ADVERTISEMENT

നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് ഒരു പുതിയ പ്രതിഭ കൂടി എത്തുകയാണ്, എബി സാൽവിൻ തോമസ്. 27 വർഷമായി സംഗീതലോകത്ത് എബിയുണ്ട്. മോഹൻ സിത്താര, ഔസേപ്പച്ചൻ, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയവരുടെ സംഗീതത്തിന് ഓർക്കസ്ട്രൽ അറേഞ്ച്മെൻറ്റ് ചെയ്തിരുന്ന എബി 16 വർഷമായി ബിജിബാലിനൊപ്പം പ്രവർത്തിക്കുകയാണ്. ഇപ്പോൾ ഗോളത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്ന എബി വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.  

ഗോളത്തിലൂടെ സിനിമയിലേക്ക് 

രഞ്ജിത്ത് സജീവ് നായകനാകുന്ന ഗോളം എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതവും പാട്ടും ഞാൻ ആണ് ചെയ്തത്. സംജാദ് ആണ് സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഗോളം. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി, സണ്ണി വെയ്ൻ എന്നിവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന താരങ്ങൾ. മിസ്റ്ററി ക്രൈം ത്രില്ലർ ആണ് സിനിമ. ഞാൻ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുമിച്ചു ചെയ്ത് ആദ്യമായി തീയറ്ററിൽ എത്തുന്ന സിനിമയാണ് ഗോളം. 

27 വർഷമായി ഇവിടെയുണ്ട് 

ഞാൻ റെക്കോർഡിങ് ഇൻഡസ്ട്രിയിൽ വന്നിട്ട് 27 വർഷമായി. 1997 മുതൽ ഓർക്കസ്ട്ര അറേഞ്ച് ചെയ്യുന്നുണ്ട്. മോഹൻ സിത്താര, ഔസേപ്പച്ചൻ സർ, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, അതിനു ശേഷം ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയവരോടൊപ്പം വർക്ക് ചെയ്തിരുന്നു. ബിജിബാലിനു വേണ്ടി 16 വർഷമായി വർക്ക് ചെയ്യുന്നുണ്ട്. ഇവരുടെ എല്ലാം സിനിമകളുടെ സംഗീതത്തിന് വേണ്ടി പ്രോഗ്രാമിങ് ഓർക്കസ്ട്ര അറേഞ്ച്മെന്റ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് സിനിമകൾക്ക് വേണ്ടി സ്വന്തമായി സംഗീതം ചെയ്യാൻ തുടങ്ങിയത്. 

എബി സാൽവിൻ തോമസ് (Photo: Instagram)
എബി സാൽവിൻ തോമസ് (Photo: Instagram)

ത്രില്ലറിൽ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട് 

ഗോളം എന്ന സിനിമയിൽ ഒരു പാട്ടാണ് ഉള്ളത്. സൂരജ് സന്തോഷ് ആണ് പാട്ട് പാടിയത്, വരികൾ എഴുതിയത് വിനായക് ശശികുമാർ. ഈ സിനീമ ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ്. ത്രില്ലർ സിനിമകൾ പശ്ചാത്തല സംഗീതത്തെ ആശ്രയിച്ചാണല്ലോ മുന്നോട്ട് നീങ്ങുന്നത്. ആൾക്കാരെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തണമല്ലോ. അന്വേഷണ ഉദ്യോഗസ്ഥന് ഒരു ഹുക്ക് ലൈൻ ഇട്ട്, അതുവച്ചാണ് അന്വേഷണം മുഴുവൻ പോകുന്നത്. ക്രൈമും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വേറെ രീതിയിൽ സംഗീതം കൊടുത്തു. വളരെ വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ ആണ് ഗോളം. 

ഓർക്കസ്ട്രൽ മെലഡി ഇഷ്ടം 

ഓരോ സംഗീത സംവിധായകനും വഴങ്ങുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ച് ഓർക്കസ്ട്രൽ ആയിട്ടുള്ള സംഗീതം ചെയ്യാനാണ് ഇഷ്ടം. സ്കോർ എഴുതി റെക്കോർഡ് ചെയ്യുന്ന കാലത്തുനിന്നാണ് ഞാൻ വരുന്നത്. ഇപ്പോൾ കംപ്യൂട്ടറിൽ റെക്കോർഡ് ചെയ്യുന്ന കാലത്തിലേക്ക് എല്ലാവരും മാറിയിട്ടുണ്ട്. പക്ഷെ ഓർക്കസ്ട്രൽ ആയിട്ടുള്ള സംഗീതം ചെയ്യാനാണ് എനിക്ക് താല്പര്യം. എനിക്ക് മെലഡിയിൽ അൽപം ഓർക്കസ്ട്രൽ ആയിട്ടുള്ള പാട്ടുകൾ ചെയ്യാനാണ് താല്പര്യം. ഓർക്കസ്ട്രൽ അറേഞ്ച്മെന്റ് ചെയ്യണമെങ്കിൽ ശാസ്ത്രീയ സംഗീതത്തിൽ നല്ല അറിവ് വേണം. സ്കോർ എഴുതി പഠിച്ച് വന്ന ആളാണ് ഞാൻ. എനിക്ക് അങ്ങനെ ചെയ്യാൻ ആണ് എളുപ്പം.

റിലീസാകാനുള്ളത് 4 സിനിമകൾ 

ഞാൻ ഇതുവരെ നാലു സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാം റിലീസ് ചെയ്യാൻ പോകുന്നതേ ഉള്ളൂ. ഹരീഷ് കണാരൻ നായകനാകുന്ന ഉല്ലാസപ്പൂത്തിരികൾ, ഇ വലയം, സമക്ഷം എന്നിവയാണ് ആ ചിത്രങ്ങൾ. കേരളത്തിൽ ആദ്യമായി ഒരു യൂണിവേഴ്സിറ്റി നിർമ്മിക്കുന്ന പടം ആണ് 'സമക്ഷം'. അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഞാൻ ആണ് ചെയ്തത്. 'പൈസ പൈസ' എന്നൊരു ചിത്രത്തിനു വേണ്ടി പ്രൊമോഷൻ പാട്ട് ചെയ്തിട്ടുണ്ട്. എം.പി പദ്മകുമാർ സർ ചെയ്ത 'ടെലസ്കോപ്' എന്നൊരു സിനിമ ചെയ്തിരുന്നു. അതിൽ പശ്ചാത്തലസംഗീതം മാത്രമേ ഉള്ളൂ. 

English Summary:

Music Director Aby Salvin Thomas discusses his debut independent movie, Golam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com