അമ്പമ്പോ! കുതിച്ച് പാഞ്ഞ് കാവാലാ, നിലം തൊടാതെ തമന്നയും രജനിയും; അടിമുടി തരംഗമായി പാട്ട്

Mail This Article
തമന്നയും രജനികാന്തും തുടക്കമിട്ട ‘കാവാലാ’ തരംഗം തെന്നിന്ത്യയാകെ നിറയുകയാണ്. റീലുകളുടെ ലോകത്ത് ഈ ചുവടുകളും വൈറലായിക്കഴിഞ്ഞു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് പാട്ടിനൊപ്പം നൃത്തം ചെയ്ത് വിഡിയോകൾ പങ്കുവയ്ക്കുന്നത്. കൊച്ചുകുട്ടികളുടെ ക്യൂട്ട് കാവാലാ പതിപ്പുകളും സമൂഹമാധ്യമലോകത്ത് പ്രചരിക്കുകയാണ്.
നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിലെ ഗാനമാണ് ‘കാവാലാ’. ജൂലൈ 6ന് പുറത്തിറങ്ങിയ പാട്ട് ഇതിനകം രണ്ടര കോടിയിലേറെ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. പുറത്തിറങ്ങിയ അന്നു മുതൽ പാട്ട് ട്രെൻഡിങ്ങിലാണ്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനമാണിത്. അരുൺരാജ കാമരാജ് വരികൾ കുറിച്ചു. അനിരുദ്ധും ശിൽപ റാവുവും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. തമന്നയുടെ ഗ്ലാമറസ് ലുക്കും ചടുലമായ ചുവടുകളാണ് പാട്ടിന്റെ മുഖ്യാകർഷണം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രമാണ് ‘ജയിലർ’. മോഹൻലാലും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. രജനികാന്തിന്റെ 169ാം ചിത്രം കൂടിയാണ് ജയിലർ. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.