കൺമണിക്കായി പാട്ടൊരുക്കി നജിം അർഷാദ്, ഒപ്പം പാടി ഭാര്യയും; വിഡിയോ

Mail This Article
ഏകമകനു വേണ്ടി പാട്ടൊരുക്കി ഗായകൻ നജിം അർഷാദ്. ‘കണ്ണേ കൺമണിയേ’ എന്നു തുടങ്ങുന്ന പാട്ട് ഒരു സമ്പൂർണ കുടുംബ ആൽബമായാണു പ്രേക്ഷകർക്കരികിലെത്തിയത്. നജിം ഈണമൊരുക്കി പാടിയ പാട്ടിൽ ഭാര്യ തസ്നിയും സ്വരമായി. തസ്നിയുടെ ആലാപനം ആസ്വാദകർക്കു പുത്തൻ അനുഭവമാവുകയാണ്. അരുൺ ഏളാട്ട് ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്.
അതിമനോഹരമായ ദൃശ്യാനുഭവം കൂടെ സമ്മാനിക്കുന്ന പാട്ടിൽ, നജീമും തസ്നിയും മകനും ചേർന്നുള്ള സ്നേഹാർദ്ര നിമിഷങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ മകന് എക്കാലവും ഓർത്തുവയ്ക്കാനുള്ള സ്നേഹസമ്മാനമാണ് ഈ സംഗീത ആൽബമെന്ന് നജിം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ഗായകന്റെ കുറിപ്പ്.
സച്ചു സുരേന്ദ്രനാണ് ‘കണ്ണേ കൺമണിയേ’ പാട്ടിന്റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. ദാസ് കെ.മോഹനൻ ഗാനരംഗങ്ങൾ ചിത്രീകരിച്ചു. നജീമിന്റെ സഹോദരൻ സജിം നൗഷാദ് പാട്ടിന്റെ മിക്സിങ്ങും ജോനാഥൻ ജോസഫ് മാസ്റ്ററിങ്ങും നിർവഹിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.