‘അവസരം ചോദിച്ചു വാങ്ങണം, ഞങ്ങൾ സെലിബ്രിറ്റികളല്ലല്ലോ’; വിനായക് ശശികുമാർ അഭിമുഖം
Mail This Article
'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി എഴുതുന്നുവെങ്കിൽ അയാൾ കവിയല്ലാതെ മറ്റാര്? എന്നാൽ, താൻ കവിയല്ല, പാട്ടെഴുത്തുകാരനാണെന്നാണ് വിനായക് ശശികുമാർ പറയുന്നത്. പുത്തൻകാലത്തെ വാക്കുകളും വിചാരങ്ങളും എളുപ്പം കയ്യിലൊതുങ്ങുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് ‘‘'ഞാനും ജെൻ സീയാണ്’’ എന്നാണു മറുപടി. മനോരമ ഓൺലൈനിന്റെ ‘വരിയോര’ത്തിൽ വിനായക് ശശികുമാർ സംസാരിക്കുന്നു.
അതുകൊണ്ട് ഞാൻ കവിയല്ല !
ഇഷ്ടം പ്രധാനമായും സിനിമയോടായിരുന്നു. ലിറിസിസ്റ്റായിട്ടാണ് ചാൻസ് ചോദിക്കേണ്ടതെന്നു തോന്നി. അതുകൊണ്ട് ചാൻസ് ചോദിച്ചു. കിട്ടി. ഇവിടം വരെ എത്തി. സാഹിത്യത്തേക്കാൾ സ്നേഹം സിനിമയോടാണ്. ഞാൻ കവിത എഴുതിയിട്ടില്ലല്ലോ. അതുകൊണ്ട് കവിയല്ല. കവിത എഴുതാൻ ആഗ്രഹിക്കുമ്പോൾ എഴുതും. കവിത എഴുതുന്നത് പാട്ടെഴുതുന്നതിനേക്കാൾ ശ്രേഷ്ഠമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. കവികളെ ആരാധനയോടെ നോക്കിക്കാണാനും പാട്ട് ഒരുപാടു കേട്ട് അത് എൻജോയ് ചെയ്യാനും പാട്ടെഴുതുന്നവരെ അത്രത്തോളം ആരാധിക്കാതിരിക്കാനുമുള്ള പ്രവണത മലയാളികൾക്കുണ്ട്. അതിൽ ഞാനത്ര ഹാപ്പിയല്ല.
ദൂരേ ദൂരേ
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് ഹിറ്റായ ആദ്യപാട്ട്. ഫെയ്സ്ബുക്കിലാണ് ദുൽഖറിന്റെയും സണ്ണിയുടെയും സിനിമാ പോസ്റ്റർ കണ്ടത്. സിനിമയുടെ പേര് വളരെ ആകർഷകമായി തോന്നി. ലിറിക്സ് ആരെഴുതുന്നു എന്നു മാത്രം പോസ്റ്ററിലില്ല. സമീർ താഹിർ, റെക്സ് വിജയൻ ഇവരുടെയൊക്കെ പേരുണ്ട്. അപ്പോൾ ചാൻസ് ചോദിക്കാനായി നമ്പർ തപ്പിയെടുത്തു വിളിച്ചപ്പോൾ പാട്ടിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂ. ഞാൻ ആ സമയത്ത് ചെന്നൈയിൽ ഉണ്ടായിരുന്നു. അര മണിക്കൂർ ദൂരത്തിലായിരുന്നു ഞാനും സമീർ ഇക്കയും. ഞാൻ പോയി കണ്ടു. പിറ്റേന്ന് റെക്സ് ചേട്ടനെ പരിചയപ്പെടുത്തി. എന്നോട് എഴുതി നോക്കൂ എന്നു പറഞ്ഞു. അങ്ങനെ പറയാൻ കാണിച്ച മനസ്സാണ് എന്നെ ശരിക്കും സിനിമാക്കാരനാക്കിയത്. ദൂരേ ദൂരേ എഴുതി കഴിഞ്ഞപ്പോൾ ബാക്കി രണ്ടു പാട്ടു കൂടി എഴുതാൻ പറഞ്ഞു. താഴ്‌വാരവും നീർപളുങ്കുകളും അങ്ങനെ എഴുതിയതാണ്.
ഹിറ്റ് പാട്ടുണ്ടാക്കാൻ എളുപ്പമാണോ
സുഷിന് പാട്ടുകൾ ഹിറ്റാക്കാൻ എളുപ്പമാണ്. ശ്രമിക്കാം എന്നേയുള്ളൂ. ഒരുപ്രാവശ്യം പ്രൊഡക്ട് ഡിസൈൻ ചെയ്തു കഴിഞ്ഞാൽ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുക. ഇതിൽ ഭാഗ്യം പ്രധാനമാണ്. ഏത് ഹിറ്റാകണം, ഹിറ്റാകണ്ട എന്ന ഡിസിഷൻ ആദ്യം സുഷിനെടുക്കും. പിന്നെ രോമാഞ്ചത്തിന്റെ സംവിധായകൻ, അൻവർ റഷീദ് പ്രൊഡക്‌ഷൻ, ഫഹദ് അഭിനയിക്കുന്നു, സുഷിൻ മ്യൂസിക്; അപ്പോൾ എന്തായാലും ഒരു നോട്ടീസബിലിറ്റി ഉണ്ടാകും. ആ സ്പേസിലേക്ക് മിനിമം നല്ല പാട്ടു കൊടുത്താൽ ഹിറ്റ് എളുപ്പമാണല്ലോ.
ഞാൻ ജെൻ സീയാണ്
പ്രത്യേകം എഫർട്ടൊന്നും എടുക്കേണ്ട ആവശ്യമില്ല. എന്റെ സുഹൃത്തുക്കളെല്ലാം എന്നേക്കാൾ പ്രായം കുറഞ്ഞവരാണ്. അതാണ് എന്റെ ടേസ്റ്റ്. പക്ഷേ എന്റെ മ്യൂസിക്കൽ ടേസ്റ്റ് നേരെ തിരിച്ചാണ്. 80, 90 കളിലെ പാട്ടുകളാണ് ഞാൻ കേൾക്കുന്നത്. അതും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. എന്താണ് സോഷ്യൽ മീഡിയയിലെ ട്രെൻഡ്, ഈ പുതിയ ആളുകൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.
അറിവ്
ഒരുപാട് അറിവ് വരുമ്പോഴാണ് നമ്മൾ സങ്കീർണമായി ചിന്തിച്ചുപോകുന്നത്. ആവശ്യത്തിന് അറിവുണ്ടെങ്കിൽ, അറിവില്ലായ്മ തുറന്നു സംസാരിക്കാൻ തയാറാണെങ്കിൽ ജീവിതം കുറച്ചുകൂടി എളുപ്പമാണ്. സിംപിൾ ലൈഫ് സ്റ്റൈലാണ്. ഒരു മിനിമത്തിൽ പിടിച്ചാൽ മതി. മനുഷ്യനായിട്ടു നിൽക്കാൻ പറ്റും.
'തനിയെ മിഴികൾ' തന്ന മെലഡികൾ
കോളജിലേക്കു കയറുന്ന സമയത്താണ് ആദ്യ സിനിമ നടക്കുന്നത്. ഒരു പയ്യൻ എന്ന രീതിയിലാണ് എല്ലാവരും കണ്ടിരുന്നത്. എന്റെ മുഖം ഒരു 'ബേബി ഫെയ്സാണ്'. ഇപ്പോൾ താടിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു എന്നേയുള്ളൂ. എന്റെ കൂടെ വർക്ക് ചെയ്ത ലിറിസിസ്റ്റുകളെല്ലാം എന്നെക്കാൾ പ്രായം കൂടിയവരാണ്. ഫോൺ വഴി വിനായക് ശശികുമാർ എന്നു കേട്ടെങ്കിലും നേരിട്ട് കാണുമ്പോൾ ‘ങേ ഇവനായിരുന്നോ’ എന്നൊരു മൂഡിലേക്ക് കാണുന്നവർ മാറും. ഈ ഒരു ഇമേജ് ഉള്ളതുകൊണ്ട് തുടക്കത്തിൽ മെലഡീസ് കിട്ടാൻ പ്രയാസമായിരുന്നു. ചിലപ്പോൾ സിനിമയിലെ നാല് പാട്ടുകളിൽ 3 എണ്ണം എനിക്കു തന്നെ ആയിരിക്കും. പക്ഷേ നാലാമത്തെ പാട്ടായിരിക്കും മെലഡി. അത് വേറാർക്കെങ്കിലും കൊടുക്കും. അതെനിക്കു തരുമോയെന്നു ചോദിക്കുമ്പോൾ ''നിനക്ക് മൂന്നെണ്ണം ഉണ്ടല്ലോ'' എന്നു മറുചോദ്യം ഉണ്ടാകും. ഗപ്പിയിലെ 'തനിയെ മിഴികൾ' ഇറങ്ങിയ ശേഷമാണ് ചോദിച്ച് കഷ്ടപ്പെടാതെ മെലഡി കിട്ടിത്തുടങ്ങിയത്. കരിങ്കുന്നം സക്സസ്, കോളാമ്പി, ജൂൺ, അതിരൻ, അമ്പിളി തുടങ്ങിയ സിനിമകൾ അതിനു ശേഷം വന്നതാണ്.
ജോലി രാജിവച്ചശേഷം
ഫോണിൽ ട്യൂൺ കേട്ട് പാട്ടെഴുതുന്നതിൽ ഒരു രസമില്ലായിരുന്നു. അത് കാരണമാണ് ഞാൻ ചെന്നൈയിലെ ജോലി രാജിവച്ച് കൊച്ചിയിൽവന്ന് ഒരു മുഴുനീള ഗാനരചയിതാവായി പയറ്റി നോക്കാമെന്ന് തീരുമാനിക്കാൻ കാരണം. ഗപ്പി എഴുതുന്ന സമയത്ത് അവർ ചെന്നൈയിൽ വന്നിരുന്നു. ബാക്കി എഴുതുന്ന സമയത്ത് വർക്കുകൾ ജിമെയിലിലും വാട്സാപ്പിലും ട്യൂൺ വരും. ഞാനപ്പോൾ കോർപറേറ്റിലായിരുന്നു വർക്ക് ചെയ്തു കൊണ്ടിരുന്നത്. ഇടയ്ക്ക് ഗ്യാപ് കിട്ടുമ്പോഴോ അവധി ദിവസങ്ങളിലോ എഴുതിയിട്ട് തിരിച്ചു കൊടുക്കും. പാട്ട് സിനിമയിൽ വരുന്നുണ്ട്. പക്ഷേ ഞാൻ ആരെയും നേരിട്ടു കാണുന്നില്ല. അതിൽ ഫൺ മിസ്സ് ചെയ്യാൻ തുടങ്ങി. വീക്കെൻഡിൽ കൊച്ചിയിൽ വന്നു പോകും. അത് ഭയങ്കര കഷ്ടപ്പാടായിരുന്നു. പാട്ടുണ്ടാകുന്ന പരിപാടി മിസ് ചെയ്യാൻ തുടങ്ങിയപ്പോൾ രാജി വയ്ക്കാമെന്നു തീരുമാനിച്ചു.
സുഷിനുമായി പാട്ടു ചെയ്യുമ്പോൾ ആദ്യം ഞാൻ ട്യൂൺ ചോദിക്കും. അപ്പോൾ ‘നീ ആദ്യം എന്തെങ്കിലും എഴുത്. എന്നിട്ട് ഞാൻ ചെയ്യാം’ എന്ന് സുഷിൻ പറയും. ജിത്തു നോക്കിയിരിക്കും. അവസാനം ആരെങ്കിലും ഒരാൾ എന്തെങ്കിലും കൊണ്ടു വരും. ചിലപ്പോൾ ഞാനൊരു വാക്ക് കൊണ്ടു വരും. ഗലാട്ട എന്ന വാക്ക് ഞാൻ കൊണ്ടു വന്നു. അല്ലെങ്കിൽ സുഷിനൊരു ട്യൂൺ കൊണ്ടു വരും. അതു കിട്ടാനുള്ള താമസം മാത്രമേ ഉള്ളൂ. കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വാഭാവികമായി അത് പുരോഗമിക്കും.
ചടുലമാകാൻ കൂടുതൽ വരി വേണം
പത്തു മെലഡി എഴുതിയിട്ട് പതിനൊന്നാമത് വേഗമുള്ള പാട്ട് വരുമ്പോൾ 'ജയിൽ ബ്രേക്ക്' കിട്ടിയ പോലെയൊരു ഫീൽ കിട്ടും. അതൊരുപാട് എൻജോയ് ചെയ്യും. മെലഡിയിൽ 30 സെക്കൻഡിൽ നാലു വരി മതിയെങ്കിൽ ഫാസ്റ്റ് നമ്പരിൽ 30 സെക്കൻഡിൽ മുപ്പതു വരിയുണ്ടാകും. ആവേശത്തിലെ 'ഇല്യുമിനാറ്റിയിൽ' അത്രയും വരികളുണ്ട്. ആ ഒരു ഫൺ കിട്ടിക്കഴിഞ്ഞാൽ അതൊരു പ്രോസസ് അല്ലാതാകും. ആവേശത്തിൽ ഒൻപതു പാട്ടുണ്ടെന്ന് ജിത്തു പറഞ്ഞപ്പോൾ ''അയ്യോ ഒമ്പതോ'' എന്ന് ഓർത്തെങ്കിലും അതിന്റെ മീറ്റർ കിട്ടിക്കഴിഞ്ഞ്, രണ്ടു പാട്ടെഴുതിക്കഴിഞ്ഞപ്പോൾ ''അടുത്തത് കൊണ്ടു വാ'' എന്നൊരു മൂഡിലേക്കെത്തി. എത്ര വേണമെങ്കിലും എഴുതാനും പാട്ടുണ്ടാക്കാനും റെഡിയായി നിൽക്കുന്ന തലത്തിലേക്ക് ഞങ്ങൾ രണ്ടു പേരും എത്തി.
വാക്കെഴുതിയ എക്സൽ ഷീറ്റുണ്ട് !
മീറ്ററിനനുസരിച്ചുള്ള വാക്കുകൾ എന്നൊക്കെ കുറച്ചു വാക്കുകൾ എഴുതി വച്ചിട്ടുണ്ട്. അത് പരമാവധി റഫർ ചെയ്യാറില്ല. എവിടെയെങ്കിലും ഒരു റോഡ് ബ്ലോക്ക് വന്നു കഴിഞ്ഞാൽ നോക്കാൻ വേണ്ടിയിട്ട് ഒരു എക്സൽ ഉണ്ടാക്കി വയ്ക്കാറുണ്ട്. പക്ഷേ ആ ഒരു ദിവസത്തെ തോന്നലിനെയാണ് വിശ്വസിക്കുന്നത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ പോലും ഒരു ഐഡിയ ഉണ്ടാവില്ല എന്താണ് അവിടെ പോയി കാണിക്കുകയെന്ന്. ദൈവം എന്തെങ്കിലും തോന്നിക്കും എന്ന വിശ്വാസത്തിൽ അവിടെ പോയിരിക്കും. നല്ലതേ സംഭവിച്ചിട്ടുള്ളൂ.
പാട്ട് ഹിറ്റ്. ലിറിസിസ്റ്റോ!
അതിനു കാരണവുമുണ്ട്. നമ്മൾ ക്യാമറയുടെ മുൻപിൽ നിൽക്കുന്നവരല്ലല്ലോ. പാട്ടുകാരും അഭിനേതാക്കളും ക്യാമറയ്ക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നവരാണ്. ഇന്ന് സംഗീതസംവിധായകരും എല്ലായിടത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവരും സെലിബ്രിറ്റികളായി. ഞങ്ങൾ സെലിബ്രിറ്റികളല്ല. ഞങ്ങൾ പെർഫോമിങ് ആർട്ടിസ്റ്റുകളുമല്ല. ഇങ്ങനെ വന്നിരുന്ന് പാട്ട് പാടാൻ പറഞ്ഞാൽ അവിടെ കഴിഞ്ഞു. ഞങ്ങൾക്ക് പാട്ടിനെപ്പറ്റി പറയാനേ പറ്റൂ. അതുകൊണ്ടൊക്കെയാവാം. പക്ഷേ ഞാൻ വിസിബിലിറ്റി ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് അത് ഇഷ്ടമാണ്. അങ്ങനെ അല്ലാത്തവരുമുണ്ടാകാം. ഞാൻ ലേബൽ നോക്കിയിട്ട് വിളിച്ച് ചോദിക്കാറുണ്ട് മെയിൻ ആർട്ടിസ്റ്റായി എന്തുകൊണ്ടാണ് ലിറിസിസ്റ്റിന്റെ പേരെഴുതാത്തത് എന്നൊക്കെ.
അവസരം ചോദിക്കണം
അവസരം ചോദിച്ചില്ലെങ്കിൽ ആരും ഇങ്ങോട്ടു കൊണ്ട് തരില്ലല്ലോ? എന്നെ ആർക്കും അറിയില്ല. നമുക്ക് ഈ വ്യവസായത്തിൽ വേറെ കണക്‌ഷനും ഗോഡ്ഫാദറും ഇല്ല. അപ്പോൾ ഉറപ്പായും ചോദിച്ചു കൊണ്ടിരുന്നാലേ പറ്റൂ. മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ. ഒരുപാട് വാതിലുകൾ അന്ന് മുട്ടിയിട്ടുണ്ട്. ഇന്നു പോലും വിളിക്കാൻ ഭയപ്പെടുന്ന പലരേയും അന്ന് ഒരു കൂസലുമില്ലാതെ അവരുടെ പ്രൈവസി പോലും നോക്കാതെ ഫോൺ ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് ആദ്യത്തെ ഒരു നാലു സിനിമ കിട്ടിയത്. ഇന്ന് അത്രയ്ക്ക് ചോദിക്കുന്നില്ലെങ്കിലും മടിയൊന്നുമില്ല. നാളെ പടമില്ലാതായാൽ ചോദിക്കും.
അവരെ ഇന്ന് സ്നേഹിക്കണം
ഗിരീഷ് പുത്തഞ്ചേരിയെ പോലെയാണെന്നു കേൾക്കുമ്പോൾ എനിക്ക് അഭിമാനമാണ്. കേൾക്കുന്നവർ എങ്ങനെയെടുക്കും എന്നറിയില്ല. ഗിരീഷേട്ടൻ ഇന്ന് ഒരു വികാരമായി മാറിയിരിക്കുകയാണ്. നമ്മളെപ്പോഴും അങ്ങനെയാണല്ലോ. ഒരാൾ ജീവിച്ചിരിക്കുമ്പോഴുള്ളതിനെക്കാൾ സ്നേഹം കൊടുക്കുന്നത് മരിച്ചു കഴിഞ്ഞിട്ടാണ്. മണിച്ചേട്ടൻ, ഗിരീഷേട്ടൻ, സച്ചി ഇവരെയൊക്കെ നമ്മളിപ്പോൾ മാലാഖമാരാക്കി മാറ്റിയിരിക്കുകയാണ്. ഇവരൊക്കെ ജീവിച്ചിരുന്നപ്പോൾ ആരാധിച്ചയാളാണ് ഞാൻ. ജോൺസൺ മാഷിനോട് ഇപ്പോൾ ഭയങ്കര സ്നേഹം ആണ്. ആ സ്നേഹം ഇപ്പോൾ നമ്മൾ കൈതപ്രം തിരുമേനിക്ക് കൊടുക്കണം, റഫീക്കിക്കയ്ക്ക് കൊടുക്കണം, വയലാർ ശരത്തേട്ടന് കൊടുക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. 50 വർഷം കഴിഞ്ഞുള്ള വിനായകന് സ്നേഹം കൊടുക്കാം എന്നതിനേക്കാളും ഇപ്പോഴാണ് എനിക്കു വേണ്ടത്.
വിദ്യാസാഗർ എന്നെ എഴുത്തുകാരനാക്കി
വിദ്യാസാഗർ പാട്ടിലൂടെ എന്നെ തേടി വന്നതാണെന്ന് ഞാൻ പറയും. ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എനിക്കിഷ്ടമുള്ള പാട്ടുകൾ ചെയ്തത് ആരാണെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാനും തോന്നുന്നില്ല. അന്നതിനുള്ള ഉപാധികളുമില്ല. ‘‘ദൈവമേ, ഇഷ്ടമുള്ള എല്ലാ പാട്ടുകളും ചെയ്തിരിക്കുന്നത് ഒരു മ്യൂസിക് ഡയറക്ടറാണ്. അദ്ദേഹത്തിന്റെ പേര് വിദ്യാസാഗർ’’ എന്ന് പിന്നീടെപ്പോഴോ മനസ്സിലാക്കുകയാണ്. കാണാനെങ്ങനെയാണ് എന്നൊന്നും അറിയില്ല. അദ്ദേഹം ഒരുപാട് ഇന്റർവ്യൂസ് ഒന്നും കൊടുക്കുന്ന ആളല്ലല്ലോ. ആ പേരിനോട് ഒരു പ്രണയം വരാൻ തുടങ്ങി. ചെന്നൈയിലേക്ക് എന്റെ അച്ഛന് ട്രാൻസ്ഫർ ആയതുകൊണ്ട് ഫാമിലിയായി ചെന്നൈയിലേക്ക് മാറി.
അന്ന് ഞാൻ ഒൻപതാം ക്ലാസ് കഴിഞ്ഞ സമയമാണ്. ഞാനും കൂട്ടുകാരൻ വിഷ്ണു ശ്യാമും (നേര് എന്ന സിനിമയുടെ മ്യൂസിക് ഡയറക്ടർ) സാറിനെ കാണാനായി പോയി. ശ്യാമിന് സാറിന്റെ ശിഷ്യനാകാണം. സാറിന്റെ സ്റ്റുഡിയോയുടെ പുറത്തും വീടിന്റെ പുറത്തും ഒരു നോക്ക് കാണാനായി നിൽക്കുമായിരുന്നു. വർഷങ്ങളോളം അങ്ങനെ നിന്നുനിന്ന് ഞങ്ങൾ രണ്ട് ആരാധകരേയും അദ്ദേഹം തിരിച്ചറിയാൻ തുടങ്ങി. എല്ലാ വർഷവും മുടങ്ങാതെ സാറിന്റെ ബർത്ഡേയ്ക്ക് ഞങ്ങൾ കേക്ക് കൊണ്ടുപോകും. അന്നു തുടങ്ങിയ ഒരു ട്രെഡീഷൻ 10–11 വർഷമായിട്ട് മുടക്കാതെ തുടരുന്നുണ്ട്. വിഷ്ണു അതിനുശേഷം ശിഷ്യനായി കയറി. അപ്പോൾ പോലും ഞാൻ ഒരു ലിറിസിസ്റ്റാണെന്ന് സാറിനറിയില്ല. ഞാനൊന്നും പറയുന്നുമില്ല.
ഒരു ദിവസം സാറ് ചോദിച്ചു ‘‘പുതുസാ ഏതാവത് ടാലന്റ്സ് ഇറുക്കാ? ലിറിസിസ്റ്റ് മലയാളത്തിൽ?'’’ എന്ന്. എന്റെ പേര് കേട്ടപ്പോൾ ‘‘അന്ത പയ്യനോ? അവനുക്ക് ലിറിക്സ് എഴുതാൻ തെരിയുമാ? വര സൊല്ല്’’ എന്ന് പറഞ്ഞു. അങ്ങനെ സാറിന്റെ അടുത്തു പോയി. അപ്പോൾ എത്രത്തോളം ഫാസ്റ്റായി എഴുതും, ഏതൊക്കെ ജോണറിൽ എഴുതും എന്നറിയാൻ വേണ്ടി സാർ പല ട്യൂണുകളും സ്പോട്ടിലിരുന്ന് കംപോസ് ചെയ്യാൻ തുടങ്ങി. ഞാനെഴുതും. എഴുതുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ സാറ് പറയും. അങ്ങനെ ട്രെയിനിങ് തരുന്നതുപോലെയൊക്കെ പറഞ്ഞു തന്നു. സാറിന് എന്നെ ഇഷ്ടപ്പെട്ടെന്നു മനസ്സിലായി. ഡയറക്ടേഴ്സിന്റെ മുന്നിൽ എന്നെ പ്രസന്റ് ചെയ്യാൻ തുടങ്ങി. 2017 ൽ ഒരു വലിയ ഡയറക്ടറിന്റെ മുന്നിൽ ഒരു പാട്ട് എന്നെക്കൊണ്ട് ചെയ്യിച്ചു. അത് റെക്കോർഡിങ്ങും കഴിഞ്ഞതിനു ശേഷം സിനിമയിൽ ഇല്ലാതെ പോയി. അത് വളരെയധികം വിഷമമായി. പക്ഷേ പിന്നീട് കാലം കരുതി വച്ചത് ലാൽജോസ് സാറിന്റെ സിനിമ സോളമന്റെ തേനീച്ചകളിൽ വിദ്യാസാഗർ സാറിന്റെ മ്യൂസിക്കിൽ പാട്ടെഴുതാനുള്ള ഭാഗ്യമായിരുന്നു. ലാൽജോസ് സാറ് ആരാധികയൊക്കെ ഇറങ്ങി ആരാധികയുടെ ആരാധകനായിട്ടാണ് ഇതിലേക്ക് വിളിച്ചത്. നമ്മൾ ആരാധിച്ചവരുടെ കൂടെയിരുന്ന് ഒരു പാട്ട് ചെയ്യാൻ പറ്റുക എന്നത് മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു.
പാട്ടറിയാം
വോക്കൽസ് പഠിക്കാൻ പോയിട്ടുണ്ട്. പക്ഷേ പച്ച പിടിച്ചിട്ടില്ല. പിയാനോയും കീബോർഡും വായിക്കും. ട്രിനിറ്റി കോളജിന്റെ മ്യൂസിക് എക്സാമുകൾ ഉണ്ടല്ലോ. അതിൽ സിക്സ്ത് ഗ്രേഡ് കീബോർഡും ഫോർത് ഗ്രേഡ് വെസ്റ്റേൺ മ്യൂസിക്കൽ തിയറിയും ഞാൻ പാസ്സായിട്ടുണ്ട്. അതുകൊണ്ട് ബേസിക്ക് മ്യൂസിക്കിനെപ്പറ്റിയൊക്കെ അറിയാം. രാഗങ്ങളെപ്പറ്റിയൊക്കെ ഓൺലൈനിൽ സേർച്ച് ചെയ്തു പഠിക്കാറുണ്ട്. പക്ഷേ പന്ത്രണ്ടാം ക്ലാസ്സോടെ പാട്ടുപഠനം നിന്നു. ഇതിങ്ങനെ തുടർന്നു പോകുന്നു. പാടാറില്ല. സിനിമയിൽ പാടാനും ആഗ്രഹമില്ല. പ്രഫഷനൽ സിങ്ങറല്ല. പാട്ടെഴുതി മ്യൂസിക് ഡയറക്ടേഴ്സിന് പാടി അയച്ചു കൊടുക്കാറുണ്ട്. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവർ എളുപ്പത്തിൽ മനസ്സിലാക്കാൻ മാത്രം.
ഞാൻ കേട്ടത് വേറെ ''കാറ്റിൽ''
ശ്യാമേട്ടനും ആഷിക്കേട്ടനും എന്നെ വിളിച്ച് മായാനദിയുടെ കഥ പറഞ്ഞിരുന്നു. സിനിമയുടെ പേര് നേരത്തേ തീരുമാനിച്ചിരുന്നു. 'മായാനദി' എന്ന പാട്ട് ഞാൻ ഓവറോൾ തീമായി എഴുതിയതാണ്. പിന്നീട് ആ സിറ്റുവേഷനുവേണ്ടി ഉപയോഗിക്കാമെന്ന് ആഷിക്കേട്ടൻ തീരുമാനിച്ചു. നിങ്ങൾ കേൾക്കുന്ന 'കാറ്റിൽ' പാട്ടല്ല എന്റെ മനസ്സിൽ ഉള്ളത്. കാരണം ഞാൻ ആ പാട്ട് കേൾക്കുമ്പോൾ റെക്സേട്ടൻ ഇവിടെ ഉണ്ടെങ്കിലും ഹാർമോണിയത്തിൽ ഷഹബാസിക്ക വായിച്ച് പാടിത്തരുകയായിരുന്നു. ഒരു ഗസൽ എഴുതുന്നതുപോലെയാണ് ഞാൻ ആ പാട്ടെഴുതിയത്. വേറെ ഇൻസ്ട്രുമെന്റേഷനൊന്നും എനിക്കറിയില്ല. ഷഹബാസിക്ക പാടിയപ്പോൾ ഒരു ഹിന്ദുസ്ഥാനി പാട്ട് കേട്ടപോലെയായിരുന്നു. അധികം വരികളുമില്ല. നാലു വരികളേ ഉണ്ടായിരുന്നുള്ളൂ. ''കാറ്റിൽ ശലഭങ്ങൾ മധുരം തേടിപ്പോയി'' എന്നുള്ള പാട്ടിൽ ഒരു ശലഭം തേൻ തേടി പോകുകയാണ്. കുറെക്കഴിഞ്ഞപ്പോഴാണ് ശലഭത്തിന് തോന്നിയത് ഈ നുകർന്ന തേനിനെക്കാളെല്ലാം മധുരം കൂടെ വന്ന ആൾക്കാണെന്ന്. ഒരു ഹൈക്കു എഴുതുന്നതുപോലെയെല്ലാം എഴുതിക്കഴിഞ്ഞു. പിന്നീട് റെക്സേട്ടൻ അതെടുത്ത് ഇപ്പോൾ കേൾക്കുന്ന ഒരു കന്റെംപ്രറി സോങ്ങാക്കി മാറ്റുകയായിരുന്നു.
'കണ്ണേ ആരാരോ'
സ്ക്രിപ്റ്റിൽ എത്രത്തോളം ഡീപ്പായിട്ട് പോകാൻ പറ്റുമോ അത്രയും പോകാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഉള്ളിൽ ഒരു കഥാകൃത്തുള്ളതു കൊണ്ടോ ഭാവിയിൽ ഒരു തിരക്കഥാകൃത്താകണമെന്നുള്ളതുകൊണ്ടോ, സിനിമാക്കാർ നറേറ്റ് ചെയ്യുമ്പോൾത്തന്നെ എനിക്ക് ഫീൽ ചെയ്യും. 'ആട്ടു തൊട്ടിൽ' എന്ന പാട്ട് ഓട്ടിസം ഉള്ള പെൺകുട്ടിയെ വളർത്തുന്ന സിംഗിൾ ഫാദർ പാടുന്നതാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ ഇവൾ സ്വന്തം കാലിൽ നിൽക്കുമോ എന്നൊരു വേദന ഉണ്ട്. എനിക്ക് അത് മനസ്സിലായി. പിന്നെ കാര്യങ്ങൾ എളുപ്പമാകും. 'പവിഴമഴ' ഏറ്റവും ഹിറ്റായെങ്കിലും "ആട്ടുതൊട്ടിൽ'' ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. കുറച്ച് കാലം ആ കഥാപാത്രമായി നമ്മൾ ജീവിക്കും. അത് വരിയെഴുതാൻ സഹായിക്കും. ഞാൻ ഇതുവരെ ഒരു ഫാദറായിട്ടില്ല. ആർക്കും താരാട്ട് പാടിക്കൊടുത്തിട്ടില്ല. പക്ഷേ അത് ചെയ്യുന്ന ഒരുപാട് പേര് ആ കമന്റ് ബോക്സിലേക്ക് വരുമ്പോൾ നമുക്ക് മനസ്സിലാകും നമ്മൾ ചെയ്തത് അവർക്ക് റിലേറ്റ് ചെയ്യാൻ പറ്റി എന്ന്.
എനിക്ക് വളരെയധികം ഇഷ്ടമുള്ള പാട്ടാണ് ''ഇങ്ങോട്ടു നോക്കേണ്ട കണ്ണുകളേ''. ശരിക്കും വളരെ വേദനയുള്ള പാട്ടാണ് അത്. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കണ്ട സിനിമയാണ് അത്. പക്ഷേ ഈ പാട്ട് കേട്ടിട്ട് സംവിധായകൻ കരയുന്നത് കണ്ടിട്ടുണ്ട്. ദർശന പാടിയപ്പോൾ ഫീൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പ്രൊഡ്യൂേസഴ്സ് കരയുന്നുണ്ട്. ഡൊമസ്റ്റിക് വയലൻസ് നേരിടുന്ന ഒരു സ്ത്രീയുടെ വ്യഥ എന്തെല്ലാമായിരിക്കും? നമ്മൾ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. എംപതൈസ് ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. ഇതിന് കമന്റുകൾ വരുമ്പോളാണ് ഇതിലൂടെ കടന്നു പോയിട്ടുള്ളവർ നമ്മളെ േതടി വരും എന്ന് മനസ്സിലാകുന്നത്.
ഹിറ്റാകുന്ന പടത്തിലും ഹിറ്റാകാത്ത പടത്തിലും നമ്മൾ കൊടുക്കുന്നത് ഒരേ സാധനമാണ്. ഏതിലാണ് ദൈവം സ്പോട്ട് ലൈറ്റ് വീഴ്ത്തുന്നതെന്നനുസരിച്ചാണ് നമ്മുടെ കരിയർ ഡിസൈൻഡ് ആവുന്നതെന്നതാണ് സത്യം.
ഭക്തിയുണ്ട്
ബീമാപള്ളി സോങ് ഒരു ഇസ്‌ലാം സോങ് ആണെങ്കിലും ഞാൻ പൊതുവിൽ ഒരു ഫിലോസഫി ആണ് എഴുതുന്നത്. സിനിമയുടെ ആവശ്യം അനുസരിച്ച് ക്യാരക്ടർ എങ്ങനെയാണെന്നുള്ളത് നോക്കും. ദൈവവും നമ്മളും ഒന്നാണ് എന്നുള്ള തത്വമസി ഫിലോസഫി ഇഷ്ടമാണ്. അതാണ് എന്റെ ഭക്തിപാട്ടുകളില്ലാം കാണുന്നത്.
'കിനാവു തന്ന കൺമണി'
ട്യൂൺ കേട്ടപ്പോൾ ആദ്യമായി മനസ്സിൽ വന്ന വരി 'പിടയുന്നൊരെന്റെ ജീവനിൽ കിനാവു തന്ന കൺമണി, നീയില്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി' എന്നാണ്. ഇങ്ങനെയുള്ള വരികൾ ഡയറക്ടറും മ്യൂസിക് ഡയറക്ടറും മാറ്റാൻ പറഞ്ഞാലും നിരാഹാരം കിടന്നിട്ടാണെങ്കിലും അപ്രൂവ് ചെയ്യിച്ച് എടുക്കേണ്ട വരിയാണെന്ന് തോന്നും. അതു കഴിഞ്ഞിട്ട് അതിന്റെ റിപ്പീറ്റ് വേണമെന്ന് പറഞ്ഞു. അങ്ങനെ ആലോചിച്ചാണ് ''മിഴിനീരു പെയ്ത മാരിയിൽ'' എന്ന വരി എഴുതിയത്. ആ രണ്ടു വരിയാണ് ആൾക്കാർക്ക് ഒരു പെയിൻ കൊടുക്കുന്നത്. ആ പാട്ടിന്റെ വിജയവും അതാണ്
പറുദീസാപ്പാട്ട്
ഒരുപാട് കഷ്ടപ്പെട്ട പാട്ടാണ് 'പറുദീസ'. ആ വാക്ക് എഴുതുന്നതിനു മുൻപാണ് ബാക്കി വരികളൊക്കെ എഴുതിയത്. 'താ നാ നാ' എന്നു പറഞ്ഞു ഞാൻ കുറേ നാൾ നടന്നു. ആദ്യം കുറേ സ്പാനിഷ് വാക്കുകൾ ഉപയോഗിച്ചു. ഇംഗ്ലിഷ് ഉപയോഗിച്ചു. എന്തൊക്കെയോ പ്രത്യേക വാക്കുകൾ വേണമെന്നുണ്ടായിരുന്നു. ഷൂട്ട് തുടങ്ങാനുള്ള പ്രഷറുണ്ടായിരുന്നു. അമലേട്ടൻ വിളിച്ച് ''എന്നു കിട്ടും?'' എന്നു ചോദിക്കുമ്പോൾ ''ഈശ്വരാ, ഇത് വല്ല നടപടിയുമാകുമോ?'' എന്ന് ചിന്തിച്ച് എന്റെ ഊണും ഉറക്കവുമൊക്കെ പോയി. അങ്ങനെ ചിന്തിച്ചപ്പോൾ തോന്നി എന്തിനാണ് വേറെ ഭാഷ, മലയാളത്തിൽ തന്നെയുള്ള വാക്കു പോരെ എന്ന്. അങ്ങനെ 'താനാനാ' എന്നത് 'തനനാന' ആക്കാമോ എന്ന് സുഷിനോട് വിളിച്ചു ചോദിച്ചു. സുഷിൻ സമ്മതിച്ചു. വാക്ക് എന്താണെന്നു ചോദിച്ചു. ഞാൻ പറഞ്ഞു ‘പറുദീസ’ അമലേട്ടനോടും ഈ വാക്കിനെക്കുറിച്ച് പറഞ്ഞു. പാടുന്നവർക്ക് ആവോളം പാടാനും ആടുന്നവർക്ക് ഭയക്കാതെ ഡാൻസ് ചെയ്യാനും ഒന്നായി ചേരണമെന്ന് ആഗ്രഹിക്കുന്ന രണ്ടു േപർക്ക് ഒരുപേടിയുമില്ലാതെ ഒന്നായി ചേരാനും പറ്റുന്ന ഒരു ഭൂമി ഉണ്ടെങ്കിൽ ആ ഭൂമിയെ നമുക്ക് പറുദീസ എന്ന് വിളിക്കാം. സിംപിൾ വാക്കുകളാണ്. പക്ഷേ ഇതിൽ ഇങ്ങനെയൊരു കോൺസെപ്റ്റ് പറയാൻ പറ്റി. പ്രത്യക്ഷത്തിൽ തോന്നുകയില്ലെങ്കിലും പൊളിറ്റിക്കലായിട്ടുള്ള പാട്ടാണ്.
വെറുതെയിരിക്കുമ്പോഴും നല്ലതായിരിക്കുക
നമ്മൾ നമ്മളെ നല്ലതാക്കുക. അപ്പോൾ നൈസർഗികമായി വരുന്ന എല്ലാ കലാസൃഷ്ടിയും പൊളിറ്റിക്കലി കറക്റ്റായിരിക്കും. തെറ്റുണ്ടെങ്കിൽ സമ്മതിക്കാനും ഇവോൾവാകാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ പൊളിറ്റിക്കലി കറക്റ്റാകുമ്പോൾ ഓരോ വരിയും കറക്റ്റാണോ എന്ന് ഇരുന്ന് ആലോചിക്കേണ്ട കാര്യമില്ല. അത് കറക്റ്റായിരിക്കും. ആവേശം സിനിമയിലെ പാട്ടിൽ അങ്ങനെയൊരു തെറ്റായ വരി ഉണ്ടായിരുന്നു. എഴുതിയപ്പോൾ തെറ്റായി തോന്നിയില്ല. കഥാപാത്രത്തിനു വേണ്ടിയല്ലേ എഴുതുന്നത് എന്ന തോന്നലായിരുന്നു. പക്ഷേ സംവിധായകൻ ജിത്തു ആ വരി വേണ്ട എന്നു പറഞ്ഞു. നമ്മൾ നമ്മളെ മാറ്റിയാൽ അത് എഴുത്തിലും വരും.
എന്നാൽ മദ്യപാനികൾ ചേർന്നു പാടുന്ന പാട്ടിൽ മദ്യം നല്ലതാണെന്നു പറയാനേ പറ്റൂ. പക്ഷേ ആ അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ ആണെങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റായി മാറും. മറിച്ച് സിനിമയിൽ ഇത് തെറ്റാണെന്നും ഈ ക്യാരക്ടേഴ്സ് ശരിയല്ല എന്നും പറയുകയാണെങ്കിൽ നിങ്ങൾക്ക് ഈ പാട്ടെഴുതുന്നതിൽ ഉറച്ചു നിൽക്കാം. ക്യാരക്ടേഴ്സിനു വേണ്ടിയാണ് എഴുതിയതെന്ന് പറയാം.
നല്ല വരുമാനമുള്ള ജോലി
എന്തും നേരിടാൻ തയാറായിട്ടേ ഈ ജോലിയിലേക്ക് വരാവൂ. ഇത്രയും ആളുകളുള്ള നാട്ടിൽ സിനിമാപ്പാട്ടിന് വരികളെഴുതി ജീവിക്കുന്ന വളരെ കുറച്ചുപേരേയുള്ളു. കൂട്ടിയും കുറച്ചും നോക്കിയാൽ പത്തോമുപ്പതോ പേരു കാണും. അവരിൽ പലർക്കും സൈഡായി വേറെന്തെങ്കിലും ജോലിയുമുണ്ടാകാം. പാഷനുണ്ടെങ്കിൽ മാത്രം ഇറങ്ങിത്തിരിക്കുക. നല്ല രസമുള്ള ജോലിയാണ്. താൽപര്യമുള്ളവർ ചെയ്തു നോക്കൂ എന്നാണ് ഞാൻ പറയുക.
രതിപുഷ്പം പാട്ട് അമ്പരപ്പിച്ചു
ഞങ്ങൾ പ്രതീക്ഷിച്ചതിലും ഹിറ്റായി ആ പാട്ട്. അതു ചെയ്യുമ്പോൾ ബിറ്റ് സോങ് ആയിട്ടാണ് ചെയ്തിരുന്നത്. പ്രമോഷൻസിൽ അതിന് ഇത്ര ഇംപോർട്ടൻസ് കൊടുക്കും എന്നു ഞാൻ ഓർത്തില്ല. ആ പാട്ടെനിക്ക് ബോണസാണ്. നമ്മൾ ചിരിച്ചുകൊണ്ട് ചെയ്ത പാട്ടാണ്. വളരെ എൻജോയ് ചെയ്ത് പാട്ടാണിത്. ആൺ-ആൺ പ്രണയം കൂടി സ്വാഭാവികമായി ആ പാട്ടിൽ വരികയാണെങ്കിൽ നല്ലതായിരുന്നു എന്ന് ചർച്ചയുണ്ടായിരുന്നു.
'വിരിമാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം'
എന്ന വരികൾ എഴുതിയപ്പോൾ ''അത്രയ്ക്ക് വേണോ'' എന്നൊക്കെ സംശയമുണ്ടായി. പിന്നെ രണ്ടും കൽപിച്ച് ആ വരികൾകൂടി ചേർക്കുകയായിരുന്നു.
ദാബ്സിയും പാൽഡബ്ബയും മറ്റു പാട്ടുകാരും
അങ്ങനെ ഇൻഡിപെൻഡന്റ് പാട്ടുകാരെക്കൊണ്ട് പഠിപ്പിക്കാം എന്നുള്ളത് സുഷിന്റെ ചിന്തയായിരുന്നു. പാൽഡബ്ബയും ദബ്സിയും ഞാൻ എഴുതിയ വരികളാണ് പാടിയിരിക്കുന്നത്. എംസി പാടിയത് സ്വന്തം വരികളാണ്. അത് ബാക്കി വരികളുമായി ജെൽ ആകണം. എനിക്കിത് വളരെ പുതിയതായിരുന്നു. സുഷിന്റെ സ്റ്റുഡിയോയിൽ ഒരു വൈറ്റ് ബോർഡും മാർക്കറും ഉണ്ട്. ദാബ്സി, എംസി കൂപ്പർ, പാൽഡബ്ബ, ഹനുമാൻ കൈൻഡ് എന്നവരുടെയൊക്കെ പേരും പാടേണ്ട പാട്ടും എഴുതിയ ബോർഡാണത്. ലെഫ്റ്റിൽ ഒരു കോളത്തിൽ ഈ എട്ട് പാട്ട് എഴുതി വച്ചിട്ടുണ്ട്. റൈറ്റിൽ ഇത് ആരു പാടണം എന്നുള്ള സ്പേസാണ്. ഞാനും സുഷിനും ജിത്തുവും ചർച്ച ചെയ്യും. അപ്പോൾ നമ്മുടെ സ്ഥിരം കുറേ പേരുകൾ മനസ്സിൽ വരും. അത് എഴുതി വയ്ക്കും. പിന്നെ അത് മായ്ച്ച് വേറെ പുതിയ വോയ്സ് പിടിക്കാം എന്നു തീരുമാനിക്കും. അധോലോകം എന്നൊരു പാട്ട് ചെയ്തപ്പോൾ ശ്രീനാഥ് ഭാസി എന്നൊരു ഐഡിയ വന്നു. പിന്നീടാണ് ജാഡ ചെയ്യുന്നത്. അത് ഭാസിയാണ് പാടിയത്. തുണ്ടിൽ ഞാനെഴുതിയ ‘വാനിൽ നിന്നും’ എന്ന പാട്ട് പാടിയത് പ്രണവം ശശിയാണ്. സുഷിന് ആ വോയ്സ് ഇഷ്ടപ്പെട്ടു. ഒരു പാട്ട് പുള്ളിക്ക് കൊടുത്തു. ദബ്സിക്ക് സിനിമ ഷൂട്ട് ചെയ്യുന്നതിനു മുൻപേ ഇല്യൂമിനാറ്റി എന്ന പാട്ടാണ് കൊടുത്തിരുന്നത്. ബാക്കി എട്ടു പാട്ട് പോസ്റ്റ് പ്രൊഡക്ഷനിലായിരുന്നു. അവരുടെ ചോയ്സായിരുന്നു ദബ്സിയെക്കൊണ്ട് പാടിക്കാമെന്ന്. എനിക്കതിൽ ഒരു ഡൗട്ട് ഉണ്ടായിരുന്നു. അവരെ വിശ്വസിക്കുക എന്നേയുള്ളായിരുന്നു. ഇപ്പോൾ അതിന്റെ ഫലമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
എ.ആർ.റഹ്മാനും എന്റെ വരികളും
മലയൻകുഞ്ഞിലെ പാട്ടാണ് ആ സ്വപ്നം നടത്തിത്തന്നത്. ട്യൂൺ വളരെ പ്ലസന്റും ലിറിക്സ് വളരെ ട്രാജിക്കും ആയിരിക്കണം. അങ്ങനെ എഴുതിയ പാട്ടാണിത്. അനിയത്തിയെ പറ്റിയുള്ള ഇയാളുടെ ഓർമയും അതിന്റെ അടുത്ത വരികളിലൊക്കെ അയാളുടെ ദുഃഖവും ഉണ്ട്. 'നെല്ലിക്ക പോലും പെണ്ണേ ഒരിക്കൽ ഇനിക്കുകില്ലേ' എന്ന വരി എനിക്ക് പ്രിയപ്പെട്ടതാണ്. നെല്ലിക്ക പോലും പിന്നീട് മധുരിക്കും. പക്ഷേ എന്റെ ജീവിതത്തിൽ ഇപ്പോഴും കയ്പ്പാണ്, എന്താണ് ആ മധുരം വരാത്തത് എന്നുള്ള ചോദ്യവും അതേ ട്യൂൺ അടുത്ത സ്റ്റാൻസയിൽ വരുമ്പോൾ 'നീലക്കുറിഞ്ഞി പോലും പെണ്ണേ തഞ്ചത്തിൽ പൂക്കുകില്ലേ' എന്നാണ് എഴുതിയത്. അതിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന സമയത്ത് റഹ്മാൻ സാറിനെ നേരിട്ട് കണ്ടിട്ടില്ല. ഞങ്ങളിവിടെയും സാറ് ദുബായിലും ആയിരുന്നു. അതുകഴിഞ്ഞ് സാറ് ചെന്നൈയിലേക്കു വന്നപ്പോൾ സിനിമയുടെ റിലീസിങ്ങിന്റെ സമയമായിരുന്നു. ഈ പാട്ടിറങ്ങിയപ്പോൾ ഞാനദ്ദേഹത്തിന്റെ അടുത്ത റൂമിലുണ്ടായിരുന്നു. അന്ന് സംസാരിക്കാനും ഫോട്ടോ എടുക്കാനും പറ്റി. പിന്നീട് അദ്ദേഹത്തിന്റെ കുറച്ച് തമിഴ് പടങ്ങളുടെയൊക്കെ മലയാളം ലിറിക്സ് എനിക്ക് എഴുതാൻ തരുകയും ചെയ്തു. മാമന്നൻ, കോബ്ര, പത്തുതല തുടങ്ങിയ ചിത്രങ്ങളുടെ പാട്ട് എന്നെക്കൊണ്ട് എഴുതിച്ചത് അങ്ങനെയാണ്.