പ്രധാനമന്ത്രി പ്രശംസിച്ച കൗമാരക്കാരിയുടെ സ്വരഭംഗിയിൽ മരിയൻഭക്തിഗാനം

Mail This Article
ഒറ്റ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ പ്രശംസ പിടിച്ചു പറ്റിയ കൗമാരഗായിക ദേവികയുടെ ശബ്ദത്തിൽ ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങി. ആൻ ക്രിയേഷൻസാണ് ‘മറിയമേ അമ്മേ’ എന്നു തുടങ്ങുന്ന മരിയൻ ഭക്തിഗാനമൊരുക്കിയത്. ഷൈനി സജി വരികളെഴുതിയ പാട്ടിനു സംഗീതം പകർന്നത് അരുൺ വെൺപാലയാണ്.
‘മറിയമേ അമ്മേ നീയെന്റെ അമ്മ
ഈശോ എനിക്കായ് തന്നൊരമ്മ
വചനത്തിൽ മാംസം ധരിച്ചവളമ്മ
പരിശുദ്ധാത്മാവിൻ മണവാട്ടിയായൊരമ്മ....’
ആന്റണി ഡേവിഡ് നിർമിച്ച പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് എഡ്‌വിൻ ജോൺസൺ. ദേവികയുടെ ഹൃദ്യമായ സ്വരഭംഗയാൽ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മഹാമാരിക്കാലത്ത് ഈ പാട്ട് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നുവെന്നും ഗായികയുടെ സ്വരം ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നു എന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ഹിമാചലി നാടോടി ഗാനമായ ‘മായേനീ മേരീയ...’ പാടിയാണ് തിരുവനന്തപുരം സ്വദേശിയായ ഒൻപതാം ക്ലാസുകാരി ദേവിക ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ആദ്യകേൾവിയിൽ തന്നെ പാട്ട് ഇഷ്ടപ്പെട്ട ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ ആ ഇഷ്ടം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ദേവികയെ ഹിമാചൽ പ്രദേശിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും ദേവികയെത്തേടിയെത്തി. വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിവു പകരാനായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പഠനത്തിന്റെ ഭാഗമായാണ് ദേവിക പാട്ടു പഠിച്ചത്.