ADVERTISEMENT

പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങായ ഒരു പാട്ടുണ്ട് ഇപ്പോൾ പ്രേക്ഷകരുടെ നാവിൻ തുമ്പിൽ. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ‘പറുദീസ’. സുഷിൻ ശ്യാമിന്റെ ഈണവും ശ്രീനാഥ് ഭാസിയുടെ ശബ്ദവും വിനായക് ശശികുമാറിന്റെ വരികളും കൊണ്ടു സമ്പന്നമായ പാട്ട്, ചുരുക്കിപ്പറഞ്ഞാൽ ചെറുപ്പക്കാരുടെ പാട്ട്. ഒപ്പം സൗബിൻ ഷാഹിറിന്റെയും ശ്രീനാഥ് ഭാസിയുടെയും ചടുലമായ ചുവടുകളും കൂട്ടിനെത്തിയതോടെ ന്യൂജെൻ ഭാഷയിൽ ‘പറുദീസ വേറെ ലെവൽ’ ആയി.

 

‘പറുദീസ’ ശ്രദ്ധിക്കപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട്. പാട്ടിലെ ആദ്യരംഗങ്ങളിലെ വോൾ ആർട്ടിൽ പ്രേക്ഷകരുടെ കണ്ണുടക്കിയിട്ടുണ്ടാകും. ഒറ്റ നോട്ടത്തിൽ BAD എന്നു തെറ്റിദ്ധരിക്കപ്പെടുമെങ്കിലും അത്13 AD ആണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ എൺപതുകളിലെ ഏറ്റവും മികച്ച ഇന്ത്യൻ റോക്ക് ബാൻഡുകളിൽ ഒന്നായ, യുവഹൃദയങ്ങളെ പിടിച്ചുലച്ച് അതിവേഗം രാജ്യം മുഴുവൻ പടർന്നു കയറിയ 13 AD പാട്ടുകൂട്ടം. 

13ad-2
‘പറുദീസ’ ഗാനരംഗത്തിൽ നിന്ന്

 

പാടിപ്പാടി രാജ്യത്തെ പാട്ടിലാക്കിയ 13 ADയുടെ പിറവി ഇങ്ങ് ഇവിടെ കൊച്ചിയിലായിരുന്നു. കയ്യിലൊരു ഗിറ്റാറും പിടിച്ച് കൊച്ചിയുടെ തെരുവോരങ്ങളിൽ പാട്ടും പാടി നടന്ന ഒരുകൂട്ടം ചെറുപ്പക്കാരെ രാജ്യം തിരിച്ചറിഞ്ഞത് അവർ പകർന്ന ആവേശം നിറയ്ക്കും ഈണങ്ങളിലൂടെയായിരുന്നു. വിന്നി ഡിസൂസയും എമിൽ ഐസക്കും ടൈറൻ ആൻഡ് ടോണിയും മറ്റും തുടങ്ങി വച്ച കൊച്ചിയിലെ വെസ്റ്റേൺ മ്യുസിക് കൾച്ചർ തരംഗമായി മാറിയത് 13 ADയിലൂടെയായിരുന്നു. കൊച്ചിക്കാരുടെ പാട്ടുപ്രേമത്തിനു പിന്നിലും 13 ADയ്ക്കു വലിയ പങ്കുണ്ടെന്നതു യാഥാർഥ്യം.

 

1977ൽ തുടങ്ങി 80കളിലും 90കളുടെ പകുതി വരെയും 13 AD പാട്ടുകപ്രേമികളുടെ സിരകളിൽ സംഗീതലഹരി നിറച്ചുകൊണ്ടേയിരുന്നു. ഗ്രൗണ്ട് സിറോ, ടഫ്‌ ഓൺ ദ സ്ട്രീറ്റ് എന്നീ റോക്ക് ആൽബങ്ങളിലൂടെ അവർ ഇന്ത്യൻ സംഗീതലോകത്തിന്റെ ആത്മാവിനെ തൊട്ടു. അങ്ങനെ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബാൻഡുകളുടെ നിരയിലേയ്ക്ക് 13 AD വളർന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലുൾപ്പെടെ വിവിധയിടങ്ങളിൽ 13 AD പാടിത്തിളങ്ങി. 

 

സ്റ്റാൻലി ലൂയിസ്, ഗ്ലെൻ ലാ റൈവ്, നദീൻ ഗ്രിഗറി, റോസ്, സറീന, സുനിത മേനോന്‍, ആഷ്‌ലി പിൻറോ, അനിൽ റൗൺ, പെട്രോ കൊറിയ, ജോർജ് പീറ്റർ, എലോയ് ഐസക്, ജാക്സൺ അരുജ, പിൻസൺ കൊറിയ, പോൾ കെ.ജെ എന്നിവരായിരുന്നു ബാൻഡ് അംഗങ്ങൾ. ഇടയ്ക്കു ചിലരെ മാറ്റി പകരം വേറെ ചിലരെ കൊണ്ടുവന്ന് 13 AD പൊളിച്ചു പണിയുകയുമുണ്ടായി. 

 

തൊണ്ണൂറുകളുടെ പകുതി പിന്നിട്ടതോടെ 13 ADയുടെ ശനിദശയും തുടങ്ങി. പിന്നീടൊരിക്കലും ബാൻഡിന് പുതിയ സംഗീത ആൽബങ്ങൾ പുറത്തിറക്കാനായില്ല. എങ്കിലും പല സംഗീത പരിപാടികളിലും ലൈവ് ആയി 13 ADയുടെ സംഗീതം മുഴങ്ങി. പക്ഷേ കാലം പിന്നെയും ചലിച്ചപ്പോൾ 13 ADയുടെ ഈണം പാതിയിൽ മുറിഞ്ഞു. പ്രേക്ഷകഹൃദയങ്ങളിൽ വേരൂന്നിയ ബാൻഡ് പിന്നീട് തകർന്നടിയുകയായിരുന്നു. 

 

മനഃപൂർവോ അല്ലാതെയോ ആരൊക്കെയോ ചെയ്ത ചില പ്രവൃത്തികൾ 13 ADയെ തളർത്തിയിട്ടുണ്ടാകാം. സംഗീതവളർച്ചയിൽ അവർക്കേറ്റ പ്രഹരം വലുതായിരുന്നു. പിന്നീടൊരിക്കലും ത്രസിപ്പിക്കും ഈണവുമായി അവർ വന്നില്ല. ബാൻഡിലെ പലരുടെയും സംഗീതയാത്ര പാതിയിൽ അവസാനിച്ചെങ്കിലും ജോർജ് പീറ്റർ ഇന്നും ഇഷ്ടഗായകനായി ആരാധകഹൃദയങ്ങളിലുണ്ട്. 

 

മലയാളിയുടെ സംഗീത ഇഷ്ടങ്ങളെ മാറ്റിക്കുറിച്ച് റോക്ക് സംഗീതത്തിന്റെ അലയൊലികളാൽ ആവേശം തീർത്ത് ആരാധകലക്ഷങ്ങളെ വാരിക്കൂട്ടി ആഘോഷമായി മാറിയ 13 ADയുടെ തകർച്ച എന്നും സംഗീതലോകത്തിന്റെ വലിയ നഷ്ടവും സംഗീതപ്രേമികളുടെ തീരാവേദനയുമാണ്. കോരിച്ചൊരിയുന്ന മഴയത്തും പൊള്ളുന്ന വെയിലത്തും മണിക്കൂറുകളോളം വേദികളുടെ മുന്നിൽ തിങ്ങിനിറഞ്ഞു നിന്ന് 13 ADയുടെ പാട്ടുകൾ കേട്ട് ആവേശം കൊണ്ട ഒരുകൂട്ടം ആളുകൾ ഇപ്പോഴുമുണ്ട് കേരളത്തിൽ. ഇടയ്ക്കെവിടെയോ വീണ് ഉടഞ്ഞു പോയെങ്കിലും 13 ADയുടെ ഓർമകൾക്ക് ഇന്നും ആരാധകഹൃദയങ്ങളിൽ തിളക്കമേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com