‘ബേസി ഒരു പാട്ട് പാടുമോ?’; വേദിയിൽ ചിരിപ്പൂരം തീർത്ത് ബേസിൽ ജോസഫിന്റെ പാട്ട്
![basil-prithvi-song ‘ഗുരുവായൂർ അമ്പലനടയിൽ’ ട്രെയിലർ ലോഞ്ച് വേദിയിൽ നിന്ന്.](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2024/5/11/basil-prithvi-song.jpg?w=1120&h=583)
Mail This Article
‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ ദുബായിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ പാട്ടുപാടി ട്രോളി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ, മിഥുൻ രമേശ് എന്നിവരുള്ള വേദിയിലാണ് ബേസിലിന്റെ രസികൻ പ്രകടനം.
വേദിയിലെത്തിയ ബേസിലിനോട് അവതാരകനായ മിഥുൻ രമേശ് ഒരു പാട്ടു പാടാമോ എന്നു ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പാട്ടു പാടാമെന്നു പറഞ്ഞ ബേസിൽ മൈക്കെടുത്ത് പാടാൻ തുടങ്ങി. 'പുതിയ മുഖം' എന്ന പാട്ടിന്റെ ട്രോൾ വേർഷൻ പാടാൻ തുടങ്ങിയതും വേദിയിലും സദസിലും ചിരി പൊട്ടി. താരങ്ങളും കാണികളും ചിരിച്ചു മറിഞ്ഞ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പൃഥ്വിരാജ് ആടുജീവിതത്തിലെ ‘പെരിയോനെ റഹ്മാനെ’ എന്ന ഗാനം പാടിയതിനു പിന്നാലെയായിരുന്നു ബേസിലിന്റെ ട്രോൾ പാട്ട്. വേദിയിലും സദസ്സിലും ചിരിപ്പൂരം തീർത്ത ബേസിൽ പിന്നീട് ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് പാടിയ ശേഷമാണു വേദിവിട്ടത്.
പുതിയ മുഖം എന്ന സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് ആലപിച്ച ഗാനം പിന്നീട് അമർ അക്ബർ ആന്റണിയിൽ രസകരമായ രീതിയിൽ അവതരിപ്പിച്ചിരുന്നു. ചില റിയൽ വിഡിയോകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു അങ്ങനെയൊരു അവതരണം. പിന്നീട്, വ്യാപകമായ രീതിയിൽ ആ പാട്ടിന്റെ കോമഡി പതിപ്പ് പ്രചരിക്കുകയായിരുന്നു.