സൗഹൃദത്തിൽ പിറന്ന ക്രിസ്മസ് കരോൾ ആൽബം
Mail This Article
ഗൾഫിൽ പിറന്ന വരികൾക്ക് കാനഡയിൽ സംഗീതമൊരുക്കി, മഞ്ഞു പുതച്ച നഗരഭംഗിയിൽ ചിത്രീകരിച്ചിരിക്കുകയാണ് ഒരു ക്രിസ്മസ് ഗാനം. ഈ ഡിസംബറിൽ ഓൺലൈനിലൂടെ പുറത്തിറക്കിയ ഗാനത്തിന് ഇതിനോടകം ഏറെ പ്രശംസയും സ്വീകാര്യതയുമാണ് ലഭിച്ചിരിക്കുന്നത്.
യുഎഇയിലെ അൽ ഐനിൽ നിന്നുള്ള പ്രവാസി മലയാളി ബെൻസൺ ബേബി വാഴമുട്ടമാണ് ‘നമുക്കൊരു ശിശു പിറന്നു’ എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. കാനഡയിലെ ടൊറന്റോ–യിൽ നിന്നും മലയാളിയായ ഫാ. മാത്യു തോമസ് കൊടുമൺ ആണ് ഈ ഗാനത്തിന്റെ സംഗീതവും ആൽബത്തിന്റെ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കാനഡയിലെ ഒരു പറ്റം ഗായകർ ചേർന്ന് മനോഹരമാക്കിയ ഗാനം പരമ്പരാഗത കരോൾ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഫാ. മാത്യു തോമസും ബെൻസൻ ബേബിയും ഒരുമിച്ച് പത്തനംതിട്ട കതോലിക്കേറ്റ് കോളജിൽ പഠിച്ചവരാണ്. ഈ സൗഹൃദമാണ് വർഷങ്ങൾക്ക് ശേഷം ഇത്തരം ഒരു സംഗീത കൂട്ടായ്മയ്ക്ക് വഴിയൊരുക്കിയത്. ജിജോ പീറ്റർ, മേരി ആൻ എൽവിൻ എന്നിവരാണ് ആൽബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
റോബിൻസൺ നെൽസൺ, ഡി.ഓ.റ്റി സി.എ. മീഡിയ ഹട്ട് ആണ് ഛായാഗ്രഹണവും എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നത്.