‘79ാം വയസ്സിലെങ്കിലും അംഗീകരിച്ചതിൽ സന്തോഷം’; പ്രതികരിച്ച് വിദ്യാധരൻ മാസ്റ്റർ
Mail This Article
ഏറെ വൈകിയെങ്കിലും തന്റെ സംഗീതം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്റർ. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന ഗാനത്തിലൂടെയാണ് വിദ്യാധരൻ മാസ്റ്റർ പുരസ്കാരം നേടിയത്. എട്ടാം വയസ്സിൽ പാട്ട് പാടാൻ ആഗ്രഹിച്ച് നാടുവിട്ടുപോയ തന്നെ ഈ 79ാം വയസ്സിലെങ്കിലും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
‘എട്ടാം വയസ്സിൽ പാട്ടുപാടാൻ ആഗ്രഹിച്ച് നാടുവിട്ടു പോയ ആളാണ് ഞാൻ. പാട്ടുകാരൻ ആകാൻ ആഗ്രഹിച്ചു നടന്ന എനിക്ക് ഇപ്പോൾ 79 വയസ്സ് കഴിഞ്ഞു. ഇപ്പോഴാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. പാട്ടുകാരനാകാനാണ് എന്നും ആഗ്രഹിച്ചത്. പാട്ടുകാരനായിട്ട് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. സംഗീതം ചെയ്തതിന് ഇതുവരെ പുരസ്കാരം തേടിയെത്തിയിട്ടില്ല. എന്റെ പാട്ടുകൾ പാടിയതിന് യേശുദാസിനും ചിത്രയ്ക്കും ഒഎൻവി സാറിനുമൊക്കെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ എനിക്കു മാത്രമില്ല. ഏതൊക്കെ പാട്ടുകളാണ് ഞാൻ പാടിയിട്ടുള്ളത് എന്നുപോലും എനിക്ക് ഓർമയില്ല. കുറേയേറെയുണ്ട്. ഇപ്പോൾ പുരസ്കാരം ലഭിച്ചതിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നു. ഇപ്പോഴെങ്കിലും ആളുകൾ എന്നെ തിരിച്ചറിഞ്ഞല്ലോ’, വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.
ആറുപതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യയില്‍ നാലായിരത്തിലേറെ പാട്ടുകളാണ് വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ആരാധകർ ഏറെയുണ്ട്.