ADVERTISEMENT

കൗമാരപ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന സമ്മർദങ്ങൾ വളരെ കൃത്യമായി ചർച്ച ചെയ്യുന്ന വെബ് സീരീസാണ് ‘അഡോളസെൻസ്’.  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നാല് ഭാഗങ്ങളുള്ള ഈ സീരീസ്, ഒരു കൗമാരക്കാരൻ ഉൾപ്പെടുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രമേയമാക്കിയ സൈക്കളോജികൽ ത്രില്ലറാണ്. കൗമാരപ്രായം കുട്ടികളുടെ ജീവിതത്തിൽ ഏറെ നിർണായകമായ ഘട്ടമാണെന്നും കുട്ടികൾ കുഞ്ഞുങ്ങളിൽ നിന്ന് മുതിർന്നവരിലേക്ക് മാറുന്നതിനിടയിൽ ശാരീരികവും മാനസികവും സാമൂഹികവുമായ നിരവധി വെല്ലുവിളികൾ ആ സമയത്തു നേരിടേണ്ടി വരുമെന്നും ഈ സീരീസ് തുറന്നു കാട്ടുന്നു. കേവലം 13 വയസ്സുമാത്രം പ്രായമായ ഒരാൺകുട്ടി അതേ പ്രായത്തിലുള്ള പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുന്നു. കളിച്ചു നടക്കേണ്ട പ്രായത്തിൽ എന്തിന് ഈ കൊടുംക്രൂരകൃത്യം ചെയ്തു എന്നതാണ് ചോദ്യം. അതിനുത്തരം നല്‍കുന്ന സീരീസ്, ഇന്നു നമ്മുടെ നാട് കടന്നുപോകുന്ന സാമൂഹിക അവസ്ഥയുടെ പച്ചയായ ആവിഷ്കാരം കൂടിയാണ്. കൗമാര മാനസിക സമ്മർദങ്ങൾ ഉണ്ടാകുന്നതിനൊരു കാരണം അവരെ കേൾക്കാനും അവർക്കു വേണ്ടി സമയം ചെലവഴിക്കാനും മാതാപിതാക്കൾക്ക് കഴിയാത്തതുകൊണ്ടു കൂടിയാണെന്നു പറഞ്ഞു വയ്ക്കുന്ന ഈ ഡ്രാമ സീരീസ് ഏവരും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.  

അഡോളസെൻസിന്റെ ആദ്യ എപ്പിസോഡ് തുടങ്ങുന്നതു തന്നെ അത്യന്തം സ്തോഭകരമായ ഒരു സീനിലൂടെയാണ്. ബ്രിട്ടനിലെ ഒരു ഇടത്തരം കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം പുലർച്ചെ വീട്ടിലേക്ക് പൊലീസുകാർ  ഇടിച്ചു കയറുകയാണ്. സഹപാഠിയായ കാത്തി എന്ന പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി എന്നാരോപിച്ച് എഡ്ഡി മില്ലറിന്റെയും  മാൻഡാ മില്ലറിന്റെയും 13 വയസ്സുള്ള മകൻ ജെയ്‌മി മില്ലർ അറസ്റ്റിലാകുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ല എന്ന മകന്റെ നിലവിളി മാതാപിതാക്കളുടെ നെഞ്ചിനെ കീറിമുറിച്ചുകൊണ്ടാണ് പോകുന്നത്.  

മകന്റെ പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ആ കുടുംബവും യാത്രയാകുന്നു.  മകനോട് സംസാരിക്കാൻ കിട്ടിയ സ്വകാര്യതയിൽ, ‘നീ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലേ’ എന്ന് മാത്രം എനിക്കറിഞ്ഞാൽ മതി എന്നാണ് ആ പിതാവ് പറയുന്നത്.  ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’ എന്ന് മകൻ ആവർത്തിച്ചു പറയുന്നത് വിശ്വസിക്കുകയാണ് പിതാവ്.  പ്രായപൂർത്തിയാകാത്ത ജെയ്‌മിയെ അച്ഛന്റെയും വക്കീലിന്റെയും മുന്നിലിരുത്തിയാണ് പൊലീസ് ഓഫിസർമാരായ ബാസ്കോമ്പും മിഷാ ഫ്രാങ്കും ചോദ്യം ചെയ്യുന്നത്.  ഒടുവിൽ മകൻ തന്റെ സഹപാഠിയായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ഫുട്ടേജ് കണ്ട് പിതാവ് തകർന്നടിയുകയാണ്. സിസിടിവി ഫുട്ടേജ് കാണിച്ചിട്ടും ജെയ്മി തന്റെ കുറ്റം സമ്മതിക്കുന്നില്ല. ഒടുവിൽ സൈക്കോളജിസ്റ്റിന്റെയും സഹപാഠികളുടെയും സഹായത്തോടെ കൊലയ്ക്കു പിന്നിലെ കാരണവും തൊണ്ടിമുതലായ കത്തിയും കണ്ടെത്താൻ പൊലീസുകാർ നടത്തുന്ന പരിശ്രമമാണ് തുടർന്ന് വരുന്ന എപ്പിസോഡുകളിൽ കാണിക്കുന്നത്.  

കേസ് അന്വേഷണം നടത്തുന്ന ലൂക്ക് ബാസ്കോംബ്, ജെയ്മി ചെയ്ത കുറ്റകൃത്യത്തിന്‌ പിന്നിലെ കാരണം തേടി വഴിയടഞ്ഞു നിൽക്കുമ്പോൾ അയാൾക്ക് വഴി തുറന്നു കൊടുക്കുന്നത് അയാളുടെ തന്നെ കൗമാരക്കാരനായ മകനാണ്. ജെയ്മിയുടെ സ്കൂളിൽ തന്നെ പഠിക്കുന്ന ബാസ്കോമ്പിന്റെ മകനാണ് മരണപ്പെട്ട പെൺകുട്ടി ജെയ്മിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ പോസ്റ്റ് ചെയ്യുന്ന കമന്റുകൾ അയാളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.  മുതിർന്നവർ ഒട്ടും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത കൗമാരക്കാരുടെ സമ്മർദങ്ങളുടെ ഒരു ഇരുണ്ട ലോകമാണ് ബാസ്കോമ്പിനു മുന്നിൽ മകൻ തുറന്നിടുന്നത്.  

adolescence-review

സ്വന്തം പ്രായത്തിലുള്ള മറ്റുകുട്ടികളിൽ നിന്ന് കൗമാരക്കാർ നേരിടുന്ന സമ്മർദങ്ങൾ, ഹോർമോൺ വ്യതിയാനത്തിന്റെ കാലത്ത് സ്ത്രീകളോട് തോന്നുന്ന അമിതമായ താല്പര്യം, പെൺകുട്ടികളിൽ നിന്ന് നേരിടുന്ന അവഗണനയും പരിഹാസവും, സൈബർ ബുള്ളിയിങ്, സോഷ്യൽ മീഡിയയുടെ മോശമായ സ്വാധീനം, സ്ത്രീവിരുദ്ധത, ജെൻഡർ വിവേചനം, ടോക്സിക് മസ്കുലിനിറ്റി തുടങ്ങി തക്കസമയത്ത് ഇടപെടൽ വേണ്ട നിരവധി കാര്യങ്ങളാണ് ഈ സീരീസ് ചർച്ച ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളും, ഓൺലൈൻ ചാറ്റിങ്ങും, കമന്റുകളും പരസ്പരം അയക്കുന്ന ഇമോജികൾ പോലും ദുർബലമായ ഒരു മനസ്സിനെ കൊടും ക്രൂരതയിലേക്ക് പോലും എത്തിക്കുന്ന വിധത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഈ സീരീസ് പറയുന്നു.

adolescence-review33
ആഷ്‌ലി വാൾടേഴ്സ്

പ്രേക്ഷകരെ ഏറെ അസ്വസ്ഥമാക്കുന്ന എപ്പിസോഡാണ് ജെയ്മിയും ചൈൽഡ് സൈക്കോളജിസ്റ്റായ ബ്രയോണിയും തമ്മിലുള്ള സെഷൻ ഉൾപ്പെടുന്ന അവസാനഎപ്പിസോഡ്.  ജെയ്‌മിയോട് ഏറെ അനുതാപത്തോടെ സംസാരിച്ച് അവന്റെ മനസ്സിന്റെ ഇരുണ്ട അറകളിലേക്ക് ബ്രയോണി കടന്നു ചെല്ലുന്നു. നിങ്ങൾ ട്രിക്കുകളിലൂടെ എന്റെ മനസ്സിലേക്ക് കടക്കാൻ ശ്രമിക്കുകയല്ലേ എന്ന് ബുദ്ധിമാനായ ജെയ്മി ഒരവസരത്തിൽ ചോദിക്കുന്നുണ്ട്. അച്ഛനെക്കുറിച്ചും മുത്തച്ഛനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ച് ജെയ്‌മിക്ക് പുരുഷന്മാരോടും സ്ത്രീകളോടുമുള്ള മനോഭാവം ബ്രയോണി ചൂഴ്ന്നെടുക്കുന്നു. 

adolescence-review3
ഓവൻ കൂപ്പർ

കൊല്ലപ്പെട്ട കാത്തിയോട് ജെയ്‌മിക്ക് പുരുഷസഹജമായ ഒരു ഇഷ്ടവുമില്ല, അവൾ അവന്റെ ടൈപ്പ് അല്ല എന്നാണ് അവൻ പറയുന്നത്. പക്ഷേ പല സന്ദർഭത്തിലും കാത്തി ജെയ്മിയുടെ ആണത്തത്തെ ചോദ്യം ചെയ്യുന്ന കമന്റുകൾ പബ്ലിക്കായി ഇടുന്നത് ജെയ്‌മിയെ ചൊടിപ്പിച്ചിട്ടുണ്ട് എന്ന്  ബ്രയോണി മനസിലാക്കുന്നു. ചോദ്യം ചെയ്യലിന്റെ പല അവസരത്തിലും ജെയ്മി സ്വയം മറന്ന് ആക്രമണ സ്വഭാവം കാണിക്കുകയും പൊടുന്നനെ തളർന്ന് ബ്രയോണിക്ക് വശപ്പെടുകയും ചെയ്യുന്നുണ്ട്.  സെഷൻ തീരുമ്പോഴേക്കും ജെയ്‌മിക്ക് ബ്രയോണിയോട് മാനസികമായ വിധേയത്വം ഉണ്ടാകുന്നത് തിരിച്ചറിഞ്ഞ ബ്രയോണി പെട്ടെന്ന് സെഷൻ പൂർത്തിയാക്കി പോകുന്നത് ജെയ്‌മിയെ വീണ്ടും മാനസികമായി തളർത്തുന്നു.

കുറ്റമേൽക്കാതെ പിടിച്ചു നിൽക്കുന്ന ജെയ്മിയുടെ മാനസിക സമ്മര്‍ദങ്ങൾക്കപ്പുറത്ത്, സമൂഹത്തിന്റെ ആക്രമണം നേരിട്ട് ജെയ്മിയുടെ മാതാപിതാക്കളും സഹോദരിയും ജീവിതത്തിൽ തോറ്റുപോവുകയാണ്.  ജെയ്മിയുടെ പിതാവായ എഡ്‌ഡിയുടെ മാനസിക സമ്മർദവും നിസ്സഹായാവസ്ഥയുമാണ് പ്രേക്ഷകരുടെ മനസ്സിനെ ഏറെ ബാധിക്കുന്നത്.  മകന്റെ അറസ്റ്റിനു ശേഷം സമൂഹത്തിൽ നിന്ന് നേരിടുന്ന അധിക്ഷേപവും മകന്റെ അവസ്ഥയും ആ പിതാവിനെയും മാനസിക സംഘർഷത്തിലാക്കുന്നു.  മകനെ മനസ്സിലാക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും രാത്രിയേറെ വൈകിയിട്ടും സ്വന്തം റൂമിൽ കമ്പ്യൂട്ടറിൽ ചെലവഴിക്കുന്ന മകന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ കഴിയാത്ത തങ്ങൾ മാതാപിതാക്കൾ എന്ന നിലയിൽ പരാജയമാണെന്നുമുള്ള വിലയിരുത്തലിലാണ് അവർ എത്തിച്ചേരുന്നത്. ജീവിത പരാജയങ്ങളാൽ തകർന്ന മുറിവേറ്റ ഒരു  മനുഷ്യനെയാണ് പിന്നീട് കാണുന്നത്.

adolescence-review43
സ്റ്റീഫന്‍ ഗ്രഹാം

ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി വൈകാരികമായി ഏറെ സങ്കീർണമാണ് ‘അഡോളസൻസ്’ എന്ന നെറ്റ്ഫ്ലിക്സിലെ സീരീസ്. മനുഷ്യ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷിക്കുന്ന ഈ ഡ്രാമ ഓൺലൈൻ ലോകത്ത് പെട്ടുപോകുന്ന കൗമാരപ്രായക്കാരുടെ ആശയക്കുഴപ്പങ്ങൾ, ലൈംഗികത, ആസക്തി, സ്ത്രീവിരുദ്ധത, അക്രമവാസന, സൈബർ ബുള്ളിയിങ്, സോഷ്യൽ ബിഹേവിയർ, ബന്ധങ്ങൾ തുടങ്ങി ഇന്നത്തെ കാലത്ത് ചർച്ച ചെയ്യുകയും പ്രതിവിധി കണ്ടെത്തേണ്ടതുമായ നിരവധി വിഷയങ്ങളാണ് പറയുന്നത്.  ‘‘എനിക്ക് കുറച്ചുകൂടി നന്നായി മകനെ വളർത്തമായിരുന്നു’’ എന്ന് പരിതപിക്കുന്ന ജെയ്മിയുടെ പിതാവ് ഇന്നത്തെ കൗമാരക്കാരുടെ മാതാപിതാക്കളുടെ കണ്ണു തുറപ്പിച്ചേക്കും. ‘‘മ്മുടെ കുട്ടികൾക്ക് ഇക്കാലത്ത് എന്താണ് സംഭവിക്കുന്നത്, അവരുടെ സമപ്രായക്കാരിൽ നിന്നും, ഇന്റർനെറ്റിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും അവർ നേരിടുന്ന സമ്മർദ്ദങ്ങൾ എന്തൊക്കെയാണ്’’ എന്ന ചോദ്യം സമൂഹത്തോട് ചോദിക്കുക എന്നതായിരുന്നു അഡോളസെൻസ് കൊണ്ട് അണിയറപ്രവർത്തകർ അർത്ഥമാക്കിയത് എന്ന് തോന്നുന്നു.

നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടനും സംവിധായകനുമായ ഫിലിപ്പ് ബാരന്റിനിയാണ് അഡോളസെൻസിന്റെ സംവിധായകൻ. ജെയ്മിയുടെ പിതാവായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമും  ജാക്ക് തോണും ചേർന്നാണ് ഈ ഡ്രാമാ സീരീസിന്റെ തിരക്കഥയൊരുക്കിയത്. ഓരോ എപ്പിസോഡും ഒറ്റ ടേക്കിൽ പൂർത്തിയാക്കി  എന്നതാണ് ഈ സീരീസിന്റെ മറ്റൊരു പ്രധാന പ്രത്യേകത.  അവാർഡിന് അർഹമായേക്കാവുന്ന നിരവധി പ്രകടനങ്ങളാൽ സമ്പന്നമായ സീരീസ് ഒരേ സമയം തീവ്രമായ സ്വാഭാവികതയും സാങ്കേതിക മികവും കൊണ്ട് പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കുകയും  വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്.  

അഭിനേതാക്കളുടെ പ്രകടനത്തിൽ തുടക്കക്കാരനായ കൗമാരക്കാരൻ ഓവൻ കൂപ്പറിന്റെ ജെയ്മി മില്ലറിനെപ്പറ്റി എടുത്തു പറയാതെ തരമില്ല. ഒരേ സമയം അതിവൈകാരികതയും അടുത്ത നിമിഷം ഒരു സൈക്കോപാത്തിന്റെ ചേഷ്ടകളും ബുദ്ധിപരമായ ചലനങ്ങളും കൊണ്ട് പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കാൻ ഈ കൗമാരക്കാരനു കഴിഞ്ഞു. പിതാവായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമും വൈകാരിക പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകനെ കയ്യിലെടുത്തു. പൊലീസ് ഓഫിസർ ബാസ്‌കോംബ് ആയി അഭിനയിച്ച ആഷ്‌ലി വാൾട്ടേഴ്സും സൈക്കോളജിസ്റ്റ് ആയി എത്തിയ എറിൻ ഡോഹർട്ടിയും പ്രകടനം കൊണ്ട് ഞെട്ടിച്ച അഭിനേതാക്കളാണ്.  ഫെയ് മാർസി, ക്രിസ്റ്റിനെ ട്രെമാർക്കോ, മാർക്ക് സ്റ്റാൻലി, കെയിൻ ഡേവിസ്, ളിൽ ചാർവാ, അമിൽ പീസ് തുടങ്ങി നിരവധി കഴിവുറ്റ താരങ്ങൾ അഡോളസെൻസിലുണ്ട്.

കൗമാരക്കാരുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും അക്രമവാസനയും കൊലപാതകങ്ങൾ പോലും ചെയ്യാനുള്ള മനസ്സുറപ്പും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു സീരീസാണ് നെറ്റ്ഫ്ലിക്സിലെ ‘അഡോളസെൻസ്’. മാതാപിതാക്കളെയും, സഹപാഠികളെയും, സ്വന്തം കുഞ്ഞനുജനെപ്പോലും കൊല്ലാൻ മടിയില്ലാത്ത കൗമാരക്കാരുടെ മാനസികനിലയെയും സമ്മർദങ്ങളെയും പറ്റി വളരെ ആഴത്തിൽ ഈ സീരീസ് വിശകലനം ചെയ്യുന്നുണ്ട്. ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള ശാരീരികവും മാനസികവുമായ സങ്കീർണ പരിവർത്തനകാലമായ കൗമാരം തലച്ചോറിന്റെ തീവ്രമായ മാറ്റത്തിന്റെയും വളർച്ചയുടെയും ഘട്ടമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുടുംബങ്ങൾക്കപ്പുറം സമപ്രായക്കാരുമായി ബന്ധം ശക്തമാകുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലും മേൽനോട്ടവും അത്യന്താപേക്ഷിതമാണെന്ന സന്ദേശം നൽകുന്ന ‘അഡോളസെൻസ്’ ഭാഷാഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്.

English Summary:

Netflix’s Adolescence shows why teens need digital detox for mental health

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com