ADVERTISEMENT

തൊടുപുഴക്കാരുടെ സ്വന്തം ജോസഫ് സർ (പി.ജെ.ജോസഫ്) നിയമസഭയിൽ എത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. വർഷങ്ങൾ നീണ്ട രാഷ്ട്രീയത്തിന്റെ ചരിത്രം മാത്രമല്ല ഈ ജനകീയന് പറയാനുള്ളത്. അലക്കിത്തേച്ച ഖദറിനുള്ളിൽ മികച്ച നേതാവിനെക്കൂടാതെ എന്നും തലയുയർത്തി നിൽക്കുന്ന ഒരു ഗായകൻ കൂടിയുണ്ട്. തിരഞ്ഞെടുപ്പായാലും പൊതുപരിപാടികളായാലും പി.ജെ. ജോസഫ് ഉണ്ടെങ്കിൽ അവിടെ പാട്ടുമുണ്ടാകും. അത് കാലാകാലങ്ങളായി മുടക്കമില്ലാതെ തുടരുന്ന ‘കലാപരിപാടി’യാണ്. മികച്ച ഭരണകർത്താവെന്നതിനൊപ്പം ജോസഫിലെ പാട്ടുകാരനെയും ജനം ഏറെ ഇഷ്ടപ്പെടുന്നു. പിതാവ് പി.ഒ. ജോസഫ് നന്നായി പാടുമായിരുന്നു. അങ്ങനെ എപ്പഴോ ആ ഗാനത്തിന്റെ ഇൗരടികൾ പിജെയുടെ മനസ്സിൽ പതിഞ്ഞു. പിന്നെ പാട്ടിനോടായി അടങ്ങാത്ത പ്രണയം.

പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കഥാപ്രസംഗവേദികൾക്കൊപ്പം പള്ളി ക്വയറിലും സജീവ സാന്നിധ്യമായിരുന്നു പിജെ. കോളജിലെത്തിയപ്പോൾ പരിപാടികളിൽ പിജെയുടെ പാട്ട് ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറി. സംഘടനാവേദികളിലും അദ്ദേഹം മനമറിഞ്ഞു പാടി. 1960ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘ജൽതേ ഹേ ജിസ്കേലിയേ...’ ആണ് ജോസഫിന്റെ ഇഷ്ട ഗാനം. കാണികളുടെ അഭ്യർഥനയോടു നോ പറയാതെ പിജെ എത്രയോ വേദികളിൽ ഇതേ ഗാനം ആവർത്തിച്ചു പാടി. അപ്പോഴെല്ലാം ജനം അത് കണ്ണും കാതും കൊടുത്ത് ആസ്വദിച്ചു.

പൊതുവേദികളിൽ മാത്രമല്ല പിന്നണിയിലും പി.ജെ ജോസഫ് സ്വരമായിട്ടുണ്ട്. അതൊരുപക്ഷേ പലർക്കും പുതിയ അറിവായിരിക്കാം. ആ അറിവിന്റെ പൂർണതയിലേക്കെത്തണമെങ്കിൽ കുറച്ചു വർഷങ്ങൾ പിന്നോട്ടു സഞ്ചരിക്കണം.1984 കാലഘട്ടം. അന്ന് പി.ജെ.ജോസഫ് റവന്യുമന്ത്രിപദം അലങ്കരിക്കുന്നു. അക്കാലത്ത് ‘ശബരിമലദർശനം’ എന്ന ചിത്രത്തിന്റെ നിർമാതാക്കളും പിജെയുടെ സുഹൃത്തുക്കളുമായവർ തങ്ങളുടെ സിനിമയിൽ ഒരു പാട്ട് പാടാമോയെന്നു ചോദിച്ച് പിജെയെ സമീപിച്ചു. ആദ്യം വിസമ്മതിച്ചുവെങ്കിലും സുഹൃത്തുക്കളുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങി ഒരു കൈ നോക്കാമെന്ന് പറഞ്ഞ് പിജെ സമ്മതം മൂളി. പിജെയെക്കൊണ്ടു സമ്മതിപ്പിക്കാൻ മുൻകൈ എടുത്തതിൽ അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയും സംഗീത സംവിധായകൻ ജെറി അമൽദേവും ഉണ്ടായിരുന്നു. 

അങ്ങനെ പിജെ ജോസഫ് സിനിമയിൽ പാടാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. ‘ഇൗ ശ്യാമസന്ധ്യ വിമൂകം സഖീ...’ എന്നു തുടങ്ങുന്ന ഗാനം പിജെയുടെ ശബ്ദത്തിലൂടെ തരംഗിണിയിൽ ഒഴുകിപ്പരന്നു. ആ ഒരൊറ്റപ്പാട്ടിലൂടെ, ഇന്ത്യയിലെ ആദ്യ പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും ജോസഫിന്റെ പേരിനൊപ്പം ചേർക്കപ്പെട്ടു. തുടർന്നും എത്രയോ വേദികളിൽ മൈക്കിനു മുന്നിൽ ‘ഗായകനായി’ പിജെ പ്രത്യക്ഷപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുൻപ് ആദ്യമായി നിയമസഭയിലെത്തിയപ്പോഴുള്ള അതേ ചുറുചുറുക്കോടെ ഇപ്പോഴും ഓടി നടക്കുന്ന പിജെയ്ക്ക് എന്നും ഊർജം പകർന്ന് സംഗീതവും കൂട്ടിനുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com