‘ജീവിത സംസ്കാരത്തിലേക്ക് കൂടുതൽ അടുപ്പിച്ചത് ഗസൽ’; മോഹിപ്പിച്ച് ഗായത്രി അശോകിന്റെ സ്വരഭംഗി, അഭിമുഖം

Mail This Article
ഗായിക ഗായത്രി അശോകൻ പുറത്തിറക്കിയ 'നാ ദിൽ സേ ആഹ്' ശ്രദ്ധ നേടുന്നു. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫറാസിന്റെ കവിതയുടെയും ഗസലിന്റെയും സംയോജനമാണ് 'നാ ദിൽ സേ ആഹ്'. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ അഹമ്മദ് ഫറാസിന്റെ 'സുനാ ഹേ ലോഗ്' എന്ന ഗാനം ഇതിനു മുൻപ് ഗായത്രി ആലപിച്ചിരുന്നു. ഷോം ചാറ്റർജി സംഗീതം നൽകിയ ഗസൽ, ഫറാസിന്റെ വരികളെ സൂക്ഷ്മമായി ഇഴചേർക്കുന്നു. ഈ പാട്ടിനെകുറിച്ച് ഗായത്രി അശോകൻ മനോരമ ഓണലൈനോടു സംസാരിക്കുന്നു.
'ഗസൽ ഗേസ്'
അഹമ്മദ് ഫറാസിന്റെ 'സുനാ ഹേ ലോഗ്' എന്ന കവിത പാടിയത് ‘ഗസൽ ഗേസ്’ എന്ന സംഗീത ആൽബത്തിനു വേണ്ടിയായിരുന്നു. ഏഴു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ അടുത്ത കവിതയിലേക്ക് ഞാൻ എത്തിയത്. ഈ കാലയളവിൽ മറ്റു കവികളുടെ കൃതികളോടും എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അധികം ആരും ഗസൽ ആയി പാടാത്ത കൃതികൾ പാടുന്നതിൽ ഒരു പ്രത്യേക രസം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാരും പാടുന്ന കവിതകളാണെങ്കിൽ ആവർത്തനവും ഉണ്ടാകുമല്ലോ.
ആധുനിക ഉറുദു കവികളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത പ്രതിഭയായ കവിയാണ് അഹമ്മദ് ഫറാസ്. ഗസൽ എഴുതുക എന്നത് ബുദ്ധിമുട്ടാണ്. അതിന്റെ ഗ്രാമർ വ്യത്യസ്തമാണ്. കാല്പനികതയുടെ എല്ലാ ചാഞ്ചാട്ടങ്ങളെയും അദ്ദേഹം ചേർത്ത് പിടിച്ചിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്. സ്വന്തം വിഷമങ്ങളെ നോക്കി ചിരിക്കാൻ ഉള്ള മനസ്സ് വലിയ കാര്യമല്ലേ. അതിനെക്കൂടി അഹമ്മദ് ഫറാസ് പരിഗണിച്ചിരുന്നു.
മലയാളിയായ ഗസൽ പാട്ടുകാരി
ഞാൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. എന്റെ മാതൃഭാഷ മലയാളമാണ്. എന്നിട്ടും എനിക്ക് ഇത്തിരിയെങ്കിലും ഉറുദു കവിതയെ മനസ്സിലാക്കാനാകുന്നു എന്നത് എന്റെ കുറെ വർഷങ്ങളുടെ സാധനയുടെകൂടി ഫലമാണ്. ഇപ്പോഴാണ് ഞാൻ ഉറുദു വായിക്കാൻ പഠിക്കുന്നത്. കേരളത്തിൽ തനത് ഉറുദു അധ്യാപകരെ കിട്ടിയിരുന്നില്ല. ഇപ്പോൾ മുംബൈയിലേക്ക് താമസം മാറിയിട്ട് എട്ടു വർഷമായി. ഭാഷയെ മാറ്റി നിർത്തിയാലും ഗസൽ പാടുന്നത് ബുദ്ധിമുട്ടാണ്. സാധാരണ ക്ലാസിക്കൽ പാട്ടുകളുടേതുപോലെ രാഗത്തിന്റെ ഘടന ഇല്ലല്ലോ ഗസലിന്. അത് പലപ്പോഴും രാഗത്തിൽനിന്നും പുറത്തു പോകും, ഇടയ്ക്ക് തിരിച്ചു വരും. ട്രിക്കിയാണ് ഗസൽ. അതാണ് അതിന്റെ മനോഹാരിതയും.
ഗുലാം അലി, മെഹ്ദി ഹസൻ, ഹരിഹരൻ തുടങ്ങിയ പ്രതിഭകൾ തെളിച്ച വഴിയിലൂടെ പോകുന്നു എന്നേയുള്ളു. അത് ജീവിതത്തെയും വേറൊരു തരത്തിൽ കാണാൻ പ്രാപ്തയാക്കുന്നുണ്ട്. സംഗീതത്തിന്റെ ആഴം അറിയുമ്പോൾ ജീവിതത്തിന്റെ സത്തയിലേക്ക് കൂടുതൽ അടുക്കും. കവിതയുടെ സംസ്കാരത്തിന് ജീവിതത്തിൽ ഒതുക്കം കൊണ്ടുവരാൻ സഹായിക്കാനാകും. ജീവിതത്തിന്റെ സംസ്കാരത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഗസൽ കാരണമായിട്ടുണ്ട്.
'നാ ദിൽ സേ ആഹ്'
ഒറിജിനൽ ഗസലാണ് 'നാ ദിൽ സേ ആഹ്'. അല്ലെങ്കിൽ എപ്പോഴും കവർ മാത്രം പാടുന്ന ആളായി പോകും ഞാൻ. ഗസലിനെ ഗൗരവമായി സമീപിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോൾ ഒറിജിനൽ പാട്ടുകൾ പടിയാലല്ലേ ഒരു പത്തു വർഷം കഴിയുമ്പോൾ എനിക്കും ലെഗസി ഉണ്ടാകുകയുള്ളു. പ്രഗത്ഭരുടെ പാട്ടുകൾ പാടണം. അവരോടുള്ള ബഹുമാനം അങ്ങനെയും കാണിക്കാം. എന്നാലും സ്വന്തമായൊരു പേര് ഗസൽ രംഗത്ത് എനിക്കും വേണമെന്ന് ആശയുണ്ട്. ഇപ്പോഴും കേരളത്തിലെ ആളുകൾ എന്നെ അറിയുന്നത് 'ചാഞ്ചാടി ആടി ഉറങ്ങു നീ', 'ദീന ദയാലോ രാമ' ഒക്കെയുളളതുകൊണ്ടാണല്ലോ. അതുപോലെ ഒറിജിനൽ ഗസലുകളിൽക്കൂടിയും ആളുകൾ വരും കാലത്ത് എന്നെ ഓർക്കണം എന്നാണ് ആഗ്രഹം.