പലരും പാടുന്നത് ‘അച്ഛന്റെ മുതുകിൽ’ എന്ന്, യഥാർഥ വരികൾ ‘നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ’, ട്രെൻഡിങ് പാട്ട് കഥ!

Mail This Article
വാട്സാപ് സ്റ്റാറ്റസുകളിലും റീലുകളിലും തരംഗമാണ് 'ആയിരം ഓറ'. യൂട്യൂബിൽ 80 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള ഈ വൈറൽ റാപ്പ് കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഹരമായി പെയ്തിറങ്ങിക്കഴിഞ്ഞു. സോണി മ്യൂസിക്കിലൂടെ പുറത്തുവന്ന 'ആയിരം ഓറ'യ്ക്ക് വരികളെഴുതി പാടിയിരിക്കുന്നത് പ്രശസ്ത മലയാളി റാപ്പർ ഫെജോയാണ്. പാട്ടിലെ 'നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ' എന്നാരംഭിക്കുന്ന വരികളാണ് റീലുകളിൽ ഹിറ്റായിരിക്കുന്നത്. വരികൾക്കിടയിലെ 'ജെഫിനേ ലോഡെയ്യടാ' എന്ന ഡയലോഗും ഇതിനോടൊപ്പം വൈറലാണ്. പാട്ടിൽ പറയുന്ന ജെഫിൻ ആരാണെന്നുള്ള അന്വേഷണവും ആസ്വാദകർ തുടങ്ങിക്കഴിഞ്ഞു. 'ആയിരം ഓറ' റാപ്പിന്റെ ബീറ്റ് പ്രൊഡ്യൂസർ ആണ് ജെഫിൻ. ആയിരം ഓറ ലോഡ് ചെയ്തതിനു പിന്നിലെ കഥകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് റാപ്പർ ഫെജോയും ബീറ്റ് പ്രൊഡ്യൂസർ ജെഫിൻ ജസ്റ്റിനും.
എന്താണ് 'ആയിരം ഔറ'
ഫെജോ: ഓറ എന്നു പറയുന്നത് ജെൻ സി, ജെൻ ആൽഫയുടെയൊക്കെ ഒരു പ്രയോഗമാണ്. നമ്മൾ വൈബ് എന്നൊക്കെ പറയുന്നതു പോലെയാണ് ആയിരം ഓ എന്ന വാക്കും. ഒരു റാപ്പ് സോങ് ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് സോണി മ്യൂസിക് സൗത്ത് ഞങ്ങളെ സമീപിച്ചപ്പോൾ ഞങ്ങൾക്കും താൽപര്യം തോന്നി, ഏറ്റവും ബെസ്റ്റ് ചെയ്തു കൊടുക്കണമെന്നായിരുന്നു ആഗ്രഹം അങ്ങനെയാണ് സോണിക്കു വേണ്ടി ഞങ്ങൾ 'ആയിരം ഓറ' ചെയ്തത്. പലരും ഗൂഗിളിൽ സേർച്ച് ചെയ്യുന്നതും പാടി നടക്കുന്നതും അച്ഛന്റെ മുതുകിൽ അച്ഛന്റെ പോക്കറ്റിൽ എന്നാണ്. ശരിക്കും വരികൾ 'നഞ്ചെന്റെ പോക്കറ്റിൽ പഞ്ചെന്റെ മുതുകിൽ നന്നായി ജീവിക്കാനായിരം പോരാ (ഹാ)' എന്നാണ്. നഞ്ചെന്നു പറഞ്ഞാൽ വിഷം എന്നാണ്. വിഷം എന്റെ പോക്കറ്റിലുണ്ട്. എന്റെ മുതുകിൽ ഇടി കിട്ടിക്കൊണ്ടിരിക്കുകയാണ് നന്നായി ജീവിക്കാൻ ഇവിടെ ആയിരം രൂപയൊന്നും പോര എന്നൊക്കെയാണ് ഈ വരികളിലൂടെ അര്‍ഥമാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളുമൊക്കെയാണ് ഈ പാട്ടിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്.
'ആയിരം ഓറ' ലോഡ് ചെയ്ത ജെഫിൻ
ജെഫിൻ: കൂടെ തുള്ള് പോലെ ഒരു ഹിറ്റ് വേണമെന്ന് പറഞ്ഞാണ് ഫെജോ എന്നെ വിളിക്കുന്നത്. മുമ്പ് ഞങ്ങളൊന്നിച്ചു ചെയ്ത കൂടെ തുള്ള്, മഹാനുഭാവലു തുടങ്ങിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ബീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫെജോ വിളിച്ചപ്പോൾ ഞാനും ഓക്കെ പറയുകയായിരുന്നു. 'ആയിരം ഓറ' ഹിറ്റായ ശേഷമാണ് ആളുകൾ എന്നെ അന്വേഷിക്കാൻ തുടങ്ങിയത്.
ഫെജോ: ബീറ്റ് പ്രൊഡ്യൂസർമാരെ അങ്ങനെയാരും തിരക്കാറില്ല. ഇവനും പബ്ലിക്കിലേക്കു വരില്ല. വിഡിയോ ചെയ്യാനോ സ്റ്റേജ് ഷോ ചെയ്യാനോ ജെഫിനെ വിളിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാകും.
ജെഫിൻ: ഒരാൾ വന്ന് പാട്ടു കൊള്ളാം സൂപ്പർ ആണ് എന്നൊക്കെ പറഞ്ഞാൽ എങ്ങനെ പ്രതികരിക്കണമെന്നൊന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അധികം പബ്ലിക്കിൽ വരാത്തത്. ഒരിക്കൽ ഞാൻ ബെംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്തു. കോഴിക്കോട് സ്വദേശിയായ ഡെലിവറി ബോയ് ആണ് ഭക്ഷണം തരാൻ വന്നത്. അന്ന് അവൻ എന്നെ തിരിച്ചറിഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് പോയി. അതാണ് ജീവിതത്തിൽ ആദ്യമുണ്ടായ ഫാൻ മൊമന്റ്.
റീ സൈക്കിൾ ബിൻ തുറന്നു വന്ന ഹിറ്റുകൾ
ഫെജോ: പലപ്പോഴും ജെഫിൻ ഇഷ്ടപ്പെടാതെ ഡീലീറ്റ് ചെയ്ത ബീറ്റുകൾ ഞാൻ റീ സൈക്കിൾ ബിന്നിൽ നിന്ന് പൊക്കി കൊണ്ടു വന്ന് റാപ്പ് ചെയ്ത് ഹിറ്റായിട്ടുണ്ട്. അങ്ങനെയൊരു വർക്കാണ് 'ചെവി തുറന്നു പിടി'. ഇവന് ഇഷ്ടപ്പെടാതെ കളയുന്നതാണ് എനിക്ക് എപ്പോഴും ഇഷ്ടപ്പെടുന്നത്. ഒരു പാട്ട് ചെയ്യുമ്പോൾ അതിന് നാലോ അഞ്ചോ പതിപ്പുകൾ വരെയുണ്ടാകും. അതിൽ നിന്നാണ് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്. 'ആയിരം ഓറ'യുടെ അഞ്ചാമത്തെ വേർഷനാണ് ഇപ്പോൾ ആളുകൾ കേൾക്കുന്നത്.
ഫെജോ–ജെഫിൻ ഹിറ്റ് കോംബോ
ജെഫിൻ: ഞാനും ഫെജോയും ഒരുമിച്ച് 16 പാട്ടുകൾ ചെയ്തിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ സുഹൃത്തിനു വേണ്ടി ഒരു പാട്ട് കംപോസ് ചെയ്യാൻ വന്നപ്പോഴാണ് ഫെജോയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഞങ്ങൾ നല്ല സൃഹൃത്തുക്കളായി. ഞാൻ ചെയ്ത ഒരു ഹ്രസ്വചിത്രത്തിൽ ഫെജോ അഭിനയിച്ചിട്ടുണ്ട്. പാട്ട് ചെയ്യാൻ പഠിച്ച സമയത്ത് ഇവന്റെ ട്രാക്ക് വച്ചാണ് പഠിച്ചത്. എന്റെ കയ്യിൽ മ്യൂസിക് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവന്റെ കയ്യിൽ വോക്കലും. അങ്ങനെയാണ് ഇവന്റെ വോക്കലും എന്റെ മ്യൂസിക്കും ഒന്നിച്ചാൽ നന്നായിരിക്കുമെന്നു തോന്നിയതും പാട്ട് ചെയ്ത് തുടങ്ങിയതും. 'വേറെ ലെവൽ' ആണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചു ചെയ്തത്.
ഫെജോ: ഞാൻ ഏറ്റവും കൂടുതൽ പാട്ട് ചെയ്തിരിക്കുന്നത് ജെഫിനൊപ്പമാണ്. എനിക്ക് കംഫർട്ടായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരാളാണ് ജെഫിൻ. എന്നെ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടമല്ല. ഇവനാകുമ്പോൾ കുഴപ്പമില്ല. എപ്പോഴും കളിയാക്കലുകളാണ്. അതുകൊണ്ട് ആ വർക്ക് നന്നാകും.
ജെഫിൻ: എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ഒരാളാണ് ഫെജോ. ചില ട്രാക്കുകൾ തുടങ്ങുമ്പോൾ തന്നെ ഇവൻ പറയും മോനേ ഇത് ഹിറ്റാണെന്ന്. അതെല്ലാം ഹിറ്റാവുകയും ചെയ്യും. അതെങ്ങനെ എന്ന് എനിക്കറിയില്ല.
പാട്ട് രക്ഷിച്ച ജീവൻ
ഫെജോ: 'ഒന്നേന്നു ഒരുമിച്ചു തുടങ്ങാം' എന്ന പാട്ട് പ്രളയത്തെക്കുറിച്ചു ചെയ്തതായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുമ്പോൾ ഈ പാട്ട് കേട്ട ശേഷം മനസ്സുമാറി ആത്മഹത്യ ചെയ്യേണ്ട എന്ന് തീരുമാനിച്ചതായി കമന്റ് വന്നിരുന്നു. ഏറെ വൈകാരികമായ കമന്റായിരുന്നു അത്. അതെനിക്കു വലിയ സന്തോഷം തന്ന കാര്യമാണ്. നമ്മൾ ചെയ്ത പാട്ടിലൂടെ ഒരു ജീവൻ രക്ഷിക്കാൻ പറ്റിയെങ്കിൽ അതിലും വലിയ എന്താണുള്ളത്!