കോവിഡിനെ മറന്നും മലയാളികൾ ചുവടു വച്ചത് ഈ പാട്ടുകൾക്ക്

Mail This Article
മഹാമാരി മനസമാധാനം കെടുത്തിയ ദുരിതകാലമായിരുന്നു 2020. ശാരീരികവും മാനസികവും സാമ്പത്തികവുമായി മാനവരാശി തളർന്ന കാലം. എല്ലാ മേഖലയും എന്ന പോലെ സിനിമാ രംഗവും കനത്ത പ്രതിസന്ധി നേരിട്ടു. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി തിരക്കു പിടിച്ചു നടന്ന കലാകാരന്മാർ വീട്ടില്‍ ഒതുങ്ങിക്കൂടി. തിയറ്ററുകൾ തുറക്കുന്നതും ജനം പഴയതുപോലെ സിനിമ കാണാൻ വരുന്നതുമൊക്കെ വിദൂരത്താണെന്നു മനസ്സിലാക്കിയ ചലച്ചിത്ര നിർമാതാക്കൾ ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകൾ റിലീസ് ചെയ്യാൻ തുടങ്ങി. അങ്ങനെ ലോക്ഡൗൺ കാലത്തും മികച്ച ചിത്രങ്ങളും പാട്ടുകളും പ്രേക്ഷകരെത്തേടിയെത്തി. ചിലത് ലോക്ഡൗണിനു മുന്‍പും. പിന്നണിയിൽ താരങ്ങളും യുവഗായകരുമുൾപ്പെടെ സ്വരമായ ചില പാട്ടുകളും അക്കൂട്ടത്തിലുണ്ട്. ഓരോന്നും മലയാളി റിപ്പീറ്റ് ബട്ടൺ അമർത്തി കേട്ടിരുന്നു. 2020ൽ പ്രേക്ഷകർ നെഞ്ചോടു ചേർത്ത ചില ഗാനങ്ങളിലേയ്ക്കൊരു തിരിഞ്ഞു നോട്ടം.
കിം കിം കിം.....
പുറത്തിറങ്ങിയ അന്നുതൊട്ടിന്നോളം ആവേശം ഒട്ടും ചോരാതെ ആരാധകർ പാടിയും ചുവടു വച്ചും ആഘോഷിക്കുകയാണ് മഞ്ജു വാരിയറുടെ കിം കിം കിം പാട്ട്. സന്തോഷ് ശിവൻ ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ലെ ഈ ഗാനം രാം സുരേന്ദർ ആണ് ചിട്ടപ്പെടുത്തിയത്. ബി.കെ ഹരിനാരായണന്റേതാണു വരികൾ. പാട്ട് വൈറലായതിനു പിന്നാലെ, അത് മോഷണമാണ് എന്ന തരത്തിൽ പല ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായി. എന്നാൽ പാരിജാത പുഷ്പാഹരണം എന്ന പഴയകാല നൃത്തസംഗീത നാടകത്തിൽ വൈക്കം മണി എന്ന കലാകാരൻ പാടിയഭിനയിച്ച കാന്താ എന്ന പാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാട്ട് തയ്യാറാക്കിയതെന്ന് പിന്നണിപ്രവർത്തകർ വ്യക്തമാക്കുന്നു.
വാതിക്കല് വെള്ളരിപ്രാവ്....
ഒരുപക്ഷേ ഈ വർഷം മലയാളി ഏറ്റവും കൂടുതൽ കേട്ടിരുന്നത് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഈ ഗാനമായിരിക്കും. ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ചിത്രം സംഗീതത്തിനു വലിയ പ്രാധാന്യം നൽകിയൊരുക്കിയ ഒന്നായിരുന്നു. എം.ജയചന്ദ്രന്റെ ഈണത്തിനൊപ്പം യുവഗായിക നിത്യ മാമ്മനും അർജുൻ കൃഷ്ണയുമാണ് സ്വരമായത്. പാട്ടു ജീവിതത്തിൽ കാൽ നൂറ്റാണ്ടു പിന്നിടുന്ന ജയചന്ദ്രൻ സംഗീതപ്രേമികൾക്കിടയിലേയ്ക്കു കൂടുതുറന്നുവിട്ട ആ വെള്ളരിപ്രാവ് ഒരു കോടിയിലധികം പ്രേക്ഷകരിലാണ് ചിറകടിച്ചുയർന്നത്. ചിത്രത്തിൽ സുദീപ് പാലനാടിന്റെ സംഗീതത്തിൽ അമൃത സുരേഷ് ആലപിച്ച അൽഹം ദുലില്ല എന്ന ഗാനവും ഹിറ്റായിരുന്നു.
കലക്കാത്ത സന്ദനമേരം...
സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലെ ഈ ഗാനം അട്ടപ്പാടി സ്വദേശിനി നഞ്ചിയമ്മയുടെ തനതുശൈലിയിലാണ് പ്രേക്ഷകർക്കരികിലെത്തിയത്. നഞ്ചിയമ്മ തന്നെ വരികളൊരുക്കി ആലപിച്ച പാട്ട് ചിട്ടപ്പെടുത്തിയത് ജേക്സ് ബിജോയ്. തനിനാടൻ ശീലുള്ള പാട്ട്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. പാട്ടും പാട്ടിനിടയിലെ സംഭാഷണങ്ങളുമെല്ലാം ആസ്വാദകർക്കിടയിൽ ചര്‍ച്ചയായി. നിഷ്കളങ്കമായ ആലാപനം കൊണ്ട് ആദ്യ ഗാനത്തിലൂടെ തന്നെ നഞ്ചിയമ്മ നിരവധി ആരാധകരെയും സ്വന്തമാക്കി. ചിത്രത്തിലെ മറ്റു പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ...
മണിയറയിലെ അശോകൻ എന്ന ചിത്രത്തില്‍ ദുൽഖർ സൽമാൻ ആലപിച്ച ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ...’ എന്ന പാട്ടും 2020ലെ മലയാളിയുടെ പാട്ടിഷ്ടങ്ങളിൽ ഒന്നായി മാറി. ഷിഹാസ് എന്ന ചെറുപ്പക്കാരൻ പഠനകാലത്ത് സഹപാഠിയായ ഉണ്ണിമായയെ പറ്റിക്കാനായി എഴുതിയ വരികളാണു പിൽക്കാലത്ത് സിനിമയിലെത്തിയത്. പാട്ട് കണ്ടപ്പോൾ ഷിഹാസിന് അദ്ുതവും അതിലേറെ സന്തോഷവും. ദുൽഖറിന്റെ മൊഞ്ചുള്ള ആലാപനവും ഇരുപത്തിനാലുകാരൻ ശ്രീഹരിയുടെ സംഗീതവും പാട്ടിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.
എക്ത ബോസ്....
ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ ആലപിച്ച ഈ ഗാനം മില്യണടിച്ചത് ചുരുങ്ങിയ സമയത്തിനകമാണ്. താരത്തിന്റെ പവർഫുൾ ആലാപനവും പ്രകാശ് അലക്സിന്റെ സംഗീതവും ആരാധകർക്കിടയിൽ സജീവ ചർച്ചയായിരുന്നു. ലിങ്കു എബ്രഹാം ആണ് പാട്ടിനു വരികളൊരുക്കിയത്. ഷൈലോക്കിലെ കളർഫുൾ ബാർ സോങ്ങും ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ. ദേവൻ എന്നിവരാണു പാട്ടിന്റെ പിന്നണിയില്‍ സ്വരമായത്.
പാരാകെ...
സഞ്ചാരത്തിന്റെ മനോഹര ആവിഷ്കാരവുമായെത്തിയ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ടൊവിനോ ചിത്രത്തിലെ പാരാകെ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ അതിവേഗം സ്ഥാനം പിടിച്ചു. മലയാളവും ഹിന്ദിയും ഇടകലർത്തിയൊരുക്കിയ പാട്ടിന് വിനായക് ശശികുമാറും നിഷ നായരും ചേർന്നാണു വരികൾ കുറിച്ചത്. സൂരജ് എസ് കുറുപ്പ് ചിട്ടപ്പെടുത്തിയ ഈണത്തിൽ റംഷി അഹമ്മദിന്റേതായിരുന്നു ആലാപനം. ആവിഷ്കാരം കൊണ്ടും ശ്രദ്ധേയമായ പാട്ട് ആരാധകർ നെഞ്ചോടു ചേർത്തു.
ഉയിരേ....
മലയാളത്തിൽ വീണ്ടും സിദ് ശ്രീറാം മാജിക് തെളിഞ്ഞ ഒന്നായിരുന്നു ‘ഗൗതമന്റെ രഥം’ എന്ന നീരജ് മാധവ് ചിത്രത്തിലെ ‘ഉയിരെ’ എന്നു തുടങ്ങുന്ന ഗാനം. നീരജും യുവനടി പുണ്യ എലിസബത്തും ഒരുമിച്ച ഈ റൊമാന്റിക് ട്രാക്ക് 2020ലെ ഹിറ്റുകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. നവാഗതനായ അങ്കിത് മേനോനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണു വരികൾ.
English Summary: Malayalam superhit songs of 2020