അല്ലു അർജുനെ അനുകരിച്ച് കൊറിയൻ യുവതി; ‘പുഷ്പ’യിലെ പാട്ടിനൊപ്പം വൈറൽ ചുവടുകൾ, വിഡിയോ

Mail This Article
അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ‘ശ്രീവല്ലി’ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കൊറിയൻ യുവതിയുടെ വിഡിയോ വൈറലാകുന്നു. കൊറിയൻ ജി1 എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും പുറത്തുവന്ന വിഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
‘ശ്രീവല്ലി’ ഗാനരംഗത്തിൽ അല്ലു അർജുൻ ധരിച്ചിരിക്കുന്ന വസ്ത്രവുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് കൂളിങ് ഗ്ലാസ് വച്ചാണ് യുവതി ചുവടുവയ്ക്കുന്നത്. ‘ഈ നൃത്തം നിങ്ങൾ വിചാരിക്കുന്നതിലും ബുദ്ധിമുട്ടാണ്. കൊറിയൻ പതിപ്പിൽ അല്ലു അർജുൻ’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.
‘പുഷ്പ’യിൽ ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണിത്. സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ‘പുഷ്പ’യിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലും എത്തുന്നു.