ഉള്ളിൽ തൊടും ഈ വെളിച്ചം; തീർച്ചയായും കാണേണ്ട ചിത്രങ്ങളിലൊന്ന്

Mail This Article
സഹോദരങ്ങളാണവർ.ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കേണ്ടവർ. എന്നാൽ ഒരു സോഫയിൽ തന്നെ ഇരിക്കുമ്പോഴും എത്ര അകലെയാണവർ. പരസ്പരം മുഖം കൊടുക്കാൻ മടിച്ച്, രണ്ടു പേരും അവരവരുടെ ലോകങ്ങളിൽ. എന്നാൽ, അവർക്ക് സംസാരിക്കാതിരിക്കാൻ കഴിയില്ല. അമ്മയെക്കുറിച്ച്. രണ്ടു പേർക്കും പറയാനുള്ളത് രണ്ട് അനുഭവങ്ങളാണ്. എന്നാൽ, അവ ഒരേയൊരു സത്യത്തെ തൊടുമ്പോൾ വാക്കുകൾ ഹൃദയത്തിൽ നിന്നു വരുന്നു. ഹൃദയങ്ങളെ സ്പർശിക്കുന്നു. അലസമായി കണ്ടു തീർക്കാവുന്ന സിനിമയല്ല വെളിച്ചം തേടി. മനസ്സിനെ അഗാധമായി സ്പർശിക്കുന്ന അപൂർവം സിനിമകളിലൊന്നാണ്. കണ്ണു നനയാതെ, ഉള്ളിൽ കരയാതെ, വിങ്ങിപ്പൊട്ടിയല്ലാതെ പൂർത്തിയാക്കാനാവാത്ത സിനിമ. നാലു കഥാപാത്രങ്ങളും നാലു സെറ്റിങ്സും മാത്രമേ ഉള്ളെങ്കിലും, എത്ര വലിയൊരു വൈകാരിക ലോകമാണ് റിനോഷൻ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ പടുത്തുയർത്തിയിരിക്കുന്നത്. പരിചിതരായ നടീനടൻമാർ ഇല്ല. ഞെട്ടിക്കുന്ന സംഭവങ്ങളില്ല. എന്നിട്ടും ഒരു ചെറിയ ചിത്രം വലിയ വിജയം നേടുന്നു. താരപ്പകിട്ടില്ലാതെ, പ്രചാരണങ്ങളും പരസ്യങ്ങളും ഇല്ലാതെ എത്തിയ ഈ ചിത്രം ഇനി വിജയിക്കാൻ പോകുന്നത് കണ്ടവർ മറ്റുള്ളവരോടു പറഞ്ഞു മാത്രമായിരിക്കും.
നിവേദിന്റെ വീട്ടിൽ റോഷ്നി എത്തിയിരിക്കുകയാണ്. ഒരമ്മയുടെ മക്കളാണവർ. രണ്ടു വിവാഹത്തിലെയാണെന്നു മാത്രം. നിവേദ് മൊബൈലിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. റോഷ്നിയുടെ ചോദ്യങ്ങൾക്ക് അലസമായും താൽപര്യമില്ലാതെയുമാണ് മറുപടി പറയുന്നത്. അമ്മയെക്കുറിച്ചാണ് റോഷ്നി ചോദിക്കുന്നത്, പ്രത്യേകിച്ചും അവസാന ദിനങ്ങളെക്കുറിച്ച്. വികാരരഹിതനായി അയാൾ മറുപടികൾ ഒപ്പിച്ചെടുക്കുന്നു. രണ്ടു പേരുടെയും മനസ്സിലുള്ളത് രണ്ട് അമ്മമാരാണ്. റോഷ്നിക്ക് നല്ല ഓർമകളൊന്നുമില്ല. കഠിനമായ വെറുപ്പ് ഉണ്ടുതാനും. മരണം അറിഞ്ഞിട്ടുപോലും വരാതിരുന്നതാണ്. എന്നാൽ ദിവസങ്ങൾക്കു ശേഷം ഇങ്ങനെ ഒരു യാത്ര വേണ്ടിവന്നു. മദ്യപാനിയായ അമ്മ. അവരിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് അച്ഛൻ റോഷ്നിയെ മറ്റൊരു വീട്ടിലേക്കു മാറ്റിയത്. എന്നാൽ, നിവേദ് പറയുന്നത് സ്നേഹനിധിയായ സാന്നിധ്യത്തെക്കുറിച്ചാണ്. മകനെ സംരക്ഷിക്കുന്ന, കരുതുന്ന, എല്ലാ പരിഗണനയും കൊടുക്കുന്ന, ഒരിക്കൽപ്പോലും ദേഷ്യപ്പെട്ട് അടിച്ചിട്ടില്ലാത്ത, പുസ്തകങ്ങൾ വായിച്ചിരുന്ന, വിശ്വാസിയല്ലാത്ത, എന്നാൽ സ്നേഹത്തിൽ വിശ്വസിച്ചിരുന്ന അമ്മയെക്കുറിച്ച്.
സംഭാഷണങ്ങളാണു ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. വികാരതീവ്രമാണ് വാക്കുകൾ എന്നു പറയാൻ ആവില്ല. രണ്ടു പേർ തമ്മിലുള്ള സാധാരണ സംഭാഷണം മാത്രം. എന്നാൽ, അവ എവിടെയൊക്കെയോ കൊള്ളുന്നു. ആൽബത്തിലെ ചിത്രങ്ങൾ ഉണ്ടായിട്ടുപോലും ഒരു ചിത്രമായിപ്പോലും അമ്മയെ സംവിധായകൻ കാണിക്കുന്നതേയില്ല. എന്നിട്ടും മിഴിവാർന്നൊരു രൂപം പ്രേക്ഷകരുടെ മനസ്സിൽ ഉയിർക്കൊള്ളുന്നു. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.
പൂജ ശ്രീനൻ, നിധിൻ പോപ്പി, നോയില ഫ്രാൻസി, സ്മിത പിഷാരടി എന്നിവരാണ് അഭിനേതാക്കൾ. കഥാപാത്രങ്ങളോട് പൂർണമായി നീതി പുലർത്താൻ നാലു പേർക്കും കഴിഞ്ഞിട്ടുണ്ട്. നിവേദിനെ കുറിച്ചുകൂടി മിഴിവോടെ അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രത്തിന്റെ മികവ് കൂടുമായിരുന്നു. അയാളുടെ സ്വഭാവത്തിൽ കാണുന്ന നിസ്സംഗത സംവിധായകൻ മനഃപൂർവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ലാത്തതുകൊണ്ടുമാവാം.
നിവേദിന്റെ ഗേൾഫ്രണ്ട് കൂടി എത്തുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഓജോ ബോർഡ് കഥയിൽ നിർണായകമാവുന്നു. റോഷ്നിക്ക് തിരിച്ചുപോകേണ്ട ദിവസമാവുന്നു. അതിനു മുമ്പ് അമ്മയുടെ ഒരേയൊരു കൂട്ടുകാരിയെ കാണുന്നു. അവരിൽ നിന്ന് പ്രതീക്ഷിച്ചതിലുമധികം വിവരങ്ങൾ റോഷ്നിക്കു ലഭിക്കുന്നതോടെ വികാരതീവ്രമാവുകയാണ് വെളിച്ചം തേടി.
മലയാള സിനിമ ഇന്ന് വിഭാഗത്തിനു പകരം മത്സര വിഭാഗത്തിൽ തന്നെ ഇടംപിടിക്കേണ്ടതായിരുന്നു വെളിച്ചം തേടി. തിയറ്ററിൽ എത്തി കൂടുതൽ പേരിലേക്ക് ചിത്രം എത്തുമെന്നു പ്രതീക്ഷിക്കാം. ഉറപ്പായി കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണിത്. രാജ്യാന്തര ചലച്ചിത്രമേള മലയാളികൾക്കു സമ്മാനിച്ച മികച്ച സിനിമകളിലൊന്ന്.

അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകമുണ്ടായിരുന്നു.ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമിയുടെ നോർവീജിയൻ വുഡ്. അത് വായിക്കണമെന്ന് നിവേദിനോട് അമ്മ പറഞ്ഞിരുന്നു. അയാൾ അതു വായിച്ചില്ലെങ്കിലൂം റോഷ്നി ആ കടമ ഏറ്റെടുക്കുന്നു. എന്തുകൊണ്ടായിരിക്കും അമ്മയ്ക്ക് ആ നോവൽ അത്രയധികം ഇഷ്ടപ്പെട്ടത്. അത് കണ്ടെത്തേണ്ടത് പ്രേക്ഷകരാണ്. അങ്ങനെയൊരു ദൗത്യം കൂടി ചിത്രം ബാക്കിവയ്ക്കുന്നുണ്ട്. എല്ലാ നല്ല സിനിമകളെയും പോലെ വെളിച്ചം തേടി അവസാനിക്കുന്നില്ല. ആ വെളിച്ചം ഇനിയും പകരും. പടരും. എത്ര ഇരുട്ട് വന്നു മൂടിയാലും...!