ആവേശക്കാഴ്ചയായി റെട്രോയിലെ കല്യാണപ്പാട്ട്, സൂര്യയ്ക്കൊപ്പം ആറാടി ജോജു ജോർജും; 6 മില്യൻ പിന്നിട്ട് കാഴ്ചക്കാർ

Mail This Article
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘റെട്രോ’യിലെ കല്യാണപ്പാട്ട് തരംഗമാകുന്നു. സന്തോഷ് നാരായണന്‍ ഈണമൊരുക്കിയ ഗാനമാണിത്. വിവേക് വരികൾ കുറിച്ചിരിക്കുന്നു. സന്തോഷ് നാരായണനും ദ് ഇന്ത്യൻ കോറൽ എൻസെംബിളും സംയുക്തമായി ഗാനം ആലപിച്ചു.
ആഘോഷപ്പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. മണിക്കൂറുകൾ കൊണ്ട് 6 മില്യനിലേറെ ആസ്വാദകരെ സ്വന്തമാക്കിയ ഗാനം ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. ഗാനരംഗത്തിൽ സൂര്യയ്ക്കൊപ്പം നടൻ ജോജു ജോർജും ചുവടുകൾ വയ്ക്കുന്നതു കാണാം.
കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘റെട്രോ’. ശ്രേയസ് കൃഷ്‍ണ ഛായാഗ്രഹണം നിർവഹിക്കുന്നു. പൂജ ഹെഗ്ഡേ, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മേയ് 1ന് ‘റെട്രോ’ പ്രദർശനത്തിനെത്തും.