‘സിനിമകൾ മിസ് ആയിപ്പോകുമെന്നു ഭയം, വർക്ക് ചെയ്യുമ്പോൾ ഹാപ്പി ആണോ എന്ന് ആരും ചോദിക്കാറില്ല’
Mail This Article
മലയാള സിനിമയുടെ ‘സീൻ മാറ്റി’ വിലപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്ന ഒരാൾ. തൊട്ടതെല്ലാം പൊന്നല്ല, അതിലും തിളക്കമുള്ളതാക്കിത്തീർത്ത് കേൾക്കുന്നവരുടെയെല്ലാം ആവേശമായി മാറിയ ഒരു ചെറുപ്പക്കാരൻ. ഇലുമിനാറ്റിയും പറുദീസയും ആദരാഞ്ജലിയുമെല്ലാം കേട്ട് ഹരംകൊണ്ട അതേ പ്രേക്ഷകർ ഉയിരിൽ തൊടും, തീരമേ, മൃദു ഭാവേ എന്നിവ കേട്ട് കണ്ണടച്ച് ലയിച്ചിരുന്നു. അതാണ് സുഷിൻ ശ്യാം എന്ന 32കാരന്റെ മാജിക്കൽ പവർ. വ്യക്തമായ കയ്യൊപ്പ് ചാർത്തിക്കൊണ്ട് എന്നാൽ, ആവർത്തന വിരസത തോന്നിക്കാതെ പാട്ടിൽ പല ഭാവങ്ങൾ നിറച്ചുവയ്ക്കുന്ന യുവത്വത്തിന്റെ ‘ഫേവറിറ്റ്’ ആണ് ഇന്ന് സുഷിൻ. ഉർവശി, പാർവതി തുരുവോത്ത് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഉള്ളൊഴുക്ക്’ ആണ് സുഷിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. പുത്തൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് സുഷിൻ ശ്യാം മനോരമ ഓൺലൈനിനൊപ്പം.
ഉള്ളൊഴുക്കിനെക്കുറിച്ച്
എൻജോയ് ചെയ്തു തന്നെയാണ് ‘ഉള്ളൊഴുക്ക്’ ചെയ്തത്. എത്രത്തോളം പ്രയാസങ്ങൾ നേരിട്ടു എന്ന് ഞാനിപ്പോൾ കൃത്യമായി ഓർക്കുന്നില്ല. കാരണം ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത് വർഷങ്ങൾക്കു മുൻപാണ്. സംവിധായകൻ ക്രിസ്റ്റോ എല്ലായ്പ്പോഴും കൂടെയുണ്ടായിരുന്നു. സിനിമയെക്കുറിച്ചു പലപ്പോഴും ചർച്ചകൾ നടത്തിയാണ് ഞങ്ങൾ സംയുക്തമായി മുന്നോട്ടു പോയത്. പാട്ട് മസ്റ്റ് എലമെന്റ് ആകുന്നത് ഇന്ത്യൻ സിനിമയിൽ മാത്രമാണ്. ഇപ്പോൾ വിദേശഭാഷാ ചിത്രങ്ങൾ നമ്മുടെ കൾച്ചർ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഉള്ളൊഴുക്കിനെ സംബന്ധിച്ചു പറഞ്ഞാൽ അതിൽ പാട്ടിന്റെ ആവശ്യമില്ല. അനാവശ്യമായി പാട്ട് തിരുകി കയറ്റേണ്ട ആവശ്യമില്ലല്ലോ.
സിനിമകൾ മിസ് ആകുമോയെന്നു ഭയം
പ്രോജക്റ്റുകൾ മിസ് ആയിപ്പോകുമോയെന്നു ഭയമുണ്ട്. കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി വിനിയോഗിക്കും. ചെറുതും വലുതുമായ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യാറുണ്ട്. അടിച്ചുപൊളി പാട്ടുകളും മെലഡികളും ചെയ്യാൻ ഇഷ്ടമാണ്. രണ്ടും ബാലൻസ് ചെയ്തു കൊണ്ടുപോകാനാണ് താൽപര്യം. മിസ് ആയി പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തുടർച്ചയായി പ്രോജക്റ്റുകൾ വരുമ്പോൾ ഇടയ്ക്കു ബ്രേക് എടുക്കാറുണ്ട്. നിലവിൽ ഒരു ബ്രേക്കിന്റെ മൂഡിലാണ്. ബ്രേക് ടൈമിൽ യാത്രകൾക്കായാണ് കൂടുതൽ സമയം നീക്കി വയ്ക്കുന്നത്.
‘ഇലുമിനാറ്റി’ ആളുകൾ പെട്ടെന്ന് മറക്കും
‘ഇലുമിനാറ്റി’ എന്ന പാട്ട് ഒരു വർഷത്തിൽ കൂടുതൽ ആളുകൾ ഓർത്തുവയ്ക്കില്ലെന്നുറപ്പാണ്. കാരണം, അതൊരു ട്രെൻഡി പാട്ടാണ്. അല്ലാതെ ഒരുപാട് ഓർത്തുവയ്ക്കാൻ പാകത്തിന് ലൈഫ് ഉള്ള പാട്ടല്ല. ‘ഇലുമിനാറ്റി’ ചെയ്യുമ്പോൾ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല. ട്രെൻഡിനനുസരിച്ച് ഒരു പാട്ട് ചെയ്യണമെന്നു മാത്രമായിരുന്നു മനസ്സിൽ. അതേ സമയം മാലിക്കിലെ ‘തീരമേ’ എന്ന പാട്ട് ചെയ്യാൻ കുറച്ചധികം ആലോചിക്കേണ്ടി വന്നു. കാരണം, ആ ഗാനം ആളുകൾ ഒരുപാട് കാലം മൂളി നടക്കണമെന്ന് ആഗ്രഹിച്ചാണ് ചെയ്തത്.
വർക്കിനിടെ ഹാപ്പി ആണോ എന്ന് ആരും ചോദിക്കാറില്ല
ജോലി ചെയ്യുമ്പോൾ നമ്മൾ ഹാപ്പിയാണോ എന്ന് ആരും ചോദിക്കാറില്ല. എല്ലാം ഒരു ഡെഡ്‌ലൈൻ വച്ച് ചെയ്യുന്ന കാര്യങ്ങളല്ലേ? മാനസികമായി തളർന്നിരിക്കുമ്പോൾ അടിച്ചുപൊളി പാട്ടുകൾ സൃഷ്ടിക്കേണ്ടി വരും. നേരെ തിരിച്ചും അതു സംഭവിക്കാറുണ്ട്. എങ്ങനെയൊക്കെയോ ബാലൻസ് ചെയ്തു കൊണ്ടുപോകുന്നു എന്നു മാത്രമേ പറയാൻ പറ്റൂ. നമ്മുടെ മനോനില വച്ച് ജോലി ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യമല്ലല്ലോ സിനിമയിൽ. വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഇടവേളയെടുക്കും. ചിലപ്പോൾ ശരിയാകും. അല്ലെങ്കിൽ ആ സാഹചര്യത്തിൽ തന്നെ ജോലി തുടരും.
അത് അത്ര എളുപ്പമല്ല
പഴയ പാട്ടുകൾ പുതിയ സിനിമയിൽ ഉപയോഗിക്കുകയെന്നത് എളുപ്പമല്ല. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന പാട്ടുപയോഗിച്ചപ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. ക്വാളിറ്റിയാണ് പ്രധാന പ്രശ്നം. പാട്ടുപയോഗിക്കാനുള്ള റൈറ്റ്സ് വാങ്ങുമ്പോൾ എവിടുന്നെങ്കിലും ഡൗൺലോഡ് ചെയ്തോളൂ എന്നു മാത്രമേ ബന്ധപ്പെട്ടവർ പറയൂ. ഒരുപാട് വർഷം മുൻപിറങ്ങിയ പാട്ടല്ലേ? അതിന്റെ ഏറ്റവും ക്വാളിറ്റിയുള്ള ട്രാക്ക് എടുക്കാൻ പരമാവധി ശ്രമിക്കും. പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ക്വാളിറ്റി കുറയാൻ പാടില്ല. അഡ്ജസ്റ്റ് ചെയ്താണ് പഴയ പാട്ടുകൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത്.