ADVERTISEMENT

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു പരമാവധി സംഭരണശേഷിയുടെ തൊട്ടടുത്തു നിൽക്കുമ്പോഴുള്ള ചങ്കിടിപ്പാണ് ഓരോ മനസ്സിലും. ഇടുക്കിയെ പിടിച്ചുകെട്ടാൻ സ്ഥാനാർഥികൾ ഇഞ്ചോടിഞ്ചു പൊരുതുമ്പോൾ തെളിയുന്നത് ഇതുവരെ കാണാത്ത സസ്പെൻസ്. അഭ്യൂഹങ്ങളുടെ കുടമാറ്റത്തോടെയാണ് ഇടുക്കിയിലെ തിരഞ്ഞെടുപ്പുരംഗം ഇത്തവണ ഉണർന്നത്. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കുമെന്നു ശക്തമായ പ്രചാരണമുണ്ടായി. ലോക്സഭയിലും നിയമസഭയിലും ഇടുക്കിയിൽനിന്നു കോൺഗ്രസ് പ്രതിനിധികളില്ലെന്ന ദുഷ്പേര് നീക്കാനും ഇടുക്കി തിരിച്ചുപിടിക്കാനും ഉമ്മൻ ചാണ്ടിയെത്തന്നെ കളത്തിലിറക്കണമെന്നായിരുന്നു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യം.

ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോൺഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയിൽ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ മത്സരിക്കുമെന്നായി അടുത്ത അഭ്യൂഹം. സ്വന്തം പാർട്ടി ജോസഫിന് കോട്ടയത്തു സീറ്റു നിഷേധിച്ചാലും വിജയസാധ്യത കണക്കിലെടുത്ത് ജോസഫ് ഇടുക്കിയിലെത്തുമെന്നും പ്രചാരണമുയർന്നു. എന്നാൽ, ജോസഫിന്റെ നീക്കങ്ങൾ ഫലം കണ്ടില്ല. സീറ്റ് കേരള കോൺഗ്രസി(എം)ന് അടിയറ വയ്ക്കാൻ കോൺഗ്രസ് ഒരുക്കവുമല്ലായിരുന്നു. തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീൻ കുര്യാക്കോസിന് ഒരവസരം കൂടി നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസ് തലപുകയ്ക്കുമ്പോൾ, കഴിഞ്ഞതവണ തകർപ്പൻ വിജയം നേടിയ ഇടതു സ്വതന്ത്രൻ ജോയ്സ് ജോർജിനെത്തന്നെ വീണ്ടും കളത്തിലിറക്കി എൽഡിഎഫ് പ്രചാരണം തുടങ്ങി. സ്ഥാനാർഥി നിർണയത്തിൽ ജോയ്സ് ജോർജിന്റെ പേരു മാത്രമാണ് എൽഡിഎഫിൽ ഉയർന്നതും.  സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ യുഡിഎഫിലുണ്ടായ അനിശ്ചിതത്വം തന്നെയാണ് എൻ‌ഡിഎയിലുമുണ്ടായത്. ബിഡിജെഎസിനു സീറ്റു നൽകിയെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം വൈകി. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഏറെ വൈകിയാണ് ബിഡിജെഎസ് സ്ഥാനാർഥിയായി ബിജു കൃഷ്ണനെ പ്രഖ്യാപിച്ചത്.  7 നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വിശാലമായ ഇടുക്കി മണ്ഡലം. 5 മണ്ഡലങ്ങൾ ഇടുക്കി ജില്ലയിലും 2 എണ്ണം എറണാകുളം ജില്ലയിലും. കഴിഞ്ഞതവണത്തെ തീപാറുന്ന പോരാട്ടത്തിൽ അരലക്ഷത്തിൽപരം വോട്ടുകൾക്കാണ് ജോയ്സ് വിജയിച്ചത്. അന്നും ഡീൻ തന്നെയായിരുന്നു എതിരാളി.

കർഷക ആത്മഹത്യകൾ, പ്രളയാനന്തര ഇടുക്കി

കഴിഞ്ഞ തവണ ‘കസ്തൂരിരംഗൻ’ കൊടുങ്കാറ്റായപ്പോഴാണ് എൽഡിഎഫ്, യുഡിഎഫിൽനിന്ന് ഇടുക്കിക്കോട്ട തിരിച്ചുപിടിച്ചത്. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ എത്തിയ ജോയ്സ് ജോർജിന്റെ പടയോട്ടത്തിൽ യുഡിഎഫ് കോട്ടകൾ തകർന്നടിഞ്ഞു. ഇടുക്കിയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ജോയ്സ് ജോർജ് പ്രധാനമായും ഇത്തവണ ചൂണ്ടിക്കാട്ടുന്നത്.  ഇടുക്കിക്കായി 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായി ജോയ്സും എൽഡിഎഫും അവകാശപ്പെടുന്നു. പ്രളയത്തിൽ തകർന്ന ഇടുക്കി ജില്ലയ്ക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതും പ്രചാരണരംഗത്ത് ഉന്നയിക്കുന്നു.

കഴിഞ്ഞ തവണ പ്രചാരണത്തിൽ കസ്തൂരിരംഗൻ വിഷയം ഉന്നയിച്ച ഇടതുനേതാക്കൾ, ഇത്തവണ ഈ വിഷയം വിസ്മരിച്ചത് സംശയങ്ങൾക്കിടയാക്കുന്നു എന്നാണ് യുഡിഎഫിന്റെ ആരോപണം. കസ്തൂരിരംഗൻ വിഷയത്തിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുന്നതും അവർ പ്രചാരണായുധമാക്കുന്നു. ഇടുക്കിയിൽ 2 മാസത്തിനിടെ 8 കർഷകർ ജീവനൊടുക്കിയതും കൃഷിവിളകളുടെ വിലത്തകർച്ചയും യുഡിഎഫ് ചർച്ചയാക്കുന്നു. കർഷക ആത്മഹത്യകളുണ്ടായിട്ടും സർക്കാർ നിർജീവമായെന്നും മൊറട്ടോറിയം വിഷയത്തിൽ കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിഞ്ഞില്ലെന്നും പ്രളയാനന്തര ഇടുക്കിക്കായി ഒന്നും ചെയ്തില്ലെന്നും അവർ ആരോപിക്കുന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാനാണ് എൻ‌ഡിഎയുടെ തീരുമാനം. കസ്തൂരിരംഗൻ വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികളും വോട്ടർമാർക്കു മുന്നിലെത്തിക്കും. കർഷക ആത്മഹത്യകൾക്കും ഉൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്കും പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് അവർ ആരോപിക്കുന്നു. ശബരിമല വിഷയം പ്രചാരണായുധമാക്കി പരമാവധി വോട്ടുകൾ നേടാനും ലക്ഷ്യമിടുന്നു.

അഭിമാനപ്രശ്നം,  അഗ്നിപരീക്ഷ

വൈദികർ രാഷ്ട്രീയത്തിൽ ഇടപെടുന്നതു വിലക്കിക്കൊണ്ടുള്ള ഇടുക്കി രൂപതാധ്യക്ഷന്റെ രഹസ്യ സർക്കുലർ ഇടതുപക്ഷത്തിനും ഹൈറേഞ്ച് സംരക്ഷണസമിതിക്കും ഫലത്തിൽ തിരിച്ചടിയായി. കൊട്ടാക്കമ്പൂർ ഭൂമി ഇടപാടിന്റെ പേരിൽ ജോയ്സ് ജോർജിനെതിരെയുള്ള ആരോപണങ്ങൾ തിരിച്ചടിയാകുമോ എന്ന് എൽഡിഎഫ് ഭയക്കുന്നു.  കോൺഗ്രസിലെ ഗ്രൂപ്പ് പോരും പാലംവലികളുമാണ് കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസിന്റെ പരാജയത്തിനിടയാക്കിയതെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾതന്നെ സമ്മതിക്കുന്നു.

പാലംവലി തുടർന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഇടുക്കിയിൽ കോൺഗ്രസ് നേതൃനിരയിലുള്ളവരുടെ തലകൾ ഉരുളുമെന്നു പാർട്ടി നേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പി.ജെ.ജോസഫാണ് യുഡിഎഫിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.  ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയ്ക്കിടയിലും ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽവീഴുമോയെന്ന ആശങ്ക എൻഡിഎക്കുണ്ട്.

രാഷ്ട്രീയ ചിത്രം

52 ഗ്രാമപഞ്ചായത്തുകളുള്ള ഇടുക്കി ജില്ലയിൽ എൽഡിഎഫിനാണു മുൻതൂക്കം. 27 എണ്ണത്തിന്റെയും സാരഥ്യം അവർക്കാണ്. എന്നാൽ, ആകെയുള്ള 8 ബ്ലോക്ക് പഞ്ചായത്തുകളിൽ 6 എണ്ണവും യുഡിഎഫിനാണ്. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 10 യുഡിഎഫിന്റെ കൈകളിൽ. ആകെയുള്ള രണ്ടു നഗരസഭകളുടെയും ഭരണം യുഡിഎഫിനുതന്നെ. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ 3 എണ്ണം എൽഡിഎഫിനും 2 എണ്ണം യുഡിഎഫിനുമാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ 5 എണ്ണവും എൽഡിഎഫിന്റെ കൈപ്പിടിയിലാണ്.

പോരാട്ടത്തിന്റെ  ഹൈറേഞ്ച്

കോൺഗ്രസിന്റെ ഉരുക്കുകോട്ടയെന്നാണ് ഇടുക്കി മണ്ഡലത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. ഇതുവരെയുള്ള 11 തിരഞ്ഞെടുപ്പുകളിൽ ഏഴിലും വിജയം കോൺഗ്രസിനായിരുന്നു. കേരളരാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളിൽ പലരും ഇടുക്കിയിൽ ‘അരക്കൈ’ നോക്കിയിട്ടുണ്ട്.  സി.എം.സ്റ്റീഫൻ, എം.എം.ലോറൻസ്, പി.ജെ.കുര്യൻ, സി.എ.കുര്യൻ, പാലാ കെ.എം.മാത്യു, എ.സി.ജോസ്, പി.സി.ചാക്കോ, പി.ജെ.ജോസഫ്, പി.ടി.തോമസ്, കെ.ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, എം.സി.ജോസഫൈൻ... നേതാക്കളുടെ പട്ടിക നീളുന്നു. മണ്ഡലം രൂപീകൃതമായ 1977 മുതലുള്ള ചരിത്രം ചികഞ്ഞാൽ, പോരാട്ടച്ചൂടു നിറ‍ഞ്ഞതായിരുന്നു ഓരോ തിരഞ്ഞെടുപ്പും എന്നു കാണാം.

77ൽ കോൺഗ്രസിലെ തലപ്പൊക്കമുള്ള നേതാവ് സി.എം.സ്റ്റീഫൻ ഇടുക്കിയിൽ തിളക്കമാർന്ന വിജയം നേടുമ്പോൾ, മണ്ഡലത്തിനു ലഭിച്ചത് ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയായിരുന്നു. മണ്ഡലം ആദ്യമായി ചുവപ്പണിഞ്ഞത് 80ൽ, എം.എം.ലോറൻസിലൂടെ (സിപിഎം) ആണ്. അന്ന് കോൺഗ്രസ് (യു), കേരള കോൺഗ്രസ് (എം) എന്നിവ ഇടതിനൊപ്പമായിരുന്നു.  മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ റെക്കോർഡ് കോൺഗ്രസ് നേതാവ് പി.ജെ.‌കുര്യന്റെ പേരിലാണ്. ‘കുര്യച്ചൻമാരുടെ’ പോരാട്ടമെന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ച 1984ലെ തിരഞ്ഞെടുപ്പിൽ പി.ജെ.കുര്യനും സിപിഐ നേതാവ് സി.എ.കുര്യനുമാണ് ഏറ്റുമുട്ടിയത്. 1,30,624 വോട്ടുകൾക്ക് പി.ജെ.കുര്യൻ, സി.എ.കുര്യനെ പരാജയപ്പെടുത്തി.  പാലാ കെ.എം.മാത്യുവും (കോൺഗ്രസ്) കേരള കോൺഗ്രസി(ജെ)നെ പ്രതിനിധീകരിച്ചിരുന്ന കെ.ഫ്രാൻസിസ് ജോർജും രണ്ടുതവണ തുടർച്ചയായി മണ്ഡലത്തിൽനിന്നു ജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com