നാം ഭാരതീയർ; ഇന്ത്യ നമ്മുടേത്
Mail This Article
ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനാ നിർമാണസഭയിൽ ചർച്ചകൾ നയിച്ച സമുന്നത നേതാക്കളും ഈ ഭരണതത്വ സംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു. രാജ്യനാമം ‘ഇന്ത്യ, അതായത് ഭാരത്’ എന്നു തീരുമാനിച്ചതും ഇതേ സഭയിലെ വിശദമായ, നീണ്ട ചർച്ചകളിലൂടെയാണ്.
ഇംഗ്ലിഷിൽ ഇന്ത്യയെന്നും ഹിന്ദിയിൽ ഭാരത് എന്നും മറ്റു ഭാഷകളിൽ രണ്ടും ഉപയോഗിക്കാം എന്നുമാണ് പൊതുവേ കരുതിപ്പോരുന്നത്. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്ന് ഇതാണ്: ഒരു രാജ്യത്തിനു പേരിടുന്നതിന്റെ മുഴുവൻ ഗൗരവവും ഉൾക്കൊണ്ട്, വേണ്ടത്ര സമയമെടുത്തും ബഹുതലങ്ങളിൽ ചർച്ചകൾ നടത്തിയും കണ്ടെത്തിയതാണ് ഈ പേര്. അതു മാറ്റുന്നതിലും അതേ ഗൗരവശ്രദ്ധയും വിശദചർച്ചയും ഉണ്ടാവേണ്ടതല്ലേ?
ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നുപയോഗിച്ചതാണ് ഇപ്പോൾ പേരുമാറ്റത്തിന്റെ സൂചനയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്ക, ഗ്രീസ്, ഇന്തൊനീഷ്യ യാത്രകൾ സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കൈപ്പുസ്തകങ്ങളിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക പേരാണ് ഭാരത് എന്ന് ജി20 പ്രതിനിധികൾക്കുള്ള ‘ഭാരത്: ദ് മദർ ഓഫ് ഡെമോക്രസി’ എന്ന ലഘുലേഖയുടെ ആമുഖത്തിൽ പറയുന്നുമുണ്ട്.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നു പ്രയോഗിച്ചു തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽവച്ച് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പ്രയോഗമുള്ള ക്ഷണക്കത്ത് പുറത്തുവന്നത്. ആർഎസ്എസ് മേധാവിയുടെ അഭിപ്രായം അതിവേഗം കേന്ദ്ര സർക്കാരിന്റെ തീരുമാനമായി മാറിയതും വിമർശിക്കപ്പെടുന്നു. ഇന്ത്യയെന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെങ്കിൽ അതിനു ഭരണഘടനാ ഭേദഗതി വേണം. ഇന്ത്യയെന്നത് ഒഴിവാക്കുന്നില്ല, ഭാരത് എന്നു പ്രയോഗിക്കുന്നുവെന്നു മാത്രം എന്നാണു സർക്കാരിന്റെ വാദമെങ്കിൽ, അതിലേക്കെത്തിച്ച തീരുമാനം ആരെടുത്തു എന്ന ചോദ്യമുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ കൈപ്പുസ്തകങ്ങളിലൂടെയും രാഷ്ട്രപതിയുടെ ക്ഷണക്കത്തിലൂടെയുമാണോ അത്തരമൊരു തീരുമാനം രാജ്യമറിയേണ്ടത്?
സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ മുൻപുണ്ടായിരുന്ന ഇന്ത്യയുടെ പിന്തുടർച്ചാദേശം ഏത് എന്ന ചോദ്യം ഉയർന്നിരുന്നതാണ്. ഇന്ത്യ എന്ന പേര് നാം സ്വീകരിച്ചതോടെ നാമാണ് പിന്തുടർച്ചക്കാരെന്നും പാക്കിസ്ഥാൻ വിഘടിച്ചുപോയവരാണെന്നുമുള്ള വാദത്തിനു സാധൂകരണം ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ചില വ്യക്തികൾ നൽകിയ പൊതുതാൽപര്യ ഹർജികൾ 2016ലും 2020ലും സുപ്രീം കോടതി തള്ളി. പേരുകൾ ഭരണഘടനാ സഭ ചർച്ചചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാൻ തക്കതായി സാഹചര്യത്തിൽ മാറ്റമില്ലെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത്. ഇപ്പോൾ സാഹചര്യത്തിൽ എന്തു മാറ്റമാണുള്ളത്?
തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നാണു പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കൾ ആരോപിക്കുന്നത്. ഒരു ‘കമാൻഡോ തീരുമാനം’പോലെ, ഇത്രയും തിടുക്കത്തിൽ ഒഴിവാക്കേണ്ടതാണോ രാജ്യനാമങ്ങളിലൊന്ന് എന്ന ചോദ്യവും ഉയരുന്നു. ഈ ധൃതി സംശയാസ്പദമാണെന്നും അതിലെ രാഷ്ട്രീയം വ്യക്തമാണെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഒരു നഗരത്തിന്റെയോ റെയിൽവേ സ്റ്റേഷന്റെയോ റോഡിന്റെയോ പേരുമാറ്റുന്നതുപോലെ അത്ര എളുപ്പത്തിലും വേഗത്തിലും ഏകപക്ഷീയവുമായാണോ ഒരു മഹാരാജ്യത്തിന്റെ പേരു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്?
ഈ മാസം ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പേരുമാറ്റത്തിനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. വിഭാവനം ചെയ്തവരുടെ സൂക്ഷ്‌മതയും ജനാധിപത്യബോധവും വ്യക്തമാക്കി വിശദചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രായോഗികരൂപംകൊണ്ട നമ്മുടെ രാജ്യനാമങ്ങളിലൊന്ന് ഒഴിവാക്കണമെന്ന് അഭിപ്രായമുണ്ടെങ്കിൽ അതിനു തീരുമാനത്തിന്റെ രൂപം നൽകുംമുൻപു പാർലമെന്റിലും പൊതുസമൂഹത്തിലും വിശദമായ ചർച്ച ഉണ്ടാവുകതന്നെവേണം. പേര് ഒരു സർക്കാരിന്റേതല്ല, രാജ്യത്തിന്റേതാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പേരുകളെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളിൽ ജനാധിപത്യസമീപനം പ്രതിഫലിക്കുകതന്നെ വേണം. അല്ലാതെയുള്ള നടപടി ഭരണഘടനാ ശിൽപികളുടെ വിവേകത്തെ ചോദ്യം ചെയ്യുന്നതുകൂടിയാണ്.
English Summary: Editorial about in the move to change the country's name