ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തിൽ വിപുലീകരണത്തിന്
Mail This Article
കൊച്ചി ∙ പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തിൽ 2000 കോടി രൂപയുടെ ബിസിനസും 30 ശാഖകളും ലക്ഷ്യമിടുന്നു. ഏതാനും മാസത്തിനകം സംസ്ഥാനത്തു സോണൽ ഓഫിസ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.എസ്. രാജീവ് വെളിപ്പെടുത്തി.
നിലവിൽ 15 ശാഖകളാണു കേരളത്തിലുള്ളത്. മാർച്ച് 31നു മുമ്പു 10 ശാഖകളും ജൂൺ 30നു മുമ്പ് 5 ശാഖകളും ആരംഭിക്കും. അതോടെ ഇപ്പോഴത്തെ 600 കോടി രൂപയുടെ ബിസിനസ് 2000 കോടിയിലെത്തും. കൃഷി, റീട്ടെയ്ൽ, എംഎസ്എംഇ മേഖലകൾക്കു പ്രത്യേക പരിഗണന നൽകിയാണു സാന്നിധ്യം വിപുലീകരിക്കുന്നത്.
സ്വർണപ്പണയ വായ്പയ്ക്കു ബാങ്ക് ഈടാക്കുന്നത് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പലിശയാണ്: 7.35% മാത്രം. ദിവസം 25 കോടി രൂപ ഈ ഇനത്തിൽ വായ്പ നൽകുന്നു. 48 മണിക്കൂറിനുള്ളിൽ ഭവന വായ്പ അനുവദിക്കുന്നുവെന്നു മാത്രമല്ല നിർമാണച്ചെലവിന്റെ 90% വരെ നൽകുന്നുമുണ്ട്. ഭവന വായ്പയ്ക്കും ഏറ്റവും കുറഞ്ഞ നിരക്കിലാണു പലിശ ഈടാക്കുന്നത്.
കിട്ടാക്കടത്തിന്റെ അളവു ഗണ്യമായി കുറയ്ക്കാനും കാൽ ലക്ഷത്തിലേറെ കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും ബാങ്കിനു സാധിച്ചിട്ടുണ്ട്. 12 – 15% വളർച്ചയാണ് ഈ വർഷത്തെ ലക്ഷ്യം. രാജ്യത്തെ ആകെ ശാഖകളുടെ എണ്ണം മാർച്ച് 31നു മുമ്പു രണ്ടായിരത്തിലെത്തും. ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ ബാങ്ക് 154 കോടി രൂപ അറ്റാദായം നേടി. പ്രവർത്തന ലാഭം 902 കോടി. ബാങ്കിന്റെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തിയതായും രാജീവ് പറഞ്ഞു.