‘വേണമെങ്കിൽ ഞാൻ കുറച്ച് ഹിന്ദി പഠിപ്പിച്ചു തരാം’ ഉണ്ണി മുകുന്ദനോട് റിമി ടോമി
Mail This Article
ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് റിമി ടോമി. പരിപാടികൾക്കിടയിലുണ്ടാകുന്ന ഗായികയുടെ ചില പരാമർശങ്ങളും തമാശകളും താരങ്ങൾക്കിടയിൽ ഏറെ ചർച്ചയാകാറുണ്ട്. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയ ഉണ്ണി മുകുന്ദന് റിമി നൽകിയ ഓഫറാണ് പുതിയ ചർച്ചാവിഷയം. ആവശ്യമുണ്ടെങ്കിൽ ഉണ്ണി മുകുന്ദന് താൻ ഹിന്ദി പഠിപ്പിച്ചു കൊടുക്കാമെന്നു റിമി പറയുന്നു. റിമിയുടെ ഓഫർ പൊട്ടിച്ചിരിയോടെ ഉണ്ണിമുകുന്ദനും സ്വീകരിച്ചു.
മമ്മൂട്ടി നായകനാകുന്ന മെഗാ ബജറ്റ് ചിത്രം മാമങ്കത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങളോടൊപ്പം പരിപാടിയിൽ എത്തിയതായിരുന്നു ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ നായികയായ പ്രാചി തെഹ്ലാൻ, ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്യുതൻ എന്നിവരായിരുന്നു ഉണ്ണി മുകുന്ദനൊപ്പം ഉണ്ടായിരുന്നത്. താരത്തെ വേദിയിലേക്ക് ക്ഷണിക്കുന്നതിനു മുൻപ് ഇനി കുറച്ചു നേരത്തയ്ക്ക് ഹിന്ദിയിൽ സംസാരിക്കേണ്ടി വരുമെന്നും അതിന് താൻ കുറച്ചു കഷ്ടപ്പെടുമെന്നും റിമി പറഞ്ഞു.
പ്രാചി തെഹ്ലാനോട് ഹിന്ദിയിലും ഇംഗ്ലീഷിലും ആണ് റിമി സംസാരിച്ചത്. നർമസംഭാഷണത്തിനിടെ, ഉണ്ണി മുകുന്ദൻ ബോളിവുഡിലേക്ക് എത്താൻ സാധ്യത ഉണ്ടെന്നും അതിനാൽ ആ ഭാഷ പഠിക്കുന്നത് വളരെ നന്നായിരിക്കുമെന്നും റിമി അഭിപ്രായപ്പെട്ടു. ആവശ്യമുണ്ടെങ്കിൽ ഉണ്ണി മുകുന്ദന് താൻ ഹിന്ദി പഠിപ്പിച്ചു കൊടുക്കാമെന്നായി റിമി. പൊട്ടിച്ചിരിയോടെയാണ് ഉണ്ണി മുകുന്ദൻ റിമിയുടെ ഓഫർ സ്വീകരിച്ചത്.
ഉണ്ണി മുകുന്ദനും പ്രാചി തെഹ്ലാനും ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ എത്തിയത് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരുന്നു. ‘മാമാങ്ക’ത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല....’ എന്ന ഗാനവും റിമി വേദിയിൽ ആലപിച്ചു.