു ‘തല്ലുകഥ’യുണ്ട്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ആ പ്രണയത്തിനവസാനവും ഒരു മുട്ടൻതല്ലു തന്നെയാണ്.
ഇന്ന് ചെറുപ്പക്കാർക്കിടയിൽ ട്രെൻഡ് ആയ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ മുൻനിർത്തിയുള്ള കെട്ടുകാഴ്ചകളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഒൻപത് അധ്യായങ്ങളായാണ് കഥ പറച്ചിൽ. ഖാലിദിന്റെ ആദ്യ മൂന്നു സിനിമകളിൽനിന്നു വ്യത്യസ്തമായി നോൺ ലീനിയർ സ്റ്റോറി നരേഷനാണ് തല്ലുമാലയുടേത്. യുട്യൂബ് വ്ലോഗർമാരുടെ കണ്ടന്റ് ക്ഷാമവും മീശക്കാരുടെ റീൽസും ചർച്ചയാകുന്ന കാലത്തിനു യോജിച്ച മേക്കിങ് ശൈലിയാണ് ഖാലിദ് റഹ്മാൻ തല്ലുമാലയിൽ അവതരിപ്പിക്കുന്നത്. ടൈറ്റിലിൽ തുടങ്ങുന്ന പുതുമ ക്ലൈമാക്സ് വരെ നിലനിർത്താൻ സംവിധായകന് സാധിച്ചു.
അത്യുഗ്രൻ ആക്‌ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. പ്രത്യേകിച്ച് തിയറ്ററിനുള്ളിലുള്ള ആക്‌ഷൻ രംഗം. ശ്വാസമടക്കിപ്പിടിച്ചുവേണം അതു കാണുവാൻ. അടുത്തകാലത്ത് മലയാളത്തിൽ ഇത്രയും മികച്ച ഫൈറ്റ് സീക്വൻസ് വന്നിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. വിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം.
മണവാളൻ വസീമായി ടൊവിനോ തോമസ് നിറഞ്ഞാടുന്നു. തല്ലിനു തല്ലും ഡാൻസിനു ഡാൻസും പ്രേമത്തിനു പ്രേമവുമൊക്കെയായി ഓൾ റൗണ്ടര്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. വസീമിന്റെ കൂട്ടുകാരായി എത്തിയ അഡ്രിസ് ജോ, സ്വാതി ദാസ് പ്രഭു, ലുക്മാൻ അവറാൻ, ഓസ്റ്റിൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് നാല്പേർ. ഫൈറ്റ് രംഗങ്ങളില്‍ ലുക്മാന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. എസ്ഐ റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു. ടൊവിനോ- കല്യാണി കെമിസ്ട്രി രസകരമായി. ജോണി ആന്റണി, നീന കുറുപ്പ്, ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരും വേഷം ഭംഗിയാക്കിയിട്ടുണ്ട്.
മുഹ്‍സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും അവരുടെ പ്രിവിലേജുകളുമാണ് ചിത്രത്തിന്റെ പ്രമേയം. റീ ഫ്രഷിൽ മിന്നിമറയുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റ പേജുകളിലെ കണ്ടന്റുകളുടെ സ്വഭാവമുള്ള കഥയെ കുറച്ചുകൂടി കാമ്പുള്ളതാക്കാമായിരുന്നു എന്നുതോന്നി. രണ്ട് മണിക്കൂർ 28 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എട്ട് ഗാനങ്ങളാണ് സിനിമയിൽ ഉള്ളത്.
വിഷ്ണു വിജയ്‌യുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ അടിത്തറയെന്നു പറയാം. ഓപ്പണിങ് സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള അടി രംഗങ്ങളിൽ പ്രേക്ഷകനെ പിടിച്ചടുപ്പിക്കുന്ന ഘടകം പശ്ചാത്തലസംഗീതമാണ്. കോസ്റ്റ്യൂം ഡിസൈൻ ചെയ്ത മാഷർ ഹംസയെയും പ്രശംസിക്കാതെ വയ്യ. സിനിമയിൽ സംവിധായകനൊപ്പം തന്നെ പണിയെടുത്തിരിക്കുന്ന ആളാണ് ഛായാഗ്രാഹകനായ ജിംഷി ഖാലിദ്. ഫൈറ്റ് സ്വീക്വൻസുകളിലെ ക്യാമറ ചലനങ്ങൾ തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കും.
സിനിമയുടെ പേരിലെ തല്ല്, പലർക്കും ഈ ചിത്രീകരണത്തിനിടയിൽ നേരിട്ടു കിട്ടിയിട്ടുണ്ട്. തല്ലുകിട്ടുമ്പോളുണ്ടാകുന്ന മുഖത്തെ യഥാർഥ റിയാക്‌ഷൻ ലഭിക്കാൻ നായകനായ ടൊവിനോയ്ക്കുപോലും ഒറിജനിൽ തല്ലാണ് കിട്ടിയത്. സിനിമ തുടങ്ങി പത്താം മിനിറ്റിൽ തുടങ്ങുന്ന അടി അവസാനിക്കുന്നത് ക്ലൈമാക്സിലാണ്. പുതുമ ഇഷ്ടപ്പെടുന്നവർക്കും തട്ടുപൊളിപ്പന്‍ കളർഫുൾ എന്റർടെയ്ൻമെന്റ് സിനിമകളുടെ ആരാധകർക്കും തല്ലുമാല ഒരു വിരുന്നു തന്നെയാകും.
English Summary: Thallumaala 2021 Malayalam Movie Review by Manorama Online. Thallumaala is a drama film directed by Khalid Rahman. The film stars Tovino Thomas in lead role.