ADVERTISEMENT

ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച് സഹനടനായി പല സിനിമകളിലും പ്രത്യക്ഷപ്പെട്ട് ഒടുവിൽ മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നിലയിലേക്കു വളർന്ന നടനാണ് ജോജു ജോര്‍ജ്. തന്‍റെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന്റെ അനുഭവ സമ്പത്തുമായി പുതിയ‘പണി’യുമായി വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ജോജു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ‘പണി’ എന്ന ചിത്രം തിയറ്ററിലെത്തിയത് തനിക്ക് പണിയറിയാം എന്ന് തെളിയിച്ചുകൊണ്ട് തന്നെയാണ്. പടം തുടങ്ങി അവസാന നിമിഷം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന റിവഞ്ച് ത്രില്ലറുമായി തന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കിയിട്ടുണ്ട്.  ത്രസിപ്പിക്കുന്ന അഭിനയപ്രകടനവുമായി നായകനായ ജോജു ജോർജും വില്ലന്മാരായെത്തുന്ന സാഗർ സൂര്യയും ജുനൈസ് വി.പിയും തിയറ്ററിൽ നിറയുകയാണ്.

തൃശൂര്‍ നഗരത്തിൽ അത്യാവശ്യം പിടിപാടുള്ള ബിസിനസുകാരനാണ് മംഗലത്ത് ഗിരി. ഗിരിയുടേയും കുടുംബത്തിന്റെയും മംഗലത്ത് ഗ്രൂപ്പ് ആണ് തൃശൂർ ഭരിക്കുന്നതെന്നു പറയാം.  കേരളവർമ്മ കോളജ് മുതൽ ഗിരിയോടൊപ്പം കൂടിയ മൂന്നു കൂട്ടുകാരുണ്ട് കുരുവിള, ഡേവി, ഗിരിയുടെ കസിൻ സജി. കോളജിൽ പഠിക്കുമ്പോൾ ചങ്കിൽ കയറിക്കൂടിയ ഗൗരി എന്ന പെണ്ണിനെയാണ് ഗിരി സ്വന്തമാക്കിയത്, കുരുവിള ഗിരിയുടെ പെങ്ങളെ കെട്ടിയപ്പോൾ കൂടെ പഠിച്ച ജയ ഡേവിക്കൊപ്പം കൂടി.  കൈക്കരുത്തും ആജ്ഞാശക്തിയുമുള്ള അമ്മ മംഗലത്ത് ദേവകി കൂടി ആയപ്പോൾ ഗിരിയുടെ സൈന്യം പൂർത്തിയായി.  

തൃശൂരിലെ ഏവരും സ്നേഹ ബഹുമാനത്തോടെയും ഭയത്തോടെയും കാണുന്ന ഗിരിയുടെ സാമ്രാജ്യത്തിലേക്ക് ഒരിക്കൽ ക്ഷണിക്കപ്പെടാത്ത രണ്ട് അതിഥികൾ എത്തിച്ചേർന്നു. വർക്ക്ഷോപ്പിലെ മെക്കാനിക്കുകളായ ഡോൺ സെബാസ്റ്റ്യനും സിജുവും. തൃശൂർ നഗരത്തെ നടുക്കി പട്ടാപ്പകൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ആ കൊലപാതകത്തിന്റെ പിന്നാലെ പോയ പൊലീസുകാരും ഗിരിയുടെ ഗാങ്ങും ഒടുവിൽ എത്തിയത് ഒരേ ദിശയിലായിരുന്നു. പിന്നീട് ഗിരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ‘പണി’ തുടങ്ങുന്നത്.

ജോജു ജോർജ് എന്ന കരുത്തുറ്റ നടൻ ഒരു മികച്ച സംവിധായകനാണ് എന്നുകൂടി പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തെളിയിക്കുകയാണ്. ചിത്രത്തിന്റെ കഥയും ജോജുവിന്റെ തന്നെയാണ്.  തിരക്കഥയുടെ ബ്രില്ല്യൻസാണ് സിനിമയുടെ നട്ടെല്ല്.  ത്രില്ലർ സിനിമകൾ ചെയ്തു പരിചയിച്ച സംവിധായകർ പോലും ഒരുവേള പാളിപ്പോകാവുന്ന തിരക്കഥ ഒട്ടും മടുപ്പ് തോന്നാത്തവിധം പ്രേക്ഷകരെ സിനിമയിൽ തന്നെ തളച്ചിട്ടുകൊണ്ടാണ് പുരോഗമിക്കുന്നത്. ആദ്യന്തം ആക്‌ഷനും രക്തച്ചൊരിച്ചിലുമുള്ള ‘പണി’ പ്രേക്ഷകന് ഒരൽപം അസ്വസ്ഥതയുണർത്തുക സ്വാഭാവികമാണ്. പക്ഷേ ഒരു റിവഞ്ച് ത്രില്ലറിനപ്പുറം ഊഷ്മളമായ കുടുംബ ബന്ധങ്ങളും റൊമാന്സും സ്നേഹവും കരുതലും എല്ലാം ചിത്രത്തിൽ സമ്മേളിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞ് സിനിമയെ അതിന്റെ പൂർണതയിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ചേസിങ് സീക്വൻസുകളിൽ ക്യാമറ മികവും െടക്നിക്കൽ ബ്രില്യൻസും എടുത്തു പറയണം.

pani-trailer

ജോജു ജോർജ് എന്ന അതികായൻ തന്നെയാണ് സിനിമയെ തോളേന്തുന്നത്. സംവിധാനം എന്ന വലിയ പണിക്കൊപ്പം ക്യാമറയ്ക്ക് മുന്നിലും ജോജു അത്യന്തം മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കാസ്റ്റിങ് ആണ് ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം. മലയാള സിനിമയിൽ സ്ഥിരം കാണുന്ന മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രില്യന്റായി തന്റെ കഥാപാത്രങ്ങളെ ജോജു തിരഞ്ഞെടുത്തു.  ജന്മനാ മൂകയും ബധിരയുമായ തമിഴ് തെലുങ്ക് താരം അഭിനയയാണ് ഗിരിയുടെ ഭാര്യ ഗൗരിയായി ചിത്രത്തിലെത്തുന്നത്.  സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ആളാണെന്ന് തോന്നാത്ത വിധത്തിൽ മറ്റേതൊരു നടിയെയും പോലെ ഒരുപക്ഷേ അതിനും മുകളിലുള്ള അഭിനയശേഷിയാണ് അഭിനയ പ്രകടമാക്കിയത്. 

ചിത്രത്തിലെ രണ്ടു വില്ലൻ കഥാപാത്രങ്ങളായത് ബിഗ്‌ബോസ് താരങ്ങളായ സാഗർ സൂര്യയും ജുനൈസുമാണ്.  ഒരു ചെറുപുഞ്ചിരിയോടെ ഏതു ക്രൂരകൃത്യവും ചെയ്യുന്ന കറകളഞ്ഞ വില്ലൻ വേഷത്തിൽ സാഗറും, അവന്റെ പണികൾക്ക് കൂട്ടാളിയായ ജുനൈസും ആ വേഷങ്ങളിൽ മികവുറ്റു നിന്നു.  പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ, ബോബി കുര്യൻ എന്നിവരാണ് ഗിരിയുടെ വലംകൈയായ സുഹൃത്തുക്കൾ.  എൺപതുകളിൽ മലയാളികളെ ത്രസിപ്പിച്ച താരസുന്ദരി സീമ ജോജുവിന്റെ അമ്മ കഥാപാത്രമായി എത്തിയത് സർപ്രൈസ് ആയി.  ഗായിക അഭയ ഹിരണ്മയി, രഞ്ജിത് വേലായുധൻ, ചാന്ദ്നി ശ്രീധരൻ, ബിട്ടോ ഡേവിസ് തുടങ്ങി നിരവധി താരങ്ങൾ മികവുറ്റ പ്രകടനവുമായി പണിയിലുണ്ട്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പണി കിട്ടുന്നതും കൊടുക്കുന്നതുമായ സംഭവങ്ങളാണ് പണിയിലുള്ളത്.  താൻ കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ് ഇതെന്ന് ജോജു ജോർജ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.  മലയാളത്തിൽ സ്റ്റീരിയോട്ടിപ്പിക്കൽ ആയിക്കൊണ്ടിരിക്കുന്ന ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായ ഒരു റിവഞ്ച് ത്രില്ലർ ഒരുക്കുന്നതിനൊപ്പം രണ്ടരമണിക്കൂറോളം പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്താന്‍ ജോജു ജോർജ് എന്ന സംവിധായകനു സാധിച്ചു.  മാസ്സ് റിവഞ്ച് ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും തിയറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ചിത്രമാണ് പണി.

English Summary:

Pani Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com