‘തലയുടെ വിളയാട്ടം’; അജിത്തിനുള്ള ‘ഫാൻ ബോയ് ട്രിബ്യൂട്ട്’; ‘ഗുഡ് ബാഡ് അഗ്ലി’ റിവ്യൂ Good Bad Ugly Review

Mail This Article
അജിത്ത് ആരാധകർക്കു കൊടുക്കാവുന്ന ‘മരണ മാസ് ട്രിബ്യൂട്ട്’. രണ്ടര മണിക്കൂർ ‘തലയുടെ വിളയാട്ടവും അഴിഞ്ഞാട്ടവും’. അജിത്തിന്റെ മുന്‍കാല സിനിമകളുടെ റഫറൻസും സൂപ്പർ ഹിറ്റ് ഡയലോഗുകളും റെട്രോ ഗാനങ്ങളും മാസ് ടെംപ്ലേറ്റിൽ ചേർത്തുവച്ചൊരുക്കിയ ആദിക് രവിചന്ദ്രൻ ‘ഫാൻ ബോയ് സംഭവം’ ആണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്ത് ആരാധകരെന്നു കൂടെക്കൂടെ പറയുമ്പോൾ സിനിമാ പ്രേമികൾ നിരാശരാകേണ്ട, കമേഴ്സ്യൽ മാസ് മസാല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാം. ‘വാലിയും’ ‘അമർക്കളവും’ ‘ധീനയും’ ‘മങ്കാത്ത’യും ‘വേതാള’വുമൊക്കെ ഒരുമിച്ച് കണ്ടൊരു അനുഭവം.
മുംബൈയിലെ അധോലോക നായകനാണ് റെഡ് ഡ്രാഗൺ എന്നറിയപ്പെടുന്ന ‘എകെ’. എന്നാൽ തന്റെ കുടുംബത്തിന്റെ ഭദ്രതയ്ക്കായി ഭാര്യയ്ക്കു കൊടുത്ത ഒരു ഉറപ്പിൽ കഴിഞ്ഞ പതിനേഴ് വർഷമായി അയാള്‍ ജയിലിലാണ്. മകൻ പിറന്ന ദിവസം ജയിലിലായ എകെ, തന്റെ മകന്റെ പതിനെട്ടാം പിറന്നാളിന് ജയില്‍ മോചിതനാകും. തന്റെ പൂർവകാലം ഉപേക്ഷിച്ച് ബാക്കി ജീവിതം മകനും ഭാര്യയ്ക്കുമൊപ്പം സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്ന എകെയെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു. ഇതോടെ കഴിഞ്ഞ പതിനേഴ് വർഷം തന്റെ ഉള്ളിൽ അടങ്ങികിടക്കുന്ന ‘ഡ്രാഗണെ’ പുറത്തെടുക്കാൻ അയാൾ നിർബന്ധിതനാകുന്നു.
അൾടിമേറ്റ് സ്റ്റാർ ‘തല’യെ ഒരുപാട് നാളുകൾക്കുശേഷം ഹൈ എനര്‍ജിയോടെ സിനിമയിലുടനീളം കാണാനാകും എന്നതാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രധാന പ്രത്യേകത. പഞ്ച് ഡയലോഗിലും സ്റ്റൈലിഷ് ലുക്കിലും ആക്‌ഷനിലുമൊക്കെ അജിത്തിന്റെ അഴിഞ്ഞാട്ടം കാണാം. ‘മാർക്ക് ആന്റണി’യിലെ അതേ മൂഡ് തന്നെയാണ് ഇവിടെയും സംവിധായകനായ ആദിക് രവിചന്ദ്രൻ കൊണ്ടുവരുന്നത്. ജി.വി. പ്രകാശിന്റെ പെട പെടയ്ക്കണ ബിജിഎം കൂടി ചേരുന്നതോടെ തിരശീലയ്ക്കുപോലും തീപിടിക്കുന്ന അവസ്ഥ. ഇടവേളയിൽ വിജയ് ഫാൻസിനും ഒരു ട്രീറ്റ് വച്ചിട്ടുണ്ട്.
സംവിധായകനാകാൻ കൊതിച്ച് തമിഴിൽ രണ്ട് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത രവി കണ്ഡസ്വാമിയുടെ മകനാണ് ആദിക്. ഭർത്താവിന്റെ സിനിമയിലെ കഷ്ടപ്പാട് കണ്ട് മകനെ ഒരിക്കലും സിനിമ ആകർഷിക്കരുതെന്ന് ആഗ്രഹിച്ചു അവന്റെ അമ്മ. അങ്ങനെ വിഷ്വൽ കമ്യൂണിക്കേഷൻ സ്വപ്നം കണ്ട പയ്യന്‍ തന്റെ അമ്മയെ വേദനിപ്പിക്കാതിരിക്കാൻ എൻജിനീയറിങിനു ചേർന്നു.
പക്ഷേ എൻജിനീയറിങ് കഴിഞ്ഞ ഉടൻ നേരെ പോയത് സിനിമ പഠിക്കാൻ. ഒരേയൊരു സംവിധായകന്റെ കീഴിൽ മാത്രമാണ് ആദിക് ജോലി ചെയ്തത്. അതും മലയാള സംവിധായകനായ മേജർ രവിക്കൊപ്പം ‘കർമ യോദ്ധ’ എന്ന സിനിമയിൽ. 2015ൽ ‘തൃഷ ഇല്ലാന്ന നയന്‍താര’ എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. ആകെ ചെയ്തത് നാല് സിനിമകൾ. രണ്ടെണ്ണം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു. കരിയർ തന്നെ അവസാനിപ്പിച്ചുവെന്നു കരുതിയ വിശാലിന് ‘മാര്‍ക്ക് ആന്റണി’യിലൂടെ ആദ്യ നൂറ് കോടി സമ്മാനിച്ച ആദിക് തന്റെ രണ്ടാം വരവ് അറിയിച്ചു. ഇപ്പോഴിതാ തന്റെ ഇഷ്ടതാരമായ അജിത്തിനുവേണ്ടി ഒരു ‘2 പോയിന്റ് ഒ’ വേർഷൻ സിനിമ.
കഥയോ ലോജിക്കോ ഒന്നും നോക്കരുത്. പഴയ ബോംബ് കഥയും കഥാ പരിസരവും തന്നെ. എന്നാൽ മേക്കിങിലൂടെയാണ് ആദിക് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. സ്ക്രീൻ പ്ലേയുടെ മുകളിൽ പോകുന്ന ആവിഷ്കാരശൈലി, സീനുകളുടെ പശ്ചാത്തലത്തിൽ വിദഗ്ധമായി പ്ലേസ് ചെയ്യുന്ന റെട്രോ ക്ലാസിക് ഗാനങ്ങൾ. തിയറ്ററുകളിലെ പ്രകമ്പനം കൊള്ളിക്കാനുതകുന്ന തരത്തിലുള്ള കാമിയോ വേഷങ്ങൾ. അതിപ്പോൾ ഗ്രാഫിക്‌സിലൂടെ ആയാൽ പോലും പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കുന്ന മൂന്ന് വമ്പൻ താരങ്ങൾ അതിഥികളായി (ഗ്രാഫിക്സ്) എത്തുന്നുണ്ട്. ‘ഡപ്പാം കൂത്ത്’ മൂഡ് ആക്ടിവേറ്റ് ചെയ്തിരിക്കുന്നതുപോലെയാണ് സിനിമയുടെ കഥ പറച്ചിൽ. സിനിമയുടെ തുടക്കം തൊട്ട് അവസാനം വരെ അതേ മൂഡ്. ഹോളിവുഡ്, കൊറിയൻ തുടങ്ങി സൂപ്പർഹിറ്റ് വെബ് സീരിസുകളിൽ നിന്നുപോലും മാന്യമായി ‘ചുരണ്ടൽ’ നടത്തിയിട്ടുണ്ടെങ്കിലും കുറ്റം പറയാനാകില്ല.
അജിത്തിന് വില്ലനായി എത്തുന്നത് അർജുൻ ദാസ് ആണ്. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും അജിത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ബേബി ടൈസൺ ആയി എത്തുന്ന സുനില്‍ കോമഡി–ആക്‌ഷൻ രംഗങ്ങളിൽ കലക്കി. തൃഷയാണ് അജിത്തിന്റെ ഭാര്യയുടെ വേഷത്തിൽ. അത്യാവശ്യം സ്ക്രീൻ സ്പേസ് ഈ കഥാപാത്രത്തിനു നൽകിയിട്ടുണ്ട്. നസ്‍ലിനു വേണ്ടി വച്ച അജിത്തിന്റെ മകന്റെ േവഷത്തിൽ എത്തുന്നത് ‘എമ്പുരാനി’ലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ കാർത്തികേയ ദേവ് ആണ്.
പ്രഭു, പ്രസന്ന, പ്രിയ പ്രകാശ് വാരിയർ, ഷൈൻ ടോം ചാക്കോ, റെഡിൻ കിങ്‌സ്‌ലി, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, യോഗി ബാബു, ടിന്നു ആനന്ദ്, ജാക്കി ഷ്റോഫ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രഹണം സിനിമയുടെ ‘പവർ മൂഡ്’ നിലനിർത്തുന്നു. ആദിക്കിന്റെ മാർക്ക് ആന്റണിക്കു ക്യാമറ ചലിപ്പിച്ചതും അഭിനന്ദ് തന്നെയായിരുന്നു. മാർക്ക് ആന്റണിയിൽ കൊണ്ടുവരുന്ന പ്രത്യേക കളർ ടോൺ ഗുഡ് ബാഡ് അഗ്ലിയിലും കാണാം. അജിത്തിന്റെ ചില ക്ലോസ്പ്പ് ഷോട്ടുകളൊക്കെ അതിഗംഭീരം. കൂടാതെ എൺപതുകളിലെ താരത്തിന്റെ പഴയകാല ഗെറ്റപ്പ് കാണിക്കുന്ന ഷോട്ടുകളും അത്യുഗ്രൻ. വിജയ് വേലുക്കുട്ടിയുടെ എഡിറ്റിങും എടുത്തു പറയണം. 139 മിനിറ്റുള്ള ഒരുഘട്ടത്തിൽപോലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ല.
അജിത് കഴിഞ്ഞാൽ പടത്തിലെ നായകൻ ജി.വി. പ്രകാശാണ്. ഹൈ മൊമന്റുകൾക്ക് ഊർജം പകരുന്ന ജിവിയുടെ ബിജിഎം സിനിമയ്ക്കും കരുത്തു പകരുന്നു. റെട്രോ ഗാനങ്ങൾ മിക്സ് ചെയ്തിരിക്കുന്ന രീതിയും മനോഹരം. ഇടയ്ക്ക് എവിടെയൊക്കെയോ അനിരുദ്ധിന്റെ ‘ദേവര’ ബിജിഎം കയറിവരുന്നുണ്ട്.
അവസാനം ഇറങ്ങിയ ട്രെയിലറിലെ വൈബ് തന്നെയാണ് കഥയിലുടനീളം സിനിമയ്ക്കുള്ളത്. ‘എകെ’ മൂഡിലിരുന്നു കണ്ടാൽ സിനിമ ഇഷ്ടപ്പെടും. ‘മാർക്ക് ആന്റണി’ക്കു മുകളിൽ പോയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നേ പറയാനാകൂ. ‘മാർക്ക് ആന്റണി’യുടെ തിരക്കഥയിൽ മാത്രമല്ല കഥാപാത്രങ്ങളിൽപോലും പ്രത്യേകത കൊണ്ടുവരാൻ ആദിക്കിനു കഴിഞ്ഞിരുന്നു. ആ മികവ് ‘ഗുഡ് ബാഡ് അഗ്ലി’യിൽ കാണാൻ കഴിയില്ല. എന്നാൽ ‘മങ്കാത്ത’യ്ക്കുശേഷം അജിത്തിന്റെ അഴിഞ്ഞാട്ടം കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.