സ്റ്റേജിൽ നിന്നു വലിച്ചിറക്കി തല്ലി, സംഗീതപരിപാടിക്കിടെ സോനു നിഗമിന് എംഎൽഎ പുത്രന്റെ ക്രൂരമർദനം

Mail This Article
മുംബൈയിൽ നടന്ന സംഗീതപരിപാടിക്കിടെ പ്രശസ്ത ഗായകൻ സോനു നിഗമിനു നേരെ എംഎൽഎയുടെ മകന്റെ ആക്രമണം. പ്രാദേശിക എംഎൽഎ പ്രകാശ് ഫതേർപെക്കറിന്റെ മകനാണ് വേദിയിൽ നിന്നും വലിച്ചിറക്കി ഗായകനെ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ആരാധകർ കടുത്ത പ്രതിഷേധമറിയിച്ചു രംഗത്തെത്തി.
സംഗീതപരിപാടി അവസാനിച്ചപ്പോൾ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ പുത്രൻ വേദിയിലെത്തി. ഇത് സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കി. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയായിരുന്നു. സോനുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. എന്നാൽ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്ന ഏതാനും പേർ പരുക്കേറ്റ് ചികിത്സയിലാണ്.
ചെമ്പൂർ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്. നാലു ദിവസമായി തുടരുന്ന പരിപാടിയുടെ അവസാന ദിനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സോനുവിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഗായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.