കാൻസർ ബാധിതനാണെന്നു പറഞ്ഞ് പണം തട്ടി, ഒടുവിൽ മാപ്പ് ചോദിച്ച് ഗായകന്റെ ആത്മഹത്യ

Mail This Article
കൊറിയൻ ഗായകൻ ചോയി സങ് ബോങ്ങിനെ (33) മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ സിയോളിലെ യോക്സാം ഡോങ് ജില്ലയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. 2011 ൽ കൊറിയയുടെ ഗോട്ട് ടാലന്‍റ് സംഗീത റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു ചോയി സങ് ബോങ്. ചെറു പ്രായത്തിൽ തന്നെ നിരവധി ആരാധകരെ വാരിക്കൂട്ടിയെങ്കിലും താൻ കാൻസർ ബാധിതനാണെന്നു പ്രചരിപ്പിച്ച് പണം തട്ടിയതോടെ ജനപ്രീതിയും വിശ്വാസ്യതയുമെല്ലാം ഗായകനു നഷ്ടപ്പെട്ടിരുന്നു.
ഒന്നിലധികം ശരീരഭാഗങ്ങളിൽ തനിക്കു കാൻസർ ബാധിച്ചുവെന്നും അതിജീവനത്തിനായി പോരാടുകയാണെന്നും പറഞ്ഞായിരുന്നു ചോയി സങ് ബോങ് ധനസമാഹരണം നടത്തിയത്. ഇത് വലിയ വിവാദത്തിനു കാരണമായി. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചു വിശദീകരിച്ച ഗായകൻ, തന്റെ പുതിയ ആൽബം പുറത്തിറക്കുന്നതിനു പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതെല്ലാം വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു. താൻ രോഗാവസ്ഥയിലല്ലെന്നും പിരിച്ചെടുത്ത പണം എല്ലാവർക്കും മടക്കി നൽകുമെന്നും ചോയി സങ് ബോങ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് ചോയി സങ് ബോങ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തിരുന്നു. തന്റെ തെറ്റുകൾ കാരണം വിഷമിച്ചവരോട് ഒന്നടങ്കം മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു കുറിപ്പ്. ഗായകന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കൊറിയൻ സംഗീതലോകം.