ADVERTISEMENT

പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും നമ്മുടെ ചുണ്ടുകൾ മൂളാൻ കൊതിക്കുന്ന എത്രയോ സിനിമാ ഗാനങ്ങൾ! മലയാളികൾ നെഞ്ചോടു ചേർത്തു വയ്ക്കുന്ന എത്രയെത്ര പ്രിയങ്കര ഗാനങ്ങളാണ് കവി ഒ എൻ വി കുറുപ്പ് സമ്മാനിച്ചിരിക്കുന്നത്. ചിലപ്പോഴവ ഓർമകൾ ഒരു വട്ടം കൂടി മേയാൻ കൊതിക്കുന്ന തിരുമുറ്റത്തേക്കു കൂട്ടിക്കൊണ്ടു പോവുന്നു. ചിലപ്പോൾ, ഇറ്റിറ്റു വീഴുന്ന നീർത്തുള്ളിയുടെ സംഗീതം പോലെ നഷ്ടപ്രണയത്തെ ഓർമിപ്പിക്കുന്നു. ജന്മങ്ങൾക്കപ്പുറത്ത് ഒരു ചെമ്പകം പൂത്ത സുഗന്ധം അനുഭവിപ്പിക്കുന്നു.....

 

ആയിരത്തിലേറെയുള്ള തന്റെ സിനിമാഗാനങ്ങളുടെ കൂട്ടത്തിൽ നിന്ന് തനിക്ക് ഏറ്റവും പ്രിയങ്കരമായ പത്തു പാട്ടുകളുടെ പിറവിയുടെ നിമിഷങ്ങളെക്കുറിച്ച് കവി പറഞ്ഞ വാക്കുകളിലൂടെ.... 

 

സിനിമയിലെ പാട്ട്, കവിയുടെ സ്വച്ഛന്ദമായ ഭാവാവിഷ്കാരമല്ല. അത് മറ്റൊരാളിന്റെ കഥയിലെ സന്ദർഭത്തിനനുസരിച്ച് രചിക്കേണ്ടി വരുന്നതാണ്. പ്രയുക്തമായ കവിത എന്നാണു ഞാനതിനെ വിശേഷിപ്പിക്കുന്നത്. എങ്കിലും ഒരു കൊച്ചു കവിത കേൾക്കുമ്പോൾ ഉണ്ടാവുന്ന സൗന്ദര്യാനുഭവം ചില ചലച്ചിത്രഗാനങ്ങൾ നമ്മിലുണ്ടാക്കുന്നു. ഗാനം കവിതയോടടുത്തു വരാം. അത്രമാത്രം.

 

ടാഗോറിന്റെ ഭാവസാന്ദ്രമായ ചില ഗീതങ്ങൾ സത്യജിത്റേയുടെയും റിത്വിക് ഘട്ടക്കിന്റെയും സിനിമകളിൽ പ്രയുക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചിത്രങ്ങളിൽ ജയദേവന്റെ അഷ്ടപദീ ഗീതങ്ങളിൽ ചിലതു വന്നിട്ടുണ്ട്. അതുകൊണ്ട്, കവിതയും സിനിമാപ്പാട്ടും പര്യായങ്ങളാവുന്നില്ല. ഓരോന്നിനെയും അതിന്റെ തനിമയിൽ തിരിച്ചറിയുന്നത് ആസ്വാദനത്തിനും നല്ലതാണ്. രവിവർമചിത്രങ്ങൾ കലണ്ടർ ചിത്രങ്ങളായെന്നു വരാം. അതുകൊണ്ട് കലണ്ടറിൽ വരുന്ന ചിത്രങ്ങളെല്ലാം രവി വർമ ചിത്രങ്ങൾക്ക് സമാനമാവുന്നില്ല. സൂര്യകാന്തിപ്പടങ്ങൾ വേറെ, വാൻഗോഗിന്റെ സൂര്യകാന്തികൾ വേറെ.

 

മാണിക്യ വീണയുമായെൻ...

 

മദിരാശിയിലേക്കുള്ള വണ്ടിയിലിരുന്ന് മനസിൽ കുറിച്ച പാട്ട്. 

എന്റെ ഈരടികളും ദേവരാജന്റെ ഈണങ്ങളും തമ്മിലിഷ്ടമാവുന്നത് ഞങ്ങളുടെ വിദ്യാർഥിജീവിതത്തിനിടയിലാണ്. അന്നു ഞങ്ങൾക്ക് നാടകവും സിനിമയുമൊന്നുമില്ല. സായംസന്ധ്യകൾ പലതും പ്രസംഗവേദികളിൽ കഴിഞ്ഞകാലം. ഇടയ്ക്ക് വല്ലപ്പോഴും ദേവരാജനും കൂടെയുണ്ടാകും. ഒരു പാട്ടുപാടും. അന്നും ദേവരാജന് ഒരു നിർബന്ധമുണ്ടായിരുന്നു. യോഗങ്ങളിൽ, താൻ തന്നെ സ്വരപ്പെടുത്തിയ മലയാള കവിതകൾ തന്നെ പാടണം. ക്ലാസിക്കൽ സംഗീതം കച്ചേരികളിലും റേഡിയോയിലും മാത്രം. ആ കാലഘട്ടത്തിലാണ് പൊന്നരിവാളമ്പിളിയിലുണ്ടായത്. അത് ദേവരാജൻ തന്നെ പാടിപ്പതിഞ്ഞ ഒരു പാട്ടായതിനു ശേഷമാണ് കെപിഎസി നാടകത്തിൽ ചേർത്തത്. അങ്ങനെ ഞങ്ങളുടെ പാട്ടുകൾക്ക് സ്ഥിരം വേദിയുണ്ടായി. കെപിഎസി നാടകവേദി. അന്നത്തെ പാട്ടുകൾ കാറ്റിൽ പൂമണം പോലെ പ്രചരിച്ചു. ആകസ്മികമായിരുന്നു അതിന്റെ സന്തോഷം.

 

അധികം വൈകാതെ കാലം മാറുന്നു എന്ന സിനിമയിൽ ഞങ്ങളൊന്നിച്ചരങ്ങേറി. യൂണിവേഴ്സിറ്റി കോളജിൽ എംഎ പരീക്ഷയുടെ അവസാനത്തെ പേപ്പറുമെഴുതി ഞാൻ പുറത്തു വരുമ്പോൾ, ദേവരാജൻ കോളജ് വരാന്തയിൽ കാത്തുനിൽക്കുകയായിരുന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ ഞങ്ങളുടെ ആദ്യത്തെ ചലച്ചിത്രഗാനം റെക്കോർഡ് ചെയ്യാനുള്ള തിടുക്കത്തോടെ. നേരെ പോയത് നേമത്തേക്കാണ്. അവിടെ വച്ച് ആമലർ പൊയ്കയിൽ എന്ന ഗാനത്തിന്റെ ശബ്ദലേഖനം നടന്ന ആ ത്രിസന്ധ്യയിലാണ് ഞങ്ങളുടെ ചലച്ചിത്രഗാന സപര്യയുടെ സമാരംഭം.

 

അടുത്ത വർഷങ്ങളിൽ ഞാൻ എറണാകുളം മഹാരാജാസിലും തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും അധ്യാപകനായി. കർശനമായ സർവീസ് റൂളുകൾ എനിക്ക് സിനിമാരംഗം അപ്രാപ്യമാക്കി. അന്ന് റെക്കോർഡിങ്ങിനു വേണ്ടി ഇറങ്ങിപ്പോന്ന കലാലയത്തിലേക്കു ഞാൻ തിരിച്ചുപോയി, ദേവരാജൻ നേമത്തെ മെരിലാൻഡിൽ നിന്ന് മദിരാശിയിലെ വലിയ സ്റ്റുഡിയോകളിലേക്കും. മലയായ സിനിമാപ്പാട്ടിന്റെ ചരിത്രത്തിൽ വയലാർ—ദേവരാജൻ യുഗം ഒരു വസന്തം സൃഷ്ടിക്കുന്ന ആ കാലത്ത് കൈവിരലിലെണ്ണാവുന്ന ചില ചിത്രങ്ങൾക്കു മാത്രം ബാലമുരളി എന്ന തൂലികാനാമത്തിൽ ഞാനെഴുതി. അന്ന് ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഫലമായി ഏതാനും പാട്ടുകളും ഉണ്ടായി. കാട്ടുപൂക്കൾ, കരുണ എന്ന ചിത്രങ്ങളിലേതാണവ. അക്കൂട്ടത്തിൽ ഏതാണ്ട് അരനൂറ്റാണ്ടു മുമ്പ് കാട്ടുപൂക്കൾക്കു വേണ്ടി രചിച്ച പാട്ടാണ് മാണിക്യവീണയുമായെൻ മനസിന്റെ താമരപ്പൂവിലുണർന്നവളേ! എന്നത്.

 

മദിരാശിയിലേക്കു പോകുന്ന വണ്ടിയിലിരുന്നാണ് പാട്ട് മനസിൽ കുറിച്ചത്. കാലത്ത് ദേവരാജൻ സ്റ്റേഷനിലെത്തിയിരുന്നു. വല്ലതും എഴുതിക്കൊണ്ടുവരാൻ പറ്റിയോ? എന്ന ദേവരാജന്റെ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. താമസസ്ഥലത്തെത്തിയതും പാട്ടെഴുതിയ കടലാസ് കൈയിൽ കൊടുത്തു. പതിവുപോലെ മൂളി മൂളി അത് സ്വരപ്പെടുത്തുന്ന ദേവരാജന്റെ സാന്നിധ്യത്തിൽ മറ്റു പാട്ടുകളുമെഴുതി.

 

മാണിക്യ വീണയുമായെൻ ചിത്രത്തിൽ പാടുന്നത് മധുവാണ്. ഒരു പരിഭവത്തിന്റെയും നൊമ്പരത്തിന്റെയും അന്തർധാരയാണാ ഗാനം. സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ടും സിനിമയ്ക്ക് പാട്ടെഴുതാൻ പോകുന്നതിൽ അസൂയാലുക്കളുണ്ടായിരുന്നു സർവീസിൽ തന്നെ. അന്നത്തെ പാട്ടിന്റെ പണിപ്പുരയിലേക്കുള്ള എന്റെ പോക്കും വരവുമൊക്കെ എന്റെ ഒളിവിലെ ഓർമകളാണിന്ന്.

 

പാടുപെട്ടു നേടിയ ഒരു സർക്കാരുത്തരവു മൂലം ബാലമുരളി വീണ്ടും സ്വന്തം പേരിലെഴുതുന്നയാളായി. പക്ഷേ, ദേവരാജനുമായുള്ള പാരമ്പര്യത്തിന്റെ കണ്ണി മുറിഞ്ഞുപോയി. അത് വീണ്ടും കൂട്ടി വിളക്കാൻ ഒരു നീണ്ടകാലം വേണ്ടിവന്നു. തോപ്പിൽഭാസിയുടെ സർവേക്കല്ലിൽ മന്ദാകിനീ! ഗാന മന്ദാകിനീ എന്ന പാട്ടിലൂടെ അത് കൂടിച്ചേർന്നെങ്കിലും, തിരക്കഥാകൃത്തായ ജോൺപോളിന്റെയും സംവിധായകനായ ജേസിയുടെയും ഒരു വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരം പോലെ നീയെത്രധന്യക്കുവേണ്ടി ഞങ്ങൾ വീണ്ടും ഒത്തുകൂടിയപ്പോഴാണ് ശരിക്കും ആ പാരസ്പര്യം പുനർജനിച്ചത്. അരികിൽ നീയുണ്ടായിരുന്നെങ്കിൽ! പ്രണയവിരഹത്തിന്റെ ഗാനമാണ്. പക്ഷേ, പതിറ്റാണ്ടുകൾക്കു മുമ്പ് ഒന്നിച്ചു പാടിയും പറഞ്ഞും നടന്ന രണ്ടു സുഹൃത്തുക്കളുടെ പുനഃസമാഗമം അതിന്റെ ഈരടികളിലും ഈണത്തിലും ഭാവരേണുക്കളായി കലർന്നിട്ടുണ്ടാവാം. ആ പാട്ട് ഞങ്ങളിരുവർക്കും വെറുമൊരു സിനിമാ ഗാനമല്ല. ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള ഒരു റീലിൽ പതിഞ്ഞ ശബ്ദരേഖയാണ്.

 

ശരദിന്ദുമലർദീപനാളം...

 

എം ബി ശ്രീനിവാസന്റെ വിരലുകൾ

ഒന്നിച്ചു പ്രവർത്തിച്ച സംഗീതശിൽപികളിൽ ഏറെപ്പേരും പടിയിറങ്ങിപോയിരിക്കുന്നു. ഓർമകളിലവർ ജീവിക്കുന്നുണ്ടെങ്കിലും, അവരെയോർക്കുമ്പോൾ ഒരിക്കലും ആറിത്തണുക്കാത്ത ദുഃഖമാണനുഭവപ്പെടുന്നത്. എം ബി ശ്രീനിവാസൻ എനിക്ക് സുഹൃത്തായിരുന്നില്ല. സഹോദരനായിരുന്നു. മലയാളം അറിയാം; പക്ഷേ, എഴുതാനറിയില്ല. പാട്ട് തമിഴ് ലിപിയിലാണെഴുതിയെടുക്കുക. തമിഴിലില്ലാത്ത മലയാളം അക്ഷരങ്ങൾ അദ്ദേഹം തനിക്കു മാത്രം മനസിലാകുന്ന ചില വരയും കുറിയുമൊക്കെ ചാർത്തിയെഴുതും. ഒരു കവിതയെഴുതിക്കൊടുത്താൽ, അത് പകർത്തി ഉറക്കെ വായിച്ച് നല്ലൊരാസ്വാദകന്റെ വ്യാക്ഷേപകശബ്ദങ്ങൾ പുറപ്പെടുവിക്കും. ഒരു വട്ടം കൂടി എന്ന പാട്ടെഴുതിയെടുത്തത് മറീനാ ബീച്ചിന്റെ ആളൊഴിഞ്ഞ ഒരു കോണിലിരുന്നാണ്. വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം എന്ന വരികളിലെത്തുമ്പോൾ, എഴുന്നേറ്റു നിന്ന് താളം തുള്ളുന്ന എം ബി എസിൽ ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത ഉണ്ടായിരുന്നു.

 

ഉൾക്കടലിന് സംഗീതമുണ്ടാക്കാൻ വരുമ്പോൾ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ചില അനിഷ്ട സംഭവങ്ങളുണ്ടായി. നിർഭാഗ്യകരമെന്നല്ലാതെ അത് വിവരിച്ചിട്ടു കാര്യമില്ല. ഇവിടെയെത്തുമ്പോൾ എം ബി എസിന്റെ മനസ് ആവശ്യത്തിലധികം സംഘർഷഭരിതമായിരുന്നു. എന്നാൽ, സുഹൃത്തുക്കളുടെ സാന്നിധ്യം തന്നെ അദ്ദേഹത്തിന് സാന്ത്വനമായി. വരൂ, നമുക്ക് നമ്മുടെ പണി ചെയ്യാം എന്നു പറഞ്ഞ് അദ്ദേഹം ഹർമോണിയത്തിൽ ദ്രുതഗതിയിൽ വിരലോടിച്ച് ഒരു സ്വരകലാപം സൃഷ്ടിച്ചു. പതുക്കെപ്പതുക്കെ മനസ് ശാന്തമായി. എന്നിട്ട് ശരദിന്ദുമലർദീപനാളം നീട്ടാൻ ആ കൈവിരലുകൾ ചലിച്ചു. ഇന്നും ഓർമയെ ത്രസിപ്പിക്കുന്ന ആ സംഭവം—സംഘർഷത്തിൽ നിന്നു സംഗീതത്തിലേക്കുള്ള സഞ്ചാരം ആ പാട്ടിന്റെ ഈണത്തിലലിഞ്ഞു ചേർന്നിട്ടുണ്ട്.

 

സാഗരമേ ശാന്തമാക നീ...

 

വയലാറിന്റെ വിഷാദസ്മരണയിൽ കുറിച്ച ഗാനം

അസ്വസ്ഥമായ മനസിനെ പാടി ശാന്തമാക്കാനുള്ള പാട്ടാണത്. ആകാശവുമെന്റെ മനസും എന്നൊരു കവിത മുമ്പെഴുതിയിട്ടുണ്ട്. ആകാശത്തിന്റെ നിറഭേദങ്ങളിലൂന്നിയാണത്. മനസിന്റെ ഒരിക്കലുമൊടുങ്ങാത്ത അസ്വാസ്ഥ്യമാണ് കടൽ നോക്കി നിൽക്കുമ്പോൾ അനുഭവപ്പെടുന്നത്. സലിൽ ചൗധരി മൂളിക്കേൾപ്പിച്ച ഈണത്തിന്റെ തുടക്കത്തിൽത്തന്നെ സാഗരമേ! എന്ന സംബോധന തോന്നി. പിന്നെ അത് പൂരിപ്പിക്കുകയായിരുന്നു. വയലാർ വിട പറഞ്ഞതിന്റെ ഒരു വിഷാദ വലയത്തിലിരുന്നാണെഴുതിയത്. തളിർത്തൊത്തിലാരോ പാടീ/തരൂ, ഒരു ജന്മം കൂടി....പാതിപാടിത്തീരും മുമ്പേ ഏതോ കിളിനാദം കേണൂ എന്ന വരികളിൽ ആ വേദന അറിയാതെ തുളുമ്പിപ്പോയി. സംവിധായകനായ എൻ ശങ്കരൻ നായർ വരികളുടെ അർഥം പരിഭാഷപ്പെടുത്തി സലിൽഭായ്ക്കു പറഞ്ഞുകൊടുത്തപ്പോൾ, അദ്ദേഹവും അൽപനേരം മൗനിയായിരുന്നു.

 

നീരാടുവാൻ നിളയിൽ നീരാടുവാൻ...

 

പുഴയൊഴുകും പോലെ രവിയുടെ ഈണം ഒഴുകി

പലതരം ആശങ്കകളോടെയാണ് ബോംബെ രവിയോടൊപ്പം പാട്ടിന്റെ പണിപ്പുരയിലിരിക്കാമെന്ന് സമ്മതിച്ചത്. എം ടിയും ഹരിഹരനുമാണ് രവിയെ മദിരാശിയിൽ കൊണ്ടുവന്നത്. പരിചയപ്പെടലിനുശേഷം ഈണങ്ങൾ കേൾക്കട്ടെ എന്നാവശ്യപ്പെട്ടപ്പോൾ, താൻ ഹിന്ദിയിലെയും ഉർദുവിലെയും ശായർമാർ (കവികൾ) എഴുതിത്തരുന്നത് ട്യൂൺ ചെയ്താണ് ശീലിച്ചിട്ടുള്ളതെന്നു പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. ആദ്യമായി അദ്ദേഹത്തിനെഴുതിക്കൊടുത്തത് ആരെയും ഭാവഗായകനാക്കും/ആത്മസൗന്ദര്യമാണ് നീ എന്ന ഗീതമായിരുന്നു. ഹിന്ദിയിലെഴുതിയെടുത്ത്, അത് ചൊല്ലുന്ന രീതിയൊക്കെ മനസിലുറപ്പിച്ചശേഷം അദ്ദേഹം പലപല ഈണങ്ങളിൽ ആലപിച്ചു തുടങ്ങി. എല്ലാവർക്കും ഏറ്റവും ഹൃദ്യമായിത്തോന്നിയത് ഉറപ്പിച്ചു. നഖക്ഷതങ്ങൾക്കും പഞ്ചാഗ്നിക്കും വേണ്ടി കുറേ പാട്ടുകൾ ഒന്നിച്ചൊരുക്കി. ഒടുവിൽ, നഖക്ഷതങ്ങളിൽ നിളയെ പരാമർശിക്കുന്ന ഒരു പാട്ടുകൂടിയാകാണെന്നായി. ആരോമലേ, പറകെന്നാരോമലേ!—ആരേകിയോമനയ്ക്കു പാൽപ്പുഞ്ചിരി? എന്ന് പണ്ടാരോപാടിക്കേട്ട ഒരു പാട്ടോർമ വന്നു. സമാന്തരമായി മനസിൽ തോന്നിയതാണ് നീരാടുവാൻ നിളയിൽ നീരാടുവാൻ/നീയെന്തേ വൈകി വന്നു പൂന്തിങ്കളേ എന്ന വരികൾ, ഒരു പുഴ ഒഴുകി വരുംപോലെ അനായാസലളിതമായി രവിയുടെ ഈണം ആ വരികളിലൂടെ ഒഴുകി.

 

പവിഴംപോൽ പവിഴാധരംപോൽ...

 

മനസിലേക്കോടി വരുന്ന ജോൺസൺ ഈണം

കൂടെവിടെ പത്മരാജന്റെ പ്രശസ്തമായ ചിത്രമാണ്. ദേവരാജന്റെ ശിഷ്യനാണെങ്കിലും സ്വന്തമായൊരു വഴിയേ നടന്ന സംഗീതസംവിധായകനാണ് ജോൺസൺ. ഈണത്തിൽ കൂട് സൃഷ്ടിച്ച്, അതിലേക്കു കവിതയുടെ ശാരികയെ ക്ഷണിച്ചിരുത്തുന്ന രീതി. പക്ഷേ, കൂട് പക്ഷിക്കിഷ്ടമാവുന്ന മുളം കൂടാണെങ്കിലോ? ജോൺസണോടൊപ്പമിരിക്കുമ്പോൾ, ആ രീതിയിൽ രസംപിടിച്ചാണെഴുതിയിട്ടുള്ളത്.

 

ആടി വാ കാറ്റേ ആയാലും, മറ്റൊരു പത്മരാജന്റെ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പവിഴം പോൽ പവിഴാധരം പോൽ എന്ന പാട്ടായാലും ഗുൽമോഹറിലെ ഒരുനാൾ ശുഭരാത്രി നേർന്നുപോയ് നീ എന്ന പാട്ടായാലും എഴുതാൻ സുഖം തോന്നിയ അവസരങ്ങളാണ്. കവിതയ്ക്ക് ഈണം നൽകുന്ന രീതിയും ജോൺസണ് ശരിക്കും വഴങ്ങും. എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു എന്ന പാട്ടോർമ വരുന്നു. ജോൺസന്റെ ഈണം കൊണ്ട് ഹൃദ്യമായ എന്റെ പാട്ടുകളിലൊരെണ്ണം മാത്രം തിരഞ്ഞെടുക്കാൻ വിഷമമുണ്ട്. എങ്കിലും പവിഴം പോൽ പവിഴാധരം പോൽ....എന്ന പാട്ട് ഓടി വന്നു മുന്നിൽ നിൽക്കുന്നു.

 

സുഖമോ ദേവീ...

 

രവീന്ദ്രന്റെയും വേണുവിന്റെയും ഓർമകൾ വേദനിപ്പിക്കുന്ന ഗാനം.

രവീന്ദ്രൻ പോയി. നന്നെ ചെറുപ്പത്തിലേ പോയി. പക്ഷേ, തന്റെ പാട്ടുകളിലൂടെ നമുക്കിടയിൽ നിത്യസാന്നിധ്യമായി നിൽക്കുന്നു. ഓർമിക്കാനൊട്ടേറെയുണ്ട്. ഒക്കെയും ദുഃഖസങ്കുലമായ ഓർമകളാണ്.

 

അകാലത്തിൽ വേർപിരിഞ്ഞ, എന്റെ വത്സല ശിഷ്യനായിരുന്ന വേണുനാഗവള്ളിയാണ് രവീന്ദ്രനുമായി എന്നെ ബന്ധിപ്പിച്ച കണ്ണി. എന്റെ നന്ദിനിക്കുട്ടി എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. പുഴയൊരഴകുള്ള പെണ്ണ് എന്ന ഒരു നാടൻ തോണിപ്പാടുണ്ടായി, നിമിഷങ്ങൾക്കകം. പിന്നെയും കുറെ ചിത്രങ്ങൾ. എല്ലാറ്റിന്റെയും പേരോർമ വരുന്നില്ല. വേണുവിന്റെ തന്നെ സുഖമോ ദേവിയും ലാൽസലാമുമൊക്കെ അക്കൂട്ടത്തിലുൾപ്പെടും. സൂര്യഗായത്രിയിലെ തംബുരു കുളിർ ചൂടിയോ/തളിരംഗുലി തൊടുമ്പോൾ എന്ന പാട്ടിന്റെ സ്വരങ്ങൾ ഭാവത്തിലലിയുന്നു. അങ്ങനെ പറയാനേറെയുണ്ട്. വേണുവിന്റെ ആത്മകഥാസ്പർശമുള്ള സുഖമോ ദേവി എന്ന ചിത്രത്തിലെ അതേ വാക്കുകൾ പല്ലവിയായി ചെയ്ത പാട്ടിനോട് എനിക്കൊരു പ്രത്യേക മമതയുണ്ട്.

 

ആത്മാവിൽ മുട്ടി വിളിച്ചതു പോലെ...

 

സംഗീതത്തെ ധ്യാനിച്ച് രഘുനാഥ് സേഥ്

രഘുനാഥസേഥ് മുംബൈയിൽ നിന്നു വന്ന മറ്റൊരു സംഗീത സംവിധായകനാണ് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ—വിശിഷ്യ, ബാംസൂരി വാദനത്തിൽ വിദഗ്ധനുമാണ്. ആരണ്യകം എന്ന ചിത്രത്തിനുവേണ്ടി ഞാനെഴുതിയ രണ്ടു പാട്ടുകൾ പതുക്കെ മൂളി മൂളി ട്യൂൺ ചെയ്യുമ്പോൾ അദ്ദേഹം മന്ത്രപൂർവം സംഗീതത്തെ ധ്യാനിക്കുകയാണെന്നു തോന്നി. അദ്ദേഹം വളരെക്കാലം ഇന്ത്യാഗവൺമെന്റിന്റെ ഫിലിം ഡിവിഷന്റെ സംഗീതവിഭാഗത്തിലെ പ്രധാനിയായിരുന്നു. ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ? എന്നു ചിത്ര പാടിയ പാട്ടിൽ നാടൻശീലിന്റെ സൂക്ഷ്മചാരുതകളൊന്നും തേഞ്ഞുപോകാതെ സേഥ് സംഗീതം നൽകി. യേശുദാസ് പാടിയതാണ്, ആത്മാവിൽ മുട്ടിവിളിച്ചതു പോലെ, സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലേ...എന്ന പാട്ട്. ഇടയ്ക്കിടെ അത് ചാനലുകളിൽ കേൾക്കുമ്പോൾ, രഘുനാഥ് സേഥ് എന്ന, വിനീതനും അന്തർമുഖനുമായ ആ കലാകാരനെ ഞാനോർക്കാറുണ്ട്. മഴയെപ്പറ്റി മേഘമൽഹർ രാഗത്തിൽ ഞങ്ങളൊന്നിച്ച് ഒരു പാട്ടുകൂടി ഉണ്ടാക്കി. ആ പടം നിർമിക്കപ്പെടാതെ പോയി. പിറക്കാത്ത കുഞ്ഞിന്റെ കുരിശുമരണം പോലെയായി ആ പാട്ടിന്റെ കഥയും.

 

ഒരു നറുപുഷ്പമായ്...

 

പറയാത്ത പ്രണയം വിതുമ്പുന്ന ഗാനം 

കമലിന്റെ മേഘമൽഹർ എന്ന ചിത്രത്തിലെ ഒരു നറുപുഷ്പമായ് ഒരു കവിത സ്വരപ്പെടുത്തിയതാണ്. സ്നേഹം പരസ്പരം പറഞ്ഞറിയാത്ത, എന്നാൽ നോട്ടത്തിൽ തുടിച്ചു നിൽക്കുന്ന ഒരവസ്ഥയുടെ ആവിഷ്കാരമാണത്. രമേശ് നാരായണന്റെ ഈണവും കമലിന്റെ ചിത്രീകരണവും പാട്ട് ശ്രദ്ധേയമാക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം .യേശുദാസിന്റെ മധുരമായ ആലാപനവും. പലരും മനസിൽ കൊണ്ടുനടക്കുന്ന ഒരു ഗാനമാണതെന്ന് പറഞ്ഞിട്ടുണ്ട്— ഞാനുമതേ.

 

വാതിൽപ്പഴുതിലൂടെ...

 

ദക്ഷിണാമൂർത്തിയുടെ രാഗവിശുദ്ധിയുമായ്

രാഗത്തിന്റെ വിശുദ്ധിയും കാവ്യഭാവനയുടെ സമൃദ്ധിയും സമന്വയിപ്പിക്കുന്ന ഈണങ്ങൾ സൃഷ്ടിക്കുന്ന ദക്ഷിണാമൂർത്തിയോടൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമക്കുറിപ്പാണീ ഗാനം. വാതിൽപ്പഴുതിലൂടെ എന്ന ഗാനം ഇടനാഴിയിലെ കാലൊച്ചയിൽ നിങ്ങൾ കേട്ടതാണ്. അതിനുശേഷം ഇരുപതുവർഷം അദ്ദേഹം സിനിമാരംഗത്തു നിന്ന് വിട്ടു നിന്നു എന്നത് വിശ്വസിക്കാൻ പ്രയാസം. സിനിമാരംഗം അങ്ങനെയൊക്കെയാണ്. എന്തായാലും ആ ഇരുപതു വർഷത്തിനുശേഷം അദ്ദേഹം രംഗത്തു വന്നത് മിഴികൾ സാക്ഷിയിലെ എന്റെ പാട്ടുകൾക്ക് സംഗീതം നൽകാനായിരുന്നു. ആ പുനഃസംഗമം ആകസ്മികമായിരുന്നു. ആഹ്ലാദകരവുമായിരുന്നു. മിഴികൾ സാക്ഷിയിലെ മഞ്ജുതരശ്രീലതികാഗൃഹത്തിലെൻ/കഞ്ജലോചന! നിന്നെ കാത്തിരിപ്പൂ എന്ന പാട്ട് എന്റെ പേരക്കുട്ടിക്ക് (അപർണ) പറഞ്ഞു കൊടുത്തിട്ട് നേരെയങ്ങ് റെക്കോർഡ് ചെയ്തോളാൻ സ്വാമി പറയുന്നതു കേട്ടപ്പോൾ പ്രത്യേകമൊരു സന്തോഷം തോന്നി. പുതിയ തലമുറയുടെ നേർക്ക് ഒരു വലിയ കാരണവരുടെ വാത്സല്യമുണ്ട് സ്വാമിക്ക്.

 

ആദിയുഷസന്ധ്യ പൂത്തതിവിടെ...

 

പഴശിയുടെ ദീപ്തസ്മരണയിൽ കുറിച്ച വരികൾ

മാനന്തവാടിയിലൊരു യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോളാണ്, പഴശിയുടെ ശവകുടീരം കാണാൻ സുഹൃത്തുക്കൾ കൊണ്ടുപോയത്. അസ്തമയസൂര്യൻ ദൂരെ ഒരു താഴ്വരെയാകെ പൊന്നു പൂശുന്ന പശ്ചാത്തലത്തിൽ അവിടെ നിന്നപ്പോൾ, പഴയ ചരിത്രസ്മരണകൾ മനസിലണിനിരന്നു.

 

1857 ൽ ആയിരുന്നു ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്യ്രസമരമെന്ന് ഉരുക്കഴിച്ച പാഠത്തെ ആ സ്മകരണകൾ തിരുത്തുകയായിരുന്നു. അതിനുമെത്രയോ മുമ്പായിരുന്നു പഴശി സമരം നയിച്ചത്! ആ സ്വാതന്ത്യ്രസമരത്തിന്റെ ആദിയുഷസന്ധ്യ പൂത്തതിവിടെയാണ്! ഇവിടെ!

 

വർഷങ്ങൾക്കുശേഷം പഴശിരാജയ്ക്കു വേണ്ടി, ആ സമരസന്നാഹത്തിന്റെ സന്ദർഭത്തിനു വേണ്ടി പാട്ടെഴുതാൻ പേനയെടുത്തപ്പോൾ, അറിയാതെ കുറിച്ചിട്ടതാണാ വരികൾ, അതങ്ങനെയായിപ്പോയതാണ്. ചിത്രത്തിൽ ആ രംഗം കണ്ടപ്പോൾ, അതിന്റെ ദൃശ്യവത്കരണം ശബ്ദരേഖയ്ക്ക് മാറ്റ് വർധിപ്പിച്ചതായി തോന്നി. കുറേനാൾ കേരളത്തിലലയടിച്ചു എന്നതും കൃതാർഥതയ്ക്കു വക നൽകി.

 

ആ പാട്ടിന്റെ രചനയിലെന്തോ അതൃപ്തി പ്രകടിപ്പിച്ച് ഇളയരാജ എന്തോ പറഞ്ഞതായൊരു റിപ്പോർട്ട് കണ്ടു. എന്നാൽ, താനങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരത്തുവച്ച് ഇളയരാജ എന്നോടു നേരിട്ടു പറയുകയുണ്ടായി. എന്റെ എത്ര പാട്ടുകൾക്ക് നല്ല ഈണം നൽകിയ ഒരു ചിരകാല സുഹൃത്ത് പറഞ്ഞത് വിശ്വസിക്കാനാണെനിക്കിഷ്ടം. എന്തായാലും, പഴശിയുടെ ശവകുടീരത്തിൽ നിൽക്കുമ്പോൾ എന്റെ മനസിൽനിന്നിറങ്ങി വന്ന ആ വരികൾക്ക് പഴശിരാജയിലൂടെ മറ്റൊരു ജന്മം നേടാനായത് സുകൃതമായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com