നിർണായകമാകുമോ പെരിയ?; കാസർകോട്ട് അങ്കം മുറുകുന്നു
Mail This Article
ആകെ ചുവന്ന് കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ; ത്രിവർണത്തിനും അടിത്തറയുള്ള കാഞ്ഞങ്ങാടും ഉദുമയും; കാവി, കടുംപച്ച വളത്തുണ്ടുകൾ പൊട്ടിച്ചിതറിയ പോലെ കാസർകോടും വടക്കേയറ്റത്തു മഞ്ചേശ്വരവും– ഇങ്ങനെ പല നിറങ്ങൾ ചേർത്തുനെയ്തതാണു കാസർകോടിന്റെ രാഷ്ട്രീയ മനസ്സ്.
30 വർഷമായി ഇടതിന്റെ കോട്ട. എന്നാൽ, പെരിയ ഇരട്ടക്കൊലപാതകം ചർച്ചയാകുന്ന ഇക്കുറി ആ കുത്തക തകർക്കാമെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ് രാജ്മോഹൻ ഉണ്ണിത്താനെ കളത്തിലിറക്കുന്നത്. മുൻ എംഎൽഎ കെ.പി. സതീഷ് ചന്ദ്രന്റെ മികച്ച പ്രതിച്ഛായയാണു എൽഡിഎഫ് പ്രതീക്ഷകളുടെ ആണിക്കല്ല്.
വൈകാതെ നടക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു മുൻപുള്ള ബലപരീക്ഷണമാണ് എൻഡിഎയ്ക്ക്. എങ്കിലും രവീശ തന്ത്രിയെ മുൻനിർത്തി എൻഡിഎ ചോർത്തുന്ന വോട്ടുകളിൽ ഇരു മുന്നണികൾക്കും ആശങ്കയുണ്ട്.
എകെജിയുടെ തട്ടകം
രൂപംകൊണ്ട 1957 മുതൽ തുടർച്ചയായി മൂന്നു തവണ എകെജി ജയിച്ച മണ്ഡലമാണു കാസർകോട്. എന്നാൽ 1971ൽ രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് ടിക്കറ്റിൽ ഇ.കെ. നായനാരെ മലർത്തിയടിച്ചു. 1977ലും കടന്നപ്പള്ളി. 1980ൽ സിപിഎം എം.രാമണ്ണറൈയിലൂടെ സീറ്റ് തിരിച്ചുപിടിച്ചു. ജനസംഘം കൂടി ഉൾപ്പെട്ട ജനതാ പാർട്ടിയുടെ ഒ.രാജഗോപാലിനെയാണു പരാജയപ്പെടുത്തിയത്. 1984ലെ ഇന്ദിര സഹതാപ തരംഗത്തിൽ സിപിഎമ്മിന്റെ ഇ.ബാലാനന്ദനെ കോൺഗ്രസിന്റെ ഐ. രാമറൈ അട്ടിമറിച്ചു.
തുടർന്ന് ഇന്നുവരെ സിപിഎമ്മിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രാമണ്ണറൈ (1989, 91), ടി.ഗോവിന്ദൻ (1996, 98, 99), എ.കെ.ജി.യുടെ മരുമകൻ കൂടിയായ പി.കരുണാകരൻ (2004, 2009, 2014) എന്നിവർ എംപിമാരായി.
ആരാകും ‘ജനകീയൻ’ ?
സാധാരണക്കാരുടെ കൂടെ നിൽക്കുന്ന സ്ഥാനാർഥിയെന്ന പ്രതിച്ഛായയാണു സിപിഎം സ്ഥാനാർഥി കെ.പി. സതീഷ്ചന്ദ്രന്റെ ‘പ്ലസ് പോയിന്റ്’.
പെരിയ ഇരട്ടക്കൊലപാതകം സൃഷ്ടിച്ച തിരിച്ചടിയിൽ നിന്നു കരകയറാനുള്ള പിടിവള്ളി. മൂന്നു തവണ സിപിഎം ജില്ലാ സെക്രട്ടറി, രണ്ടു തവണ തൃക്കരിപ്പൂർ എംഎൽഎ (1996– 2006), നിലവിൽ എൽഡിഎഫ‌് ജില്ലാ കൺവീനർ– സതീഷ‌്ചന്ദ്രനെ പരിചയപ്പെടുത്തേണ്ടതില്ല.
കെപിസിസി അംഗം സുബ്ബയ്യറൈയുടെ പേര് അവസാന നിമിഷം വരെ പറഞ്ഞുകേട്ട മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയപ്പോൾ ചില്ലറ അപസ്വരങ്ങളുയർന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടു പ്രശ്നങ്ങളൊതുക്കി.
പെരിയ സംഭവത്തെത്തുടർന്നു രാഷ്ട്രീയ അന്തീക്ഷത്തിലുണ്ടായ മാറ്റം യുഡിഎഫിന് അനുകൂലമാക്കാൻ ഉണ്ണിത്താന്റെ വാഗ്‌വിലാസത്തിനു കഴിയുമെന്നു കോൺഗ്രസ് വിശ്വസിക്കുന്നു. സിപിഎമ്മിനോടു ‘മല്ലിട്ടു’നിൽക്കാൻ കഴിയുന്ന സ്ഥാനാർഥിയായി പ്രവർത്തകരും കാണുന്നു.
സുബ്ബയ്യ റൈയ്ക്കു പകരം ഉണ്ണിത്താൻ എത്തിയതോടെയാണു ബിജെപി രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയാക്കിയത്.
വരാൻ പോകുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ ട്രയൽ റൺ ആകുമെന്നു വിലയിരുത്തൽ. തീവ്ര ഹിന്ദുത്വത്തെ മുറുകെപ്പിടിച്ചുള്ള പ്രസംഗങ്ങളിലൂടെ സാന്നിധ്യമറിയിക്കുന്ന അദ്ദേഹം കാസർകോട്ടെയും കർണാടകയിലെയും ഒട്ടേറെ ക്ഷേത്രങ്ങളിൽ തന്ത്രിയാണ്. ബിജെപി സംസ്ഥാന സമിതി അംഗവും മഞ്ചേശ്വരം നിയമസഭാ മണ്ഡലം പ്രഭാരിയുമാണ്. 2016ൽ കാസർകോട്ടു രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
പെരിയയുടെ പാഠങ്ങൾ
പെരിയ ഇരട്ടക്കൊലപാതകം തന്നെ മുഖ്യവിഷയം. ഒന്നും അറിഞ്ഞിരുന്നില്ലെന്ന സിപിഎം വാദം അടിയുറച്ച പ്രവർത്തകർക്കു പോലും അത്ര ദഹിച്ചിട്ടില്ല.
മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിലെ കന്നഡ വോട്ടുകളും കണ്ണൂർ ജില്ലയിലെ സിപിഎം വോട്ടുകളുമാണു ഫലം നിർണയിക്കുന്ന മറ്റു ഘടകങ്ങൾ. കന്നഡ വോട്ട്ബാങ്കിലെ ബിജെപി സ്വാധീനം കുറയ്ക്കാൻ കോൺഗ്രസ് ഇത്തവണ കൂടുതൽ ശ്രദ്ധിക്കും.
മുസ്‍ലിം ലീഗിന്റെ ശക്തിദുർഗങ്ങളാണു കാസർകോടും മഞ്ചേശ്വരവും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി, കാസർകോടിന്റെ തെക്കേയറ്റമായ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളാണ് എൽഡിഎഫിന്റെ ഉരുക്കുകോട്ടകൾ. കാഞ്ഞങ്ങാടും ഉദുമയും ഇടതിനൊപ്പമാണെങ്കിലും യുഡിഎഫും ഇവിടെ വോട്ട് പ്രതീക്ഷിക്കുന്നു.
15 വർഷം എംപിയായിരുന്ന പി.കരുണാകരൻ എൻഡോസൾഫാൻ, റെയിൽവേ, ആരോഗ്യമേഖല തുടങ്ങിയവയിൽ ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നു യുഡിഎഫ് ആരോപിക്കുന്നു. മൂന്നു തിരഞ്ഞെടുപ്പിനിടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് മാറ്റത്തിന്റെ സൂചനയായും കാണുന്നു.
2004ൽ ഒരു ലക്ഷത്തിലേറെയായിരുന്നു ഭൂരിപക്ഷമെങ്കിൽ 2014ൽ 6,921 മാത്രം. എന്നാൽ, 2016ലെ കണക്കെടുത്താൽ എൽഡിഎഫ് ഭൂരിപക്ഷം 72,539.