ADVERTISEMENT

ന്യൂഡൽഹി∙ ഡീസൽ വാഹനങ്ങൾക്കും എൻജിനുകൾക്കും 10% അധികം നികുതി ചുമത്താൻ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഇന്നലെ രാവിലെ പറഞ്ഞ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒന്നരമണിക്കൂറിനകം നിലപാട് മാറ്റി. ഡീസൽ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തി മലിനീകരണം തടയാൻ അധിക നികുതി ചുമത്താൻ ശുപാർശ ചെയ്യുമെന്നാണ് ഇന്നലെ രാവിലെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം) വേദിയിൽ വച്ച് ഗഡ്കരി പറഞ്ഞത്. ഡീസൽ വാഹനങ്ങളുടെ വില വർധിക്കാൻ ഇടയായേക്കാവുന്ന ശുപാർശ വൻതോതിൽ ചർച്ചയായിരുന്നു. പല ഓട്ടമൊബീൽ കമ്പനികളുടെ ഓഹരിയും ഇതോടെ ഇടിഞ്ഞു. 

തുടർന്നാണ്, ഇത്തരമൊരു നിർദേശം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നു വ്യക്തമാക്കി ഉച്ചയ്ക്ക് 1.13ന് എക്സിൽ (ട്വിറ്റർ) ഗഡ്കരി പോസ്റ്റ് ഇട്ടത്. തുടർന്ന് ഇടിഞ്ഞ ഓഹരികൾ തിരിച്ചുകയറി. അധികനികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ട് താൻ തയാറാക്കിയ കത്ത് ഇന്നലെ വൈകിട്ട് ധനമന്ത്രി നിർമല സീതാരാമന് നൽകുമെന്നായിരുന്നു രാവിലത്തെ പ്രഖ്യാപനം. ഡീസലിനോട് ഗുഡ്ബൈ പറഞ്ഞില്ലെങ്കിൽ അവ വിറ്റഴിക്കാൻ പറ്റാത്ത തരത്തിൽ നികുതി വർധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ഭൂരിഭാഗം കമേഴ്സ്യൽ വാഹനങ്ങളും ഡീസൽ ഉപയോഗിക്കുന്നവയാണ്.

‘ഓട്ടമൊബീൽ വ്യവസായ 15–18 ശതമാനത്തോളം വളർച്ച നേടുകയാണ്. ഇത് പെട്രോൾ–ഡീസൽ പോലെയുള്ള ഇന്ധനങ്ങളുടെ ഉപയോഗവും വർധിപ്പിക്കുന്നു. ഈ രീതി തുടരുന്നത് വാഹനക്കമ്പനികൾക്ക് സന്തോഷകരമായിരിക്കും. എന്നാൽ ഇതുണ്ടാക്കുന്ന മലിനീകരണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട്, പെട്രോളും ഡീസലും ഉപേക്ഷിച്ച് ബദൽ ഇന്ധനങ്ങളിലേക്ക് (ജൈവ ഇന്ധനം, എഥനോൾ, ഗ്രീൻ ഹൈഡ്രജൻ) മാറുക. നികുതി വർധിപ്പിക്കാനുള്ള നിർദേശവുമായി മുന്നോട്ടുപോകാൻ നിങ്ങൾ (കമ്പനികൾ) എന്നെ നിർബന്ധിതനാക്കുമെന്ന് കരുതുന്നില്ല.’- നിതിൻ ഗഡ്കരി പറഞ്ഞു.

Content Highlight: Nitin Gadkari clarifies statement on diesel vehicle tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com