‘കേരളമൊന്നാകെ പാടി നടന്ന പാട്ട് ജൂറിയുടെ ശ്രദ്ധയിൽപ്പെട്ടില്ലേ? തീരുമാനത്തെ ചോദ്യം ചെയ്യാനില്ല’
Mail This Article
സംസ്ഥാന പുരസ്കാരത്തിൽ ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ ദുഃഖം രേഖപ്പെടുത്തി ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സിയും നോവലിസ്റ്റ് ബെന്യാമിനും. കേരളം മുഴുവൻ പാടിക്കൊണ്ടു നടന്ന പാട്ടുകൾ ജൂറിയുടെ ശ്രദ്ധയിൽപ്പെടാത്തതിൽ അദ്ഭുതം തോന്നുന്നുവെന്ന് ബ്ലെസ്സി പ്രതികരിച്ചു. എ.ആർ.റഹ്‌മാന്റെ മനോഹരമായ സംഗീതവും റഫീഖ് അഹമ്മദിന്റെ അതിമനോഹരമായ വരികളും പരിഗണിക്കാതെ പോയതിൽ വിഷമമുണ്ടെന്നാണ് ബെന്യാമിന്റെ പ്രതികരണം. ജൂറിയുടെ അന്തിമ തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ജൂറി എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നു ജൂറിയായി പ്രവർത്തിച്ചിട്ടുള്ള തനിക്ക് അറിയാമെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
‘എന്റെ എട്ടാമത്തെ സിനിമയാണ് ആടുജീവിതം. ആ സിനിമയിൽ ഏറ്റവും മികച്ച പെർഫോമൻസ് ഞാൻ കണ്ടത് അതിന്റെ സംഗീതഭാഗത്തിന്റെ റെക്കോർഡിങ്ങിൽ ആണ്. അത് പരിഗണിക്കാതെ പോയതിൽ ഖേദമുണ്ട്. ഓരോ ആർട്ടിസ്റ്റും ഓരോന്നും ചെയ്യുന്നതിന്റെ വേദന നമുക്ക് അറിയാം. അത് ആര് ചെയ്തു എന്നതിനല്ല പ്രസക്തി. കേരളം മുഴുവൻ പാടിക്കൊണ്ടു നടക്കുന്ന പാട്ടുകളുടെ സംഗീതം ജൂറി പരിഗണിക്കാതെ പോയോ എന്നു സംശയമുണ്ട്. വലിയൊരു ലെജൻഡിനെ നമ്മൾ എങ്ങനെ കണ്ടു എന്ന ഒരു ചോദ്യമുണ്ട്. ഇത് എന്റെ വിഷമം മാത്രമാണ്. ഒരു സിനിമയിലെ സംവിധായകന്റെ വർക്ക് മികച്ചതാകുന്നത് അതിൽ പ്രവർത്തിച്ച ഓരോരുത്തരും മികവ് പുലർത്തുമ്പോഴാണ്. ആടുജീവിതത്തില്‍ ഞാൻ ഏറ്റവുമധികം പ്രയത്നിച്ചത് അതിന്റെ സംഗീതത്തിനു വേണ്ടിയാണ്. അത് പരിഗണിക്കപ്പെടാതെ പോയത് എന്നെ ആശ്ചര്യപ്പെടുത്തി’, ബ്ലെസ്സി പറഞ്ഞു.
‘ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ എനിക്കും ദുഃഖമുണ്ട്. എ.ആർ.റഹ്‌മാന്റെ മനോഹരമായ സംഗീതം, റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികൾ എന്നിവയെല്ലാം പരിഗണിക്കാമായിരുന്നു. പക്ഷേ ജൂറിയുടെ അന്തിമ തീരുമാനം ഇതാണ്. അതിനെ ചോദ്യം ചെയ്യാൻ പാടില്ല. ഞാനും ജൂറിയായി പ്രവർത്തിച്ചിട്ടുള്ള ആളാണ്. ജൂറി എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് എനിക്ക് കൃത്യമായ ധാരണയുണ്ട്. വലിയ ചർച്ചകൾ നടത്തിയിട്ടായിരിക്കും അത്തരമൊരു തീരുമാനത്തിലേക്ക് അവർ എത്തിയത്. എങ്കിലും ആടുജീവിതത്തിലെ സംഗീതത്തിന് പുരസ്‌കാരം ലഭിക്കാതെ പോയതിൽ വിഷമമുണ്ട്’, ബെന്യാമിൻ പറഞ്ഞു.