മരണത്തിനു തൊട്ടു മുൻപും സന്തോഷം നിറഞ്ഞ പോസ്റ്റ്; അപർണയുടെ മരണത്തിൽ നടുങ്ങി പ്രേക്ഷകരും
Mail This Article
ടെലിവിഷൻ സീരിയൽ നടി അപർണ നായരുടെ മരണത്തിൽ നടുക്കം മാറാതെ പ്രേക്ഷകരും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു തൊട്ടു മുൻപ് പോലും അപർണയുടെ പേജിൽ സന്തോഷത്തിന്റെ ചിത്രങ്ങൾ മാത്രം.
ഫെയ്സ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി അപർണ പങ്കുവയ്ക്കാറുണ്ടായിരുന്നു. അഭിനേത്രി എന്ന നിലയിലല്ല, ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ മാത്രമേ അപർണയെ ഈ ചിത്രങ്ങളില്‍ കാണാൻ സാധിക്കൂ.
‘‘എന്റെ ഉണ്ണി കളി പെണ്ണ്’’ എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപർണ അവസാനമായി പങ്കുവച്ചത്. അതും മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ്. അതിനു തൊട്ടു മുൻപായി കാണുന്നത് പ്രസന്നവദനയായി, സാരി അണിഞ്ഞുള്ള അപർണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീൽസ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഭർത്താവും രണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപർണയുടെ കുടുംബം.
2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം.