ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി സിതാരയുടെ സ്വരഭംഗി; ഉള്ള് തൊട്ട് ‘ബേല’

Mail This Article
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘ബേല’ സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സിതാര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചത്. രഞ്ജിത് മിലൻ വരികൾ കുറിച്ചു സംഗീതം പകർന്നിരിക്കുന്നു. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും രഞ്ജിത് തന്നെ.
‘ഇരുളിൽ മുഖം തേടുന്ന മൗനം
നിഴലായ് നിന്നോടു ചേർന്നു
മിഴിയിൽ കിനാവറ്റ മേഘം
പിരിയാതിന്നു നോവിൽ പിടഞ്ഞു...’
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സിതാരയുടെ ആലാപനം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നാണ് ആസ്വാദകപക്ഷം. വരികളിലെ തീക്ഷ്ണത ഉള്ള് തൊടുന്നുവെന്നു പ്രേക്ഷകർ കുറിക്കുന്നു. പാട്ടിന്റെ ദൃശ്യഭംഗിയും എടുത്തു പറയേണ്ടതാണ്.
പാപ്പിനു ആണ് ‘ബേല’ ചിത്രീകരിച്ചത്. നിഖില്‍ വേണു ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സന്ദീപ് സജീവയാണ് പ്രോഗ്രാമിങ് ചെയ്തത്. ഹരിശങ്കർ സൗണ്ട് മിക്സിങ് ചെയ്തു. ഫ്രാൻസിസ്‍ സേവ്യർ വയലിനിൽ ഈണമൊരുക്കി. അതുൽ എസ് നാഥ് ആണ് ‘ബേല’യുടെ അസിസ്റ്റന്റ് ഡയറക്ടർ.