ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലയാളികളെ മനോഹര സംഗീതത്തിന്റെ മധുരമാഞ്ചുവട്ടിലെത്തിച്ചാണ് ഗായകൻ തോപ്പിൽ ആന്റോ യാത്രയാകുന്നത്. റിക്കോർഡ് ചെയ്യുന്ന സിനിമാ ഗാനങ്ങളെക്കാൾ ആളുകളുടെ മുഖങ്ങൾ കണ്ട്, സംഗീതം ആ മുഖങ്ങളിൽ വിരിയിക്കുന്ന ഭാവങ്ങൾ അറിഞ്ഞു പാടാൻ ഇഷ്ടപ്പെട്ടിരുന്ന ഗായകനാണ് ആന്റോ. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികൾക്കു നൽകി. ജീവനും ജീവിതവും സംഗീതമെന്നു വിശ്വസിക്കുന്ന ആന്റോയ്ക്ക് എന്നും പാട്ടിന്റെ ലോകത്തുതന്നെ കഴിയാനായിരുന്നു ഇഷ്ടം. പ്രായം 80പിന്നിട്ടപ്പോഴും സ്വരശുദ്ധിയോടും ഊർജ്വസ്വലതയോടും കൂടി ആന്റോ പാടിക്കൊണ്ടേയിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കിനു പിന്നിലും മരുന്നായത് സംഗീതമാണ്. 

 

ലോക്ഡൗൺകാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴും സ്വന്തം ഹാർമോണിയം എടുത്തുവച്ച് ആന്റോ പാടി, മലയാളികളെ ഏറെ ചിന്തിപ്പിച്ച അർഥവത്തായ പഴയ നാടകഗാനങ്ങൾ. സി.ഒ. ആന്റോ ആണ്  ആദ്യം പാടിയതെങ്കിലും തോപ്പിൽ ആന്റോയാണ്‌ മധുരിക്കും ഓർമകളേ... വൻ ഹിറ്റാക്കി മാറ്റിയത്. ചവിട്ടുനാടക കലാകാരനായിരുന്ന അപ്പൻ കുഞ്ഞാപ്പുവും ഭക്തിഗാനങ്ങളും മറ്റും ഈണത്തിൽ പാടിയിരുന്ന ഏലീശ്വയുമാണ് ആന്റോയെ സംഗീതത്തിന്റെ ലോകത്തെത്തിച്ചത്. കുട്ടിക്കാലത്തു കിഴക്കേവലിയ വീട്ടിൽ ഹൈദ്രോസ് എന്ന അയൽവാസിയുടെ വീടിന്റെ ജനാലകളിലൂടെ ഒഴുകി വന്ന ഹിന്ദിപ്പാട്ടുകളായിരുന്നു തന്റെ സംഗീത ഗുരുവെന്ന് ആന്റോ തന്നെ പറഞ്ഞിട്ടുണ്ട്.

 

മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറിന്റെയും മുകേഷിന്റെയും ഗാനങ്ങൾ കേട്ടു പഠിച്ചു. പിന്നീട് ഇടപ്പള്ളി കോമള മ്യൂസിക്കൽ ആർട്സിൽ ചേർന്നു. ലതാമങ്കേഷ്കറിന്റെ സ്വരത്തിൽ അതേ റേഞ്ചിൽ പാടുന്ന ഗായകൻ എല്ലാവരെയും അത്ഭുതപ്പെടുത്തി. കോമള മ്യൂസിക് ആർട്സ് നടത്തിയ പരിപാടികളിൽ ആന്റോ സ്ഥിരം സാന്നിധ്യമായിരുന്നു. നാടകഗാനങ്ങളുടെ ലോകത്തേക്ക് ആന്റോയെ കൂട്ടിക്കൊണ്ടുപോയത് മുൻ കേന്ദ്രമന്ത്രി എ.സി. ജോർജാണ്. വിമോചനസമരകാലത്തു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നാടകങ്ങൾക്കു വേണ്ടി പാടാൻ അവസരം കൊടുക്കുന്നതും അദ്ദേഹം തന്നെ. സി.ജെ. തോമസിന്റെ വിഷവൃക്ഷമെന്ന നാടകത്തിലാണ് ആദ്യമായി പാടിയത്.

 

കെ.എസ്. ആന്റണിയാണു പിന്നണിഗാനശാഖയ്ക്കു തോപ്പിൽ ആന്റോയെ പരിചയപ്പെടുത്തിയത്. യേശുദാസിനെയും സിനിമയിലെത്തിച്ചത് ഇദ്ദേഹമാണ്. ഫാദർ ഡാമിയനായിരുന്നു ചിത്രം. ‘പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു’ എന്ന, ആദ്യ സിനിമയിലെ ഗാനം തികഞ്ഞ ഊർജത്തോടെ, പ്രായത്തിന്റെ അവശതകള്‍ മറന്ന് ആന്റോ പാടിയിരുന്നു. വീണപൂവ്, സ്നേഹം ഒരു പ്രാവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും സ്വരമായി. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടിയ അനുഭവസമ്പത്തും ഉണ്ട് അദ്ദേഹത്തിന്. ഹണീ ബീ 2ലെ ‘നേരാണെ നമ്മുടെ കൊച്ചി’ എന്ന ഗാനമാണ് തോപ്പിൽ ആന്റോ അവസാനമായി പാടിയത്. ഒട്ടേറെ ഗായകരെ തന്റെ ട്രൂപ്പായ കൊച്ചിൻ ബാൻഡോറിലൂടെ മലയാളികൾക്കു പരിചയപ്പെടുത്തിയ ശേഷമാണ് പ്രിയഗായകന്റെ മടക്കം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com