അവസാനിക്കാതെ ‘തലയാട്ടൽ’ തരംഗം, പാടാൻ വിളിച്ചില്ലെന്ന് ചിമ്പുവിന്റെ പരിഭവം; ചില്ലറക്കാരനല്ല ദിബു നൈനാൻ തോമസ്!

Mail This Article
‘ഊം... അ... അ... ആ’ തമിഴ് ചിത്രം ഡീസലിലെ വൈറൽ ഗാനമായ ബീയർ സോങ്ങിലൂടെ ഗ്ലോബൽ ഹിറ്റടിച്ച ഈ വരികളും അതിനു സമൂഹമാധ്യമത്തിൽ ക്ലിക്കായ തലയാട്ടലുകളും സൃഷ്ടിച്ച ഓളം ചെറുതല്ല. മലയാളിയായ ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനം കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ പാട്ട് സൂപ്പർഹിറ്റടിച്ച് നിൽക്കുന്ന സമയത്താണ് ദിബുവിനെ തേടി ഒരു ഫോൺ കോൾ എത്തുന്നത്. തമിഴിലെ സൂപ്പർതാരം ചിലമ്പരസൻ എന്ന ചിമ്പുവാണ് മറുതലയ്ക്കൽ! ബീയർ സോങ് ഗംഭീരമായിട്ടുണ്ടെന്ന അഭിനന്ദന വാക്കുകൾക്കു ശേഷം ഒറ്റ ചോദ്യം! ഈ പാട്ടു പാടാൻ തന്നെ എന്തുകൊണ്ട് വിളിച്ചില്ല? അപ്രതീക്ഷിത ചോദ്യം കേട്ട് ദിബു ആശ്ചര്യപ്പെട്ടെങ്കിലും ചിമ്പുവിന്റെ പരിഭവത്തിന് ദിബുവും ‘ഡീസൽ’ സിനിമയുടെ അണിയറപ്രവർത്തകരും വൈകാതെ ഉത്തരം നൽകി. ആ ഉത്തരമാണ് സിനിമയിലെ ഏറ്റവും പുതിയ ട്രാക്ക് ‘ദിൽബർ ആജാ’! തമിഴിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ഗാനത്തിന് ചിമ്പു ശബ്ദം നൽകിയതിന്റെ പിന്നണിക്കഥ പങ്കുവച്ചപ്പോൾ ദിബുവിന്റെ വാക്കുകൾക്ക് പുഞ്ചിരിയുടെ നിറത്തിളക്കം!
പോയ വർഷം ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നിറസാന്നിധ്യമായി മാറിയ ദിബുവിന്റെ പാട്ടുകൾ ഇപ്പോഴും മലയാളികളുടെ നാവിൻത്തുമ്പിലുണ്ട്. ‘അങ്ങ് വാന കോണില്’ എന്ന ഗാനം കുട്ടികളുടെ ആന്തം പോലെയായി. ചോദ്യപേപ്പറിൽ വരെ ഇടം നേടിയ ഗാനം കേരള തമിഴ്നാട് സർക്കാരിന്റെ പല ക്യാംപെയ്നുകളുടെയും പശ്ചാത്തലഗാനമായി. തമിഴിൽ ‘ഡീസൽ’, ‘മിസ്റ്റർ എക്സ്’ എന്നീ സിനിമകളാണ് ദിബുവിന്റെ റിലീസിനൊരുങ്ങുന്നത്. ഡീസൽ ചിത്രത്തിലെ പുതിയ ട്രാക്കും 30 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. മിസ്റ്റർ. എക്സ് സിനിമയിലെ ‘ഹയ്യോടി’ എന്ന ഗാനവും കുതിപ്പ് തുടരുകയാണ്. സിനിമാവിശേഷങ്ങളുമായി ദിബു നൈനാൻ തോമസ് മനോരമ ഓൺലൈനിൽ.
ചിമ്പു പാടിയ ഹിറ്റ് ട്രാക്ക്
ചിമ്പു വളരെ അപ്രതീക്ഷിതമായാണ് വിളിച്ചത്. അദ്ദേഹത്തെ പോലെ ഇത്രയും സ്റ്റാർഡത്തിൽ നിൽക്കുന്ന ഒരാൾക്ക് പാട്ടു പാടാൻ താൽപര്യമുണ്ടെന്ന് നമ്മൾ അറിയുന്നില്ലല്ലോ. എന്റെ ട്രാക്കുകളെല്ലാം ശ്രദ്ധിക്കാറുണ്ടെന്നും വളരെ പ്രതീക്ഷകൾ ഉള്ള മ്യൂസിക് ഡയറക്ടറാണെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ സിനിമയുടെ നിർമാതാവിനോടും ചിമ്പു പാട്ടു പാടാനുള്ള താൽപര്യം അറിയിച്ചിരുന്നു. ബീയർ സോങ് പാടാനായിരുന്നു ശരിക്കും അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, ആ പാട്ട് എന്തായാലും റിലീസ് ആയി ഗ്ലോബൽ ഹിറ്റായല്ലോ. അതുകൊണ്ട് അടുത്ത ട്രാക്ക് ചിമ്പുവിനെക്കൊണ്ട് പാടിക്കാമെന്ന് നിർമാതാവ് പറഞ്ഞു. അങ്ങനെയാണ് ‘ദിൽബർ ആജാ’ എന്ന ട്രാക്ക് സംഭവിക്കുന്നത്. ട്രാക്ക് അയച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന് താൽപര്യമായി. പാട്ട് റെക്കോർഡ് ചെയ്തു. പ്രഫഷനൽ ഗായകനെപ്പോലെയാണ് അദ്ദേഹം വന്നു പാടി പോയത്. ഫീമെയിൽ പോർഷൻ പാടിയിരിക്കുന്നത് ശ്വേത മോഹൻ ആണ്. കുറച്ചു കുട്ടികളും ആ പാട്ടിൽ ശബ്ദം നൽകിയിട്ടുണ്ട്. വിജയ് ടിവിയിലെ സൂപ്പർ സിങ്ങറിലെ കുട്ടികളാണ് അതിൽ പാടിയിരിക്കുന്നത്. നായകന്റെ ഇൻട്രൊഡക്‌ഷൻ ഗാനമായിട്ടാണ് സിനിമയിൽ ഈ ട്രാക്ക് വരുന്നത്.
‘അങ്ങ് വാന കോണില്’ നൽകിയ സന്തോഷങ്ങൾ
എന്റെ പാട്ടുകൾ ആളുകളുമായി കണക്ട് ആയി എന്നതിലാണ് എന്റെ സന്തോഷം. ഒരു ക്ലാസ് മുറിയിലിരുന്ന് കുട്ടികൾ ‘അങ്ങ് വാന കോണില്’ എന്ന പാട്ട് പാടുന്നത് ടീച്ചർ ഏറെ ആസ്വദിച്ചു കേൾക്കുന്ന വിഡിയോ ഞാൻ കണ്ടിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ അവരുടെ ഒരു ക്യാംപയിൻ വിഡിയോയ്ക്കു പശ്ചാത്തലമായി ഉപയോഗിച്ചത് ‘അങ്ങ് വാന കോണില്’ പാട്ടിന്റെ തമിഴ് പതിപ്പായിരുന്നു. എന്നോടു സംസാരിക്കുന്ന എല്ലാവരും പറയുന്ന കാര്യം അവരുടെ കുട്ടികൾക്ക് ഈ പാട്ട് ഏറെ ഇഷ്ടമാണെന്നാണ്. അതല്ലേ ഏറ്റവും വലിയ സന്തോഷം. കേരളത്തിലെ പരീക്ഷ പേപ്പറിൽ ഈ പാട്ടു വച്ചുള്ള ചോദ്യം വന്നതു പോലും ഈ പാട്ട് അത്രയും ആളുകളിലേക്ക് ഇറങ്ങിച്ചെന്നതിന് തെളിവാണ്. അതാണ് ആ പാട്ടിന്റെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു. ‘കനാ’ സിനിമയ്ക്കു വേണ്ടി ചെയ്ത ‘വായാടി പെത്ത പുള്ളെ’ ഇതുപോലെ റീച്ച് ആയ പാട്ടാണ്. യുട്യൂബിൽ മാത്രം 40 കോടിയലധികം പേർ ആ പാട്ട് ഒഫിഷ്യൽ ചാനലിൽ മാത്രം കണ്ടിട്ടുണ്ട്.
ഹിറ്റുകളുടെ ഭാരം ചുമലിലില്ല
ഒരുപാട് ട്രാക്കുകൾ ചെയ്യുന്ന വലിയ തിരക്കുള്ള സംഗീതസംവിധായകനല്ല ഞാൻ. ഇനി ആയാലും അതൊന്നും എന്നെ ആശങ്കപ്പെടുത്തുന്നില്ല. ഹിറ്റുകളുടെ ഭാരം സ്വയം കൊടുക്കുന്ന വ്യക്തിയല്ല ഞാൻ. ഒരു പാട്ട് ചെയ്യാനിരിക്കുമ്പോൾ മനസ്സിൽ വരുന്ന ഇമോഷൻ അനുസരിച്ചാണ് അതിനെ ട്രീറ്റ് ചെയ്യുന്നത്. ‘വായാടി പെത്ത പുള്ളെ’ പാടിയതു കൊണ്ടല്ല വൈക്കം വിജയലക്ഷ്മിയെ വീണ്ടും ‘അങ്ങ് വാന കോണില്’ പാടാൻ വിളിച്ചത്. ആ പാട്ട് അവർ പാടിയാൽ ഗംഭീരമാകും എന്നു തോന്നിയതുകൊണ്ടാണ് അവരെക്കൊണ്ട് പാടിപ്പിച്ചത്.
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല
തിരക്കഥ കേട്ടാണ് ഓരോ പ്രോജക്ടും തിരഞ്ഞെടുക്കുന്നത്. എന്നെക്കൊണ്ട് അവർക്ക് എന്തെങ്കിലും ഉപകാരമുണ്ടോ എന്നു നോക്കും. അതാണ് എന്റെ ആദ്യ പരിഗണന. എല്ലാം എനിക്കു കഴിയുന്ന പ്രോജക്ടുകൾ ആകണമെന്നില്ല. അതുകൊണ്ട്, എനിക്കു വരുന്ന എല്ലാ സിനിമകളും സ്വീകരിക്കാറില്ല. പിന്നെ, സമ്മർദങ്ങളെ നേരിടാനുള്ള ശേഷി ആർജിച്ചെടുക്കണം. കാരണം, സിനിമ അത്തരത്തിലൊരു ഇൻഡസ്ട്രിയാണ്. അവസാന നിമിഷമാകും കുറെ തിരുത്തലുകൾ വരുത്തേണ്ടി വരിക. ക്വാളിറ്റി നിലനിറുത്തി മികച്ച ഔട്ട്പുട്ട് കൊടുക്കുക എന്നതാണ് വെല്ലുവിളി. സമയബന്ധിതമായി തീർക്കേണ്ടി വരുമ്പോൾ സമ്മർദമേറും. ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാറില്ല.
മലയാളത്തിലേക്ക് ഇനി?
അടുത്ത മലയാളം പ്രോജക്ട് ഫൈനൽ ആയിട്ടില്ല. ചർച്ചകൾ നടക്കുന്നു. നല്ല രണ്ടു മൂന്നു പ്രോജക്ടുകൾ വന്നിട്ടുണ്ട്. ഉടനെ തന്നെ അതുണ്ടാകും.