അങ്ങ് മലേഷ്യ വരെയെത്തി നീരജിന്റെ റാപ്; ഒരു കോടി സ്നേഹം നേടി താരം

Mail This Article
ഒരു കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി നീരജ് മാധവിന്റെ ‘പണി പാളി’ റാപ്. മൂന്നാഴ്ച കൊണ്ടാണ് താരത്തിന്റെ പാട്ട് യൂട്യൂബിൽ ഇത്രയധികം ആളുകൾ ആസ്വദിച്ചത്. പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചതിൽ നീരജ് സമൂഹമാധ്യമത്തിലൂടെ നന്ദിയും സ്നേഹവും അറിയിച്ചു. ഇത് അവിശ്വസനീയമായ നേട്ടമാണെന്നും ഇനിയും ഇത്തരം ഗാനങ്ങൾ ആസ്വാദകർക്കരികിലേയ്ക്ക് എത്തുമെന്നും താരം അറിയിച്ചു. പ്രിയാമണി, രമേഷ് പിഷാരടി തുടങ്ങി പ്രമുഖരുൾപ്പെടെയുള്ളവർ നീരജിന്റെ അഭിമാന നേട്ടത്തെ പ്രശംസിച്ചു.
അതിനിടെ, ചിന്നപയ്യൻ എന്ന പേരിൽ പ്രശസ്തനായ മലേഷ്യൻ ടിക്ടോക് താരം ബ്ലെയ്ക്ക് യാപ്പ് നീരജിന്റെ റാപ് വിഡിയോ ഡാൻസ് ചലഞ്ച് ഏറ്റെടുത്തു. അസാമാന്യമായ ലിപ് സിങ്കോടുകൂടിയാണ് ചിന്നപയ്യന്റ 'പണിപാളി' പ്രകടനം. റാപ്പിലെ മലയാളം വരികൾ അതിമനോഹരമായി ലിപ്സിങ്ക് ചെയ്ത് അവതരിപ്പിച്ച ചിന്നപയ്യന്റെ വിഡിയോ നീരജ് മാധവ് പങ്കുവച്ചു. സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല എന്ന ആമുഖത്തോടെയാണ് ചിന്നപയ്യന്റെ കിടിലൻ വിഡിയോ നീരജ് ആരാധകർക്കായി പങ്കുവച്ചത്. ഡാൻസ് ചലഞ്ച് ഏറ്റെടുത്ത നവവധൂവരന്മാരുടെ വിഡിയോയും നീരജ് സ്വന്തം പേജിൽ പങ്കുവച്ചിരുന്നു. വിവാഹ വേഷത്തിൽ തന്നെ റാപ്പിനു ചുവടു വയ്ക്കുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ലോക്ഡൗൺ കാലത്ത് നീരജ് മാധവ് തന്നെ വരികളെഴുതി ആലിച്ച ഗാനമാണ് ‘പണിപാളി’. കഴിഞ്ഞ കുറച്ചു നാളുകളായി പാട്ടിന്റെ ഡാൻസ് ചലഞ്ച് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ദീപ്തി സതി, സാനിയ ഇയ്യപ്പൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങളുൾപ്പെടെ നിരവധി പേർ നീരജിന്റെ 'പണി പാളി' റാപ്പിന്റെ ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നു. ശ്രദ്ധേയമായ വിഡിയോകൾ നീരജ് മാധവ് സ്വന്തം പേജിൽ പങ്കുവച്ചിരുന്നു. രസകരമായ അടിക്കുറിപ്പുകളോടെയായിരുന്നു നീരജ് മാധവിന്റെ പോസ്റ്റുകൾ. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും പാട്ടിനെ ഏറെ മികച്ചതാക്കി എന്നാണ് പ്രേക്ഷകപക്ഷം. റിബിന്‍ റിച്ചാർഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്.
English Summary: Neeraj Madhav's "Pani Paali" rap song crossed one crore views